ന്യൂഡല്‍ഹി: എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 60 ജിബി ഡാറ്റ സൗജന്യമായി നേടാന്‍ ഒരു അവസരം. എര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് മാസം 10 ജിബി ഡാറ്റ വീതം ആറ് മാസത്തേക്ക് ലഭിക്കുക. നേരത്തെ ഇതേ ഓഫര്‍ മൂന്ന് മാസത്തേക്ക് എയര്‍ടെല്‍ നല്‍കിയിരുന്നു. ഇതേ ഓഫര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

മൈ എയര്‍ടെല്‍ ആപ്പില്‍ എയര്‍ടെല്‍ ടിവി ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഡാറ്റ സൗജന്യമായി ലഭിക്കുമെന്ന സന്ദേശം കാണാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഈ പാക്ക് ആക്റ്റിവേറ്റ് ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് അധിക ഡാറ്റ ലഭിക്കുകയുള്ളൂ. ഇറോസ് നൗ, സോണി ലൈവ്, യൂട്യൂബ്, ഡെയ്‌ലി മോഷന്‍ എന്നിവയ്ക്കും എയര്‍ടെല്‍ ടിവി ആപ്പില്‍ ഓഫറുകളുണ്ട്.  

റിലയന്‍സിന്റെ മൈ ജിയോ ആപ്ലിക്കേഷന്റെ ശൈലി തന്നെയാണ് എയര്‍ടെല്‍ ഇതിലും മാതൃകയാക്കുന്നത്. കമ്പനി നല്‍കുന്ന ഡാറ്റ കമ്പനിയുടെ തന്നെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഉപയോക്താവിനെ നിര്‍ബന്ധിതരാക്കുന്ന രീതിയാണിത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വലിയ വളര്‍ച്ചയാണ് രാജ്യത്തെ ഡാറ്റ ഉപയോഗത്തില്‍ ഉണ്ടായത്. എയര്‍ടെല്‍ ഉപയോക്താവ് നേരത്തെ മാസം കുറഞ്ഞത് 123 എംബിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1ജിബി കടന്നിട്ടുണ്ട്.