കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ വലിയ നഷ്ടം വരുത്തിവെച്ച റിലയന്‍സ് ജിയോയെ നേരിടുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ചയാണ് മുന്‍നിര ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്‍ മുംബൈയില്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ അഥവാ വോള്‍ടി (VoLTE) സേവനത്തിന് തുടക്കമിട്ടത്. ടെലികോം രംഗത്തെ മത്സരം മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്ന് വേണം കരുതാന്‍. ജിയോയെ നേരിടാനായി കൈകോര്‍ക്കുന്ന ഐഡിയയും വോഡഫോണും എയര്‍ടെലിനെ പോലെ തന്നെ വോള്‍ടി സേവനവുമായി രംഗത്തെത്താനും സാധ്യതയേറെയാണ്. 

4ജി നെറ്റ് വര്‍ക്കുകള്‍ വഴി വോയ്‌സ് കോള്‍ സാധ്യമാക്കുന്ന പുതിയ സാങ്കേതിക സംവിധാനമാണ് വോള്‍ടി എന്നത്. നിലവില്‍ വോള്‍ടി സേവനം നല്‍കുന്ന ടെലികോം കമ്പനി റിലയന്‍സ് ജിയോ മാത്രമാണ്. ജിയോയുടെ വോള്‍ടി സേവനങ്ങള്‍ മാതൃകയാക്കിത്തന്നെയാവും എയര്‍ടെലിന്റെയും പ്രവര്‍ത്തനം.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും വോള്‍ടി സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് എയര്‍ടെല്‍ പദ്ധതിയിടുന്നത്. വോള്‍ടി സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിച്ചുകൊണ്ടുള്ളതും പരിമിതികള്‍ മറികടക്കുന്നതുമായ നീക്കങ്ങളായിരിക്കും ഇനി എയര്‍ടെലിന്റെ ഭാഗത്ത് നിന്നുണ്ടാവുക. വിവിധ ഡിവൈസ് പാര്‍ട്‌നര്‍മാരുമായി എയര്‍ടെല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുമുണ്ട്. 

അതേസമയം മുംബൈ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്മാര്‍ട്‌ഫോണുകളിലും ഇപ്പോള്‍ വോള്‍ടി ലഭ്യമാവില്ല. ആപ്പിള്‍ ഉപകരണങ്ങളിലും, സാംസങ്, ഷവോമി, ജിയോണി, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ചില സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ മാത്രമാണ് എയര്‍ടെല്‍ വോള്‍ടി സേവനം ലഭ്യമാവുക. airtel.in/volte എന്ന ലിങ്കില്‍ നിന്നും നിങ്ങളുടെ ഫോണ്‍ ഈ കൂട്ടത്തിലുണ്ടോ എന്ന് നോക്കാവുന്നതാണ്. 

രാജ്യമെമ്പാടും 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ടെലികോം കമ്പനികള്‍ ഇനി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. 4ജി സേവനം ലഭ്യമല്ലെങ്കില്‍ 3ജി 2ജി നെറ്റ് വര്‍ക്കുകളില്‍ ഫോണ്‍കോള്‍ സാധ്യമാവുമെന്നാണ് എയര്‍ടെല്‍ ഉറപ്പ് തരുന്നത്. തടസം കൂടാത്ത നെറ്റ് വര്‍ക്ക് ഇതുവഴി എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായും 4ജി നെറ്റ് വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ജിയോയെ നേരിടണമെങ്കില്‍ 4ജിയിലേക്ക് പെട്ടെന്നൊരു മാറ്റം എയര്‍ടെലിന് അനിവാര്യമാണ്. 

എയര്‍ടെല്‍ നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി ജിയോ നല്‍കുന്ന വമ്പന്‍ ഡാറ്റാ ഓഫറുകളാണ്. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്കും പ്രീപെയ്ഡ് കണക്ഷനുകള്‍ക്കും ജിയോ ചുരുങ്ങിയ വിലയില്‍ വിലയ അളവില്‍ ഡാറ്റ വാഗ്ദാനം ചെയ്യുമ്പോള്‍ ആ വെല്ലുവിളി ഏത് രീതിയില്‍ മറ്റ് ടെലികോം കമ്പനികള്‍ നേരിടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.