മുംബൈ: രാജ്യത്തെ 4ജി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം (Reliance Jio Prime) നേടുന്നതിനുള്ള കാലാവധി നീട്ടി. ഏപ്രില്‍ ഒന്നു മുതല്‍ പെയ്ഡ് സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. 

ഏപ്രില്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15ന് മുമ്പ് അംഗത്വം നേടി 303 രൂപ മുതലുള്ള റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ ഉപയോഗം തുടരാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Read | 402 രൂപയ്ക്ക് നാലു മാസം ജിയോ അണ്‍ലിമിറ്റഡ് ഓഫര്‍

കഴിഞ്ഞ ആറുമാസമായി സൗജന്യമായാണ് റിലയന്‍സ് ജിയോ 4ജി സേവനം നല്‍കിയിരുന്നത്. ആദ്യ മൂന്നുമാസം പരിധിയില്ലാതെയും ജനുവരി മുതല്‍ പ്രതിദിനം 1ജിബി പരിധിയോടെയും. ഏപ്രില്‍ ഒന്നുമുതല്‍ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചിരുന്നു. 99 രൂപ നല്‍കി ഒരു വര്‍ഷത്തേക്ക് ജിയോ പ്രൈം അംഗമാകുന്നവര്‍ക്ക് റീചാര്‍ജുകളില്‍ വമ്പന്‍ ഓഫറുകള്‍ ലഭിക്കുന്ന രീതിയിലായിരുന്നു കമ്പനി പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നത്.

19 രൂപയ്ക്ക് ഒരു ദിവസത്തെ കാലാവധിയില്‍ 200 എംബി 4ജി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ മുതല്‍ 9,999 രൂപയ്ക്ക് 360 ദിവത്തേക്ക് 750 ജിബി 4ജി ഡാറ്റ വരെ ലഭിക്കുന്ന പ്ലാനുകളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. 303 രൂപയ്ക്ക് പ്രതിദിനം 1ജിബി വീതം 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാനായിരുന്നു ജിയോ ഓഫറുകളില്‍ പ്രധാനം. 499 രൂപയ്ക്ക് പ്രതിദിനം 2 ജിബി ലഭിക്കുന്ന പ്ലാനുമുണ്ട്.

Read | ജിയോ പ്രൈം ഓഫറുകള്‍: അറിയേണ്ടതെല്ലാം

പ്രൈം അംഗമാകാത്തവര്‍ക്ക് വളരെ കുറഞ്ഞ ഡാറ്റ മാത്രമേ ലഭിക്കുകയുള്ളൂ. ജിയോ പ്രൈം അംഗമാകുന്നവര്‍ അതോടൊപ്പം ഈ റീചാര്‍ജുകളില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രതിമാസം ഈ റീചാര്‍ജ് ചെയ്ത് ഉപയോക്താക്കള്‍ക്ക് ഓഫര്‍ നേടാം. 

എന്നാല്‍, 303 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ജൂലൈ വരെ ജിയോ 4ജി സൗജന്യമായി ലഭിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജിയോ സമ്മര്‍ സര്‍പ്രൈസ് (Summer Surprise) എന്ന പേരിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read | പ്രൈം അംഗമായില്ലെങ്കില്‍ ഓഫറുകള്‍ എങ്ങനെ?

ഏപ്രില്‍ 15ന് മുമ്പ് ജിയോ പ്രൈം അംഗത്വമെടുത്ത് 303 രൂപ മുതലുള്ള ഓഫറുകളില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് മൂന്നുമാസം കൂടി സൗജന്യ ഉപയോഗം തുടരാം. നിലവില്‍ ജിയോ പ്രൈം അംഗത്വം നേടിയിട്ടുള്ളവര്‍ക്ക് മറ്റൊന്നും ചെയ്യാതെ തന്നെ ജൂലൈ വരെ സൗജന്യം ലഭ്യമാകും.

നിലവില്‍ 7.2 കോടി ഉപയോക്താക്കള്‍ ജിയോ പ്രൈം അംഗത്വം നേടിക്കഴിഞ്ഞെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. അംഗത്വം നേടാനാവാതെ പോയവര്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത് എന്നും കമ്പനി അറിയിച്ചു.