രാജ്യത്തെ ടെലികോം രംഗത്ത് ജിയോ ഉയര്‍ത്തിയ വെല്ലുവിളി അത്ര ചെറുതല്ല.മറ്റ് മുന്‍നിര ടെലികോം കമ്പനികളെയാകെ അനിശ്ചിതത്വത്തിലാക്കാന്‍ ജിയോയുടെ വരവിന് സാധിച്ചു.

ജിയോയില്‍ വമ്പന്‍ ഓഫറുകളുമായി മുന്നോട്ടു പോകാനുള്ള റിലയന്‍സിന്റെ തീരുമാനം ടെലികോം രംഗത്ത് വലിയ മത്സരത്തിനും മാറ്റത്തിനും വഴിവെച്ചിരിക്കുകയാണ്. ഐഡിയയും വോഡാഫോണും തമ്മിലുള്ള ലയനം അതിന് ഉത്തമ ഉദാഹരണമാണ്. 

ജിയോ പ്രൈം അംഗ്വത്വമെടുക്കുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി (മാസം 30 ജിബി) ഡാറ്റ ഉപയോഗവും പരിധിയില്ലാത്ത കോളുകളും ഓഫര്‍ ചെയ്യുന്ന 303 രൂപയുടെ പ്ലാന്‍ അടുത്തിടെയാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. കൂടാതെ വലിയ സൗജന്യങ്ങള്‍ നല്‍കുന്ന മറ്റ് പ്ലാനുകളും ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഇതോടെയാണ് പുതിയ താരിഫ് പ്രഖ്യാപനങ്ങളുമായി എയര്‍ടെല്‍ രംഗത്ത് വന്നത്. 

Sunil Bharti Mittal
Economic Times

 

കച്ചകെട്ടിയിറങ്ങി എയര്‍ടെല്‍

ഒന്നിച്ച് നിന്ന് ജിയോയെ പ്രതിരോധിക്കാനാണ് വോഡാഫോണും ഐഡിയയും തീരുമാനിച്ചതെങ്കില്‍, ഒറ്റക്ക് നിന്ന് തന്നെ ജിയോയെ ശക്തമായി പ്രതിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു എയര്‍ടെല്‍. 

എയര്‍ടെല്‍ റോമിങ് ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നു. കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയ്ക്ക് ഇനി റോമിങ് ചാര്‍ജ് ഇന്ത്യലെവിടെയും ഈടാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക റോമിങ് നിരക്കുകള്‍ കൂടാതെ ഇന്ത്യയിലെവിടെയും കോള്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യ മൊരുക്കിയിരിക്കുകയാണ് എയര്‍ടെല്‍. 

വെറും 145 രൂപയ്ക്ക് ഒരുമാസത്തേക്ക് 14 ജിബി 4ജി/2ജി ഇന്റര്‍നെറ്റ് ഡാറ്റാ, 147 രൂപയ്ക്ക് ഒരു മാസത്തേതക്ക് 3 ജിബി ഡാറ്റ തുടങ്ങിയ വമ്പന്‍ ഓഫറുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 145 രൂപയുടെ ഓഫറില്‍ സൗജന്യ ലോക്കല്‍ എസ്ടിഡി എയര്‍ടെല്‍ കോളുകളും ലഭിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്‌പെഷ്യല്‍ ഓഫറുകളായാണ് ഇത്തരം വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ നല്‍കിവരുന്നത്

അന്തര്‍ദേശീയ കോളുകളുകള്‍ക്കും ഡാറ്റ ഉപയോഗത്തിനും പുതിയ റോമിങ് പാക്കേജും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്തര്‍ദേശീയ കോളുകളുടെ നിരക്ക് 90 ശതമാനം വരെ കുറച്ചിട്ടുണ്ട്. മിനിട്ടിന് മൂന്ന് രൂപ നിരക്കില്‍ അന്തര്‍ദേശീയ കോളുകള്‍ ചെയ്യാനാവും. ഒരു എംബിയ്ക്ക് മൂന്ന് രൂപ നിരക്കില്‍ അന്തര്‍ദേശീയ റോമിംഗ് ഡാറ്റ ഉപയോഗിക്കാം.

ടെലികോം കമ്പനിയായ ടെലിനോറിനെ സ്വന്തമാക്കാനുള്ള തീരുമാനവും ഈ പോരാട്ടത്തിന്റെ ഭാഗം തന്നെ. 

Vodafone idea merger

വോഡഫോണ്‍ ഐഡിയ ലയനം

ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള വോഡഫോണ്‍ ഇന്ത്യയും തൊട്ടു പിന്നിലുള്ള ഐഡിയ സെല്ലുലാറും ലയിക്കുന്നകാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ലയനം സാധ്യമായാല്‍ 39 കോടി ഉപയോക്താക്കളെ സ്വന്തമാക്കി എയര്‍ടെല്ലിനെയും കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി അത് മാറും. അതേസമയം സൗജന്യ നിരക്കുകളുമായി ഇരുകമ്പനികളും രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.