ന്യൂഡല്‍ഹി: 2017 ജനുവരി മാസത്തിലെ  ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡില്‍ റിലയന്‍സ് ജിയോ നാലാംസ്ഥാനത്ത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്-TRAI) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

എയര്‍ടെല്‍ ആണ് ജനുവരിയിലെ 4ജി ഡൗണ്‍ലോഡില്‍ ഏറ്റവും വേഗതയുള്ള നെറ്റ്‌വര്‍ക്ക്. ഐഡിയയും വൊഡാഫോണുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

ജനുവരിയില്‍ തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് ഡൗണ്‍ലോഡ് സ്പീഡില്‍ വന്‍ ഇടിവാണ് ജിയോ രേഖപ്പെടുത്തിയിരിക്കുന്നത്. 18.146 എംബി പെര്‍ സെക്കന്‍ഡില്‍ (Mbps) നിന്ന് 8.345 Mbps ആയാണ് ജിയോയുടെ സ്പീഡ് കുറഞ്ഞിരിക്കുന്നത്. 

Graph

അതേസമയം, 4.447 Mbpsല്‍ നിന്ന് 11.862 Mbpsലേക്ക് വന്‍ കുതിപ്പാണ് ഒന്നാംസ്ഥാനത്തുള്ള എയര്‍ടെല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഡിയയും മികച്ച നേട്ടമാണ് ജനുവരിയില്‍ ഉണ്ടാക്കിയത്. 5.943 Mbpsല്‍ നിന്ന് 10.562 Mbps.

ഡിസംബറില്‍ 9.666 Mbps ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡ് ഉണ്ടായിരുന്ന വൊഡാഫോണ്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. 10.301 Mbps ആണ് വൊഡാഫോണിന്റെ ജനുവരിയിലെ സ്പീഡ്.

ട്രായ് ഡാറ്റ പ്രകാരം 4ജി അപ്‌ലോഡ് സ്പീഡില്‍ ജനുവരി മാസത്തില്‍ വൊഡാഫോണും (5.696 Mbps) ഐഡിയയുമാണ് (5.631 Mbps) മുന്നില്‍. എയര്‍ടെലിന്റെ അപ്‌ലോഡ് സ്പീഡ് ഡിസംബറിലെ 2.777 Mbpsല്‍ നിന്ന് 4.718 Mbps ആയപ്പോള്‍ ജിയോയുടെ വേഗത 3.262ല്‍ നിന്ന് 2.276 ആയി കുറഞ്ഞു.