സ്മാർട്ട് ഫോണുകളുടെ ഈ വിളയാട്ട കാലത്ത്  പ്രചാരമേറി വരുന്ന ഒരു സംഗതിയാണ് ക്വിക്ക് റെസ്പോൺസ് കോഡ് എന്ന ക്യുആർ (QR Code) കോഡുകൾ. ഒരു കാലത്ത് ഏറെ പ്രചാരത്തിലിരുന്ന  ബാർകോഡുകളുടെ സ്ഥാനം ഇന്ന്  ക്യുആർ കോഡുകൾ ​കൈയടക്കിയിരിക്കുകയാണ്. കട്ടി കൂടിയും കുറഞ്ഞതുമായ കുത്തനെയുള്ള ഒരു കൂട്ടം കറുത്ത വരകളുടെ ചെറിയ ഡാറ്റാ ലോകത്ത് നിന്നും സമചതുര പ്രതലത്തിൽ ചിന്നിച്ചിതറിക്കിടക്കുന്ന  കറുപ്പ് കള്ളികളിലേക്ക് ക്യു ആർ കോഡുകളുടെ രൂപത്തിൽ  കോഡിങ്ങിൻറെ  ലോകം വ്യാപിക്കുകയാണ്. 

കുത്തനെയുള്ള സമാന്തര രേഖകളുടെ കട്ടി കൂട്ടിയും കുറച്ചും, അവയ്ക്കിടയിലെ അകലം വ്യത്യാസപ്പെടുത്തിയും വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ബാർകോഡിൽ നിന്നും പ്രത്യേക പ്രകാശ രശ്മികളുടെ സഹായത്താലാണ് ഡാറ്റ വേർതിരിച്ചെടുത്തിരുന്നത്. ഇത്തരം കോഡുകൾ 1-ഡി  കോഡുകൾ അഥവാ ഏകമാന കോഡുകളുടെ ഇനത്തിൽപ്പെട്ടവയാണ്. ബാർകോഡുകളെ അപേക്ഷിച്ചു കൂടുതൽ ഡാറ്റ ഉൾക്കൊള്ളിക്കാൻ കഴിയുന്നവയാണ് മെട്രിക്സ് കോഡുകൾ എന്നറിയപ്പെടുന്ന 2-ഡി  കോഡുകൾ അഥവാ ദ്വിമാന കോഡുകൾ.  മെട്രിക്സ് കോഡുകൾക്കിടയിലെ താരമാണ് ക്യുആർ കോഡ്. 

ബാർകോഡുകൾ

1960 കളിൽ വികസിപ്പിക്കപ്പെട്ട ബാർകോഡ് രീതി 1974 ലാണ് പ്രചാരത്തിലായത്. സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന  ബാർകോഡുകൾ ആദ്യ കാലത്ത് ഫ്ലൂറസെന്റ് മഷിയുടെ സഹായത്താലാണ് തയാറാക്കിയിരുന്നത്. ലീനിയർ ബാർകോഡുകൾ അല്ലെങ്കിൽ 1-ഡി  കോഡുകൾ എന്നറിയപ്പെട്ടിരുന്ന ആദ്യ കാല ബാർകോഡുകളിലെ അപേക്ഷിച്ച്  ഒരു  യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ കൂടുതൽ ഡാറ്റ ഉൾകൊള്ളാൻ കഴിയുന്ന മെട്രിക്സ് കോഡുകളിലെ ആദ്യ ഇനമായ ആസ്ടെക് കോഡ് 1995ലാണ് വികസിപ്പിച്ചെടുത്തത്. ബാർകോഡിൽ നിന്നും വ്യത്യസ്തമായി തിരശ്ചീനമായി ഡാറ്റ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം ലംബമായും ഒരേ പ്രതലത്തിൽ  ഡാറ്റ ഉൾകൊള്ളാൻ കഴിയുന്നതിനാലാണ് ക്യുആർ കോഡുകൾ ദ്വിമാന കോഡുകളുടെ ഗണത്തിൽ പെടുന്നത്.

