ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ 4 ജി വോള്‍ടി സേവനങ്ങള്‍ താമസിയാതെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവയുടെ വാക്കുകള്‍ ഉദ്ധരിച്ച് അള്‍ട്രാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

'ബിഎസ്എന്‍എല്‍ വൈകാതെ 4 ജി സേവനങ്ങള്‍ ആരംഭിക്കും. 2017-18 സാമ്പത്തിക വര്‍ഷം തന്നെ 4 ജി നെറ്റ്‌വര്‍ക്ക് വഴി വോയ്‌സ് കോള്‍ സൗകര്യം സാധ്യമാവുന്ന വോള്‍ടി സേവനത്തിനും തുടക്കമിടും'. അനുപം ശ്രീവാസ്തവ പറഞ്ഞു. 

മറ്റാരും നല്‍കുന്നതിനേക്കാള്‍ മികച്ച താരിഫുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകര്‍ഷകമായ താരിഫ് പ്ലാന്‍ ഓഫറുകളിലൂടെ മറ്റു ടെലികോം കമ്പനികളുമായി  മികച്ച രീതിയില്‍ തന്നെ മത്സരിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുന്നുണ്ട്. എന്നാല്‍ 4ജി സേവനങ്ങള്‍ ലഭ്യമല്ല എന്നതാണ് ബിഎസ്എന്‍എലിനെ പിന്നിലാക്കുന്നത്. 

നിലവില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വലിയ ശ്രമങ്ങളാണ് ബിഎസ്എന്‍എലിന്റെ ഭാഗത്ത് നിന്നുള്ളത്. 4ജി സേവനങ്ങള്‍ക്കായി 7 മെഗാഹെര്‍ട്‌സിന്റെ എയര്‍വേവ് ലഭ്യമാക്കണമെന്ന് ബിഎസ്എന്‍എല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ 5ജി സേവനങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ആവശ്യം. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ശക്തമാക്കുന്നതിനായി 100 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.