പ്രൈം അംഗത്വം (Reliance Jio Prime) നേടുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. ജിയോ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി 15 ദിവസം കൂടി നീട്ടിയ കമ്പനി സമ്മര്‍ സര്‍പ്രൈസ് (Summer Surprise) എന്ന പേരില്‍ മൂന്നുമാസം കൂടി അണ്‍ലിമിറ്റഡ് ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ്.

402 രൂപ മുടക്കിയാല്‍ ജൂലൈ വരെ ഉപയോക്താക്കള്‍ക്ക് ജിയോ 4ജി പരിധിയില്ലാതെ ഉപയോഗിക്കാനാകും എന്നതാണ് പുതിയ ഓഫറിന്റെ പ്രത്യേകത. 99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വമെടുത്ത ശേഷം 303 രൂപയ്ക്ക് (99+303= 402) മുകളിലുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാവുക.

സമ്മര്‍ ഓഫറിന് അര്‍ഹരാകുന്നവര്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലേക്ക് സൗജന്യമായി ജിയോ 4ജി ലഭ്യമാകും. പെയ്ഡ് ഓഫര്‍ കാലാവധി ആരംഭിക്കുന്നത് ജൂലൈ മാസത്തില്‍ ആയതിനാല്‍ ഇപ്പോള്‍ ചെയ്യുന്ന 303 രൂപ റീചാര്‍ജിന്റെ ആനുകൂല്യം ജൂലൈയിലാകും ലഭ്യമാകുക എന്ന് ജിയോ ഡീലര്‍ലര്‍മാര്‍ പറയുന്നു.

Read | ജിയോ പ്രൈം തീയതി നീട്ടി; ജൂലൈ വരെ സൗജന്യ ഓഫറിന് അവസരം

402 രൂപ റീചാര്‍ജില്‍ മൂന്ന് മാസത്തെ സമ്മര്‍ സര്‍പ്രൈസ് സൗജന്യവും നല്‍കിയ തുകയുടെ ഓഫറും (28 ദിവസം) ഉള്‍പ്പെടെ നാല് മാസത്തേക്ക് ജിയോ അണ്‍ലിമിറ്റഡ് ഉപയോഗം ലഭിക്കുമെന്നര്‍ത്ഥം.

303 രൂപ റീചാര്‍ജില്‍ 28 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം 1 ജിബി എന്ന കണക്കില്‍ 28 ജിബിയാണ് ലഭിക്കുക. അതായത്, ഏപ്രില്‍ 15ന് മുമ്പ് 303 രൂപ റീചാര്‍ജ് ചെയ്യുന്ന പ്രൈം അംഗത്തിന് ജൂലൈ 28 വരെ അണ്‍ലിമിറ്റഡ് ഓഫര്‍ ലഭിക്കും.

നിലവില്‍ ജൂണ്‍ വരെയുള്ള സമ്മര്‍ ഓഫര്‍ കാലാവധിയില്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറിലേതിന് സമാനമായി പ്രതിദിനം 1 ജിബി വീതമാകും 4ജി ഡാറ്റ ലഭ്യമാകുക എന്നാണ് വിവരം. 499 രൂപയുടെ പ്രതിദിനം 2 ജിബി ലഭ്യമാകുന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മര്‍ ഓഫര്‍ കാലാവധിയില്‍ കൂടുതല്‍ ഡാറ്റ ലഭിക്കാന്‍ സാധ്യതയില്ല.

Read | ജിയോ പ്രൈം ഓഫറുകള്‍: അറിയേണ്ടതെല്ലാം

എന്നാല്‍ പെയ്ഡ് കാലാവധി ആരംഭിക്കുന്ന ജൂലൈയില്‍ 499 രൂപ റീചാര്‍ജിന്റെ ആനുകൂല്യം ലഭിക്കും. കൂടുതല്‍ കാലാവധിയില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന 999 രൂപ മുതലുള്ള മറ്റു റീചാര്‍ജുകള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്കും ജൂലൈ മുതല്‍ അതാത് ഓഫറുകളുടെ ആനുകൂല്യമാകും ലഭിക്കുക.

സമ്മര്‍ സര്‍പ്രൈസ് തങ്ങളുടെ പുതിയ സര്‍പ്രൈസ് ഓഫറുകളില്‍ ഒന്നുമാത്രമാണെന്നാണ് മുകേഷ് അംബാനി പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ആഘോഷവേളകളിലും മറ്റും കൂടുതല്‍ ഓഫറുകള്‍ അവതരിപ്പിക്കുമെന്നും റിലയന്‍സ് മേധാവി പറയുന്നു. 

അതേസമയം, ഏപ്രില്‍ 15ന് മുമ്പ് പ്രൈം അംഗത്വം നേടാത്തവര്‍ക്ക് തരംതാഴ്ത്തലും ഡിസ്‌കണക്ഷനും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ഏപ്രില്‍ 15ന് മുമ്പ് 303 രൂപ മുതലുള്ള റീചാര്‍ജ് ചെയ്യുന്നവര്‍ക്കേ സമ്മര്‍ സര്‍പ്രൈസ് ഓഫറും ലഭിക്കുകയുള്ളൂ. 

ഏപ്രില്‍ 15ന് മുമ്പ് പ്രൈം അംഗത്വം നേടിയാലും 303 മുതലുള്ള റീചാര്‍ജ് ചെയ്യുന്നത് ഈ കാലാവധിക്ക് ശേഷമാണെങ്കില്‍ അതാത് ഓഫറിന്റെ ആനുകൂല്യം മാത്രമേ ലഭിക്കൂ.