ക്യുആർ കോഡിന്റെ ഉത്ഭവം 

QR Code

ദ്വിമാന/മെട്രിക്സ്  കോഡുകളിൽ ഏറ്റവും പ്രചാരത്തിലുള്ള ക്യുആർ കോഡിന്റെ ഉത്ഭവം ജപ്പാനിൽ നിന്നാണ്. ജപ്പാനിലെ ഓട്ടോമൊബൈൽ ഉത്പാദന ശാലകളിൽ ഓരോ  വാഹനങ്ങളുടെയും വിവരങ്ങൾ അടയാളപ്പെടുത്തുന്നതിനായി  ആദ്യം ഉപയോഗിക്കപ്പെട്ട ഈ  കോഡ് ടൊയോട്ട എന്ന വാഹന നിർമ്മാതാക്കളുടെ ഭാഗമായിരുന്ന ഡെൻസോ വേവ് എന്ന സ്ഥാപനത്തിന്റെ സൃഷ്ടിയാണ്. ജപ്പാൻ റോബോട്ട് അസോസിയേഷനിൽ അംഗമായ ഈ സ്ഥാപനം 1994ൽ  ലോകത്തിനു സമ്മാനിച്ചതാണ് ക്യൂ ആർ കോഡ് എന്ന നൂതന കോഡിങ് രീതി. മറ്റു ദ്വിമാന കോഡുകളെ അപേക്ഷിച്ച് വളരെ  എളുപ്പത്തിൽ ഡീകോഡ് ചെയ്തെടുക്കാം എന്ന മെച്ചം ക്യൂ ആർ കോഡിനെ വളരെ വേഗം പ്രചാരത്തിലാകാൻ സഹായിച്ചു. 

ഓണ്‍ലൈന്‍ ലോകത്തേക്ക്

പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച്  ഡാറ്റ വേർതിരിച്ചെടുക്കാൻ കഴിയും എന്നത് ഓണ്‍ലൈന്‍ ലോകത്തേക്കുള്ള ക്യുആര്‍ കോഡുകളുടെ കുടിയേറ്റത്തിന് സഹായകമായി. ഒരു വെബ്സൈറ്റ്  അഡ്രസ്സോ,  വിസിറ്റിങ് കാർഡിലെ വിവരങ്ങളോ, ഓൺലൈൻ പെയ്‌മെന്റ് ലിങ്കോ ഒക്കെ പോലുള്ള മൾട്ടി ബിറ്റ് ആൽഫാ ന്യൂമെറിക്ക് വിവരങ്ങൾ ക്യുആർ കോഡിൽ ഒതുക്കാൻ കഴിയും. 

ഓൺലൈനിൽ ലഭ്യമായ വിവരങ്ങളിലേക്കും ബന്ധപ്പെട്ട മൾട്ടിമീഡിയ ഉള്ളടക്കത്തിലേക്കും  ബന്ധിപ്പിക്കുന്ന രീതിയിൽ  ദിനപത്രങ്ങൾ പോലും ഇപ്പോൾ  ക്യുആര്‍ കോഡുകളുടെ സാധ്യത വ്യാപകമായി  ഉപയോഗിച്ച് വരുന്നുണ്ട്. ഉത്പന്നങ്ങളുടെ  മാർക്കറ്റിങ്ങിലും പരസ്യങ്ങളിലും ക്യുആര്‍ കോഡുകൾ പ്രയോജനപ്പെടുത്തുന്നു.

ഉപയോഗങ്ങള്‍

ചൈനയിൽ 2010 മുതൽ ട്രെയിൻ ടിക്കറ്റുകളിൽ ക്യുആര്‍ കോഡുകൾ പ്രിന്റു ചെയ്യാൻ തുടങ്ങിയിരുന്നു.  നോട്ട് അ‌സാധുവാക്കലിന് ശേഷം പേടിഎം (PayTM) പോലുള്ള ഇ-വാലറ്റുകൾ ഉപയോഗിച്ച പണം കൈമാറ്റം നടത്താൻ പേയ്‌മെന്റ് വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യുആർ കോഡുകൾ വിവിധ വാണിജ്യ, സേവന മേഖലകളിൽ ഉപയോഗത്തിലെത്തിയതോടെ നമ്മുടെ നാട്ടിലും  ഇവ ഏറെ പരിചിതമായി കഴിഞ്ഞു. 

 

ബാർകോഡുകൾ കൊണ്ട് സാധ്യമാകുന്ന ഒട്ടുമിക്ക ജോലികളും, അതിലധികവും  ഇപ്പോൾ ക്യുആർ കോഡുകൾ കൊണ്ടും ചെയ്യാനാകും. വാഹനങ്ങളിലെയും തിയറ്ററുകളിലും ടിക്കറ്റുകൾ, ഉത്പന്നങ്ങളുടെ ലേബലുകളിൽ വിവരങ്ങൾ ഉൾപ്പെടുത്തുക, വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്യുക, ജിയോ ലൊക്കേഷൻ അടയാളപ്പെടുത്താനും കണ്ടെത്താനും, വാട്സ്ആപ്പ് പോലുള്ള സേവനങ്ങളുടെ ഓതെന്റിക്കേഷൻ നടത്തുക തുടങ്ങിയ നിരവധി ഉപയോഗങ്ങൾ ക്യുആർ കോഡുകൾക്കുണ്ട്.

വിവിധ തരത്തിലുള്ള ക്യുആർ കോഡുകൾ

കാലക്രമത്തിൽ നിരവധി മാറ്റങ്ങളാണ് ക്യു ആര്‍ കോഡുകൾക്ക് വന്നത്. 1997 ഒക്ടോബറിലാണ് ക്യു ആര്‍ കോഡുകളുടെ നിർമ്മാണവും ഉപയോഗവും  സംബന്ധിച്ച ആദ്യ സ്റ്റാൻഡേർഡ് നിലവിൽ വന്നത്. ഈയടുത്ത് 2017 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഇപ്പോഴും ക്യു ആര്‍ കോഡ് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്.  

സ്ഥലപരിമിതി ഒരു പോരായ്മയാകുന്ന സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്രദമായ മൈക്രോ ക്യുആര്‍ കോഡ്, ബാർകോഡുകൾ പോലെ നീളത്തിലുള്ള പ്രതലത്തിൽ  ആലേഖനം ചെയ്യാൻ സാധിക്കുന്ന ഐക്യൂആർ കോഡ്  (IQR code), രഹസ്യ വിവരങ്ങളും പബ്ലിക് ഡാറ്റയും ഒരുപോലെ ഉൾപ്പെടുത്താൻ കഴിയുന്ന എസ്ക്യുആർ കോഡ് (SQR Code), ചിത്രങ്ങളോ സന്ദേശങ്ങളോ കോഡിന്റെ പ്രതലത്തിലെ മധ്യഭാഗത്തുള്ള ശൂന്യമായ കാൻവാസ്‌ ഏരിയയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഫ്രെയിം ക്യുആർ കോഡ് എന്നിവ ഇത്തരം കോഡുകളുടെ വകഭേദങ്ങളാണ്. ഇവയുടെ വിശദവിവരങ്ങൾ വിവരങ്ങൾ  http://www.qrcode.com/en/codes/ എന്ന ലിങ്കിൽ നിന്നും ലഭിക്കും.

ക്യുആർ കോഡ് നിർമിക്കുന്നത് എങ്ങനെ?

വിവിധ തരത്തിലുള്ള ക്യൂ ആർ കോഡ് നിർമ്മാണത്തിനായി ഈ കോഡിന്റെ നിർമ്മാതാക്കളായ ഡെൻസോ വേവ് തന്നെ പുറത്തിറക്കിയിട്ടുള്ള QRdraw Ad എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. ഇത്തരത്തിൽ വ്യാവസായിക ആവശ്യത്തിനായി ക്യുആർ കോഡുകൾ നിർമിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ എന്നിവ www.qrcode.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 

വ്യക്തിഗത ആവശ്യങ്ങൾക്കായി ക്യുആര്‍ കോഡ് നിർമിക്കുന്നതിനായി നിരവധി സൈറ്റുകൾ ലഭ്യമാണ് . www.the-qrcode-generator.com ഒരു ഉദാഹരണമാണ്. ഈ സൈറ്റുകളിൽ നിന്നും ക്യു ആര്‍ കോഡ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അവ പ്രിന്റ് ചെയ്യുമ്പോഴോ വെബ്പേജുകളിലോ ഇ -ഡോക്യുമെന്റുകളിലോ ഉൾപ്പെടുത്തുമ്പോൾ മതിയായ വലിപ്പം ഉറപ്പു വരുത്തണം എന്നതാണ്. അല്ലാത്തപക്ഷം കോഡ്   ഡീകോഡ്‌ ചെയ്യാൻ സാധിക്കാതെ വരും.

​മൊ​ബൈലിൽ റീഡ് ചെയ്യുന്നതെങ്ങനെ

ക്യുആര്‍ കോഡുകൾ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പ്രത്യേക കോഡ് റീഡർ  ആപ്പുകളിൽ നിന്നും ഫോണിലെ ക്യാമറയുടെ സഹായത്താൽ ഡീകോഡ് ചെയ്യാനാകും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാനാവുന്ന വിവിധ ക്യു ആര്‍ കോഡ് ആപ്പുകൾ പ്‌ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.  QR Code Reader എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ  ആപ്പ് കണ്ടെത്താവുന്നതാണ്.

വെല്ലുവിളി

ക്യുആര്‍ കോഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. എൻഎഫ്സി പോലുള്ള നൂതന സങ്കേതങ്ങൾ ക്യുആര്‍ കോഡുകളുടെ സ്ഥാനം ​കൈടക്കിയേക്കാം. ഇമേജ് പ്രോസസിംഗ് രംഗത്തെ അത്ഭുതാവഹമായ വളർച്ച ബാർകോഡുകൾക്കും  ക്യുആര്‍ കോഡുകൾക്കും ഒക്കെ പകരക്കാർ ഉടൻ രംഗത്തെത്തിയേക്കുമെന്ന സൂചനകളാണ് നൽകുന്നത്. എന്നാൽ ലാളിത്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ ഈ ക്യുആര്‍ കോഡുകൾ അത്ര വേഗത്തിൽ കാലഹരണപ്പെടാൻ സാധ്യതയില്ല.