ന്യൂഡല്‍ഹി: ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) വെട്ടിക്കുറയ്ക്കാനുള്ള ട്രായിയുടെ പദ്ധതിയെ തള്ളി ഐഡിയ സെല്ലുലാര്‍ ഉടമ കുമാര്‍ മംഗളം ബിര്‍ല. ഇന്റര്‍കണക്റ്റ് യുസേജ് ചാര്‍ജ് എന്നത് രണ്ട് സേവനദാതാക്കള്‍ തമ്മിലുള്ള വെറുമൊരു ധാരണമാത്രമാണെന്നും ഐയുസി കുറച്ചാല്‍ ഫോണ്‍കോള്‍ ചാര്‍ജ് കുറയും എന്ന് പറയുന്നത് വെറും മിഥ്യാധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മയ്ക്ക് അയച്ച കത്തില്‍ കുമാര്‍ മംഗളം ബിര്‍ള ആവശ്യപ്പെട്ടു. ഈ തിരുമാനം വിപണിയിലെത്തിയ 'പുതിയ ഓപ്പറേറ്റര്‍ക്ക്' മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്ന് റിലയന്‍സ് ജിയോയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഗ്രാമീണ മേഖലകളിലേക്ക് സേവനവും പുതിയ സാങ്കേതിക വിദ്യകളുമെത്തിക്കാനുള്ള നിക്ഷേപത്തെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ജിയോയുടെ വരവ് ഉണ്ടാക്കിയ പ്രതിസന്ധി മറ്റ് ടെലികോം കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്. ജിയോയുടെ വരവിന് പിന്നാലെ ഇന്റര്‍ കണക്റ്റ് യൂസേജ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്. ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നു. ഈ രംഗത്തെ തങ്ങളുടെ വലിയ നിക്ഷേപം ചൂണ്ടിക്കാട്ടിയാണ് മൂന്ന് കമ്പനികളും ട്രായിയെ സമീപിച്ചത്. എന്നാല്‍ ഇരട്ടിയോളം ഐയുസി വര്‍ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം ട്രായ് തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഐയുസി വീണ്ടും കുറക്കാനുള്ള നടപടികളുമായി ട്രായ് രംഗത്ത് വന്നത്. 

ഐഡിയയ്ക്കും, വോഡാഫോണിനും, എയര്‍ടെലിനുമായി രാജ്യത്ത് 60% ഓഹരിയാണുള്ളത്. ഐയുസി വര്‍ധിപ്പിക്കുകയാണെങ്കില്‍ ജിയോയ്ക്ക് അത് ആഘാതമാവും. ജിയോ മറ്റ് കമ്പനികള്‍ക്ക് കൂടുതല്‍ തുക ഐയുസിയായി നല്‍കേണ്ടിവരും. എന്നാല്‍ ഐയുസി കുറയ്ക്കുകയാണെങ്കില്‍ അതിന്റെ ഗുണം റിലയന്‍സ് ജിയോയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. 

ഐയുസി നിരക്ക് തീരുമാനിക്കുന്നത് എന്ത് മാനദണ്ഡത്തിലാണെന്ന് ട്രായ് വ്യക്തമാക്കണമെന്നും ട്രായിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും ഇതിനോടകം തന്നെ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഐയുസിയുടെ കാര്യത്തില്‍ ട്രായ് ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ല.