കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 49 രൂപ വില വരുന്ന പുതിയ ഡാറ്റാപ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇന്ത്യയെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഭോക്തൃ രാജ്യമാക്കിമാറ്റാനുള്ള ഉദ്യമത്തില്‍ പങ്കാളികളാവുക എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ജിയോ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്‌സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 

ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 28 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളും അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കുന്ന 98 രൂപയുടെ മറ്റൊരു പ്ലാന്‍ ജിയോ അവതരിപ്പിച്ചിരുന്നു.

ജിയോയുടെ നിലവിലുള്ള എല്ലാ പ്രതിദിനം ഒരു ജിബി ലഭിക്കുന്ന പാക്കുകളും ഒന്നര ജിബി പാക്ക് ആയി  വര്‍ധിപ്പിച്ചു. നിലവിലുള്ള എല്ലാ 1.5 ജിബി പാക്കുകളും രണ്ട് ജിബി പാക്ക് ആയി  ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ പ്ലാനുകള്‍ക്ക് 50 രൂപ കുറവും ഡാറ്റാ ഇനത്തില്‍ 50  ശതമാനം വര്‍ധനവുമാണ് വിവിധ ജിയോ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.