ജിയോയുടെ വെല്ലുവിളി മറികടക്കാന്‍ എയര്‍ടെല്‍ പുതിയ ഓഫര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് എയര്‍ടെല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഓഫറെന്നാണ് സൂചനകള്‍.

ടെലികോം റെഗുലേറ്ററി അതോറി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചെങ്കിലും തൊട്ടുപിന്നാലെ 'ധന്‍ ധനാ ധന്‍' എന്ന പേരില്‍ അടുത്ത ഓഫര്‍ അവതരിപ്പിച്ചിരുന്നു. 99 രൂപ പ്രൈം അംഗത്വം എടുത്തവര്‍ക്ക് 309 രൂപയ്ക്ക് 84 ദിവസം ഒരു ജിബി 4ജി ഡാറ്റ വീതവും 509 രൂപയ്ക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനെതിരെ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ട്രായുടെ നിര്‍ദേശം മറികടക്കാനുള്ള ജിയോയുടെ തന്ത്രമാണ് ഓഫറെന്നാണ് കമ്പനികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച പരാതിയില്‍ തീരുമാനമുണ്ടാകുന്നതിനു മുമ്പേ വിപണിയിലെ 'യുദ്ധ'ത്തിനും എയര്‍ടെല്‍ തുടക്കം കുറിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

399 രൂപ പ്ലാനില്‍ 70 ദിവസത്തേക്ക് 1 ജിബി ഡാറ്റ ഫെയര്‍ യൂസേജ് പോളിസിയില്‍ 70 ജിബി 4ജി ഡാറ്റയാകും എയര്‍ടെല്‍ നല്‍കുക. ഇതോടൊപ്പം പരിധിയില്ലാത്ത കോളും ഉണ്ടാകുമെന്നാണ് ടെലികോം വിദഗ്ധര്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

നിലവില്‍, 345 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ വീതം നല്‍കുന്ന ഓഫര്‍ എയര്‍ടെല്ലില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ 500 എംബി പകലും 500 എംബി രാത്രിയും (അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 6 വരെ) ലഭിക്കുന്ന രീതിയിലാണ് ഓഫര്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, കോള്‍ ചെയ്യുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങളുണ്ട്.