ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ് രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്‍കുന്നത്. 

42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിവയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭിക്കും. കൂടാതെ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ  ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയും ആപ്പ് വഴിയുമുള്ള 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭിക്കും. 

ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ബിഎസ്എന്‍എല്‍ അടുത്തിടെ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. 71ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഫ്രീഡം ഓഫറിന് ശേഷം ബിഎസ്എന്‍എല്‍ നല്‍കുന്ന പ്രത്യേക ഓഫറാണ് വിജയ്. 

സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇരട്ടി ഡാറ്റയാണ് ഫ്രീഡം ഓഫറില്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നത്. കൂടാതെ സിക്‌സര്‍ എന്നപേരില്‍ 60 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസേന 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്ന 666 രൂപയുടെ ഓഫറും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നു.