ടോക്യോ: ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാണ കമ്പനികളില്‍ രണ്ടാംസ്ഥാനക്കാരായ ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനി തൊഷിബ തങ്ങളുടെ സെമികണ്ടക്ടര്‍ വ്യവസായം ഒരു അമേരിക്കന്‍ കമ്പനിയ്ക്ക് വിറ്റു. അമേരിക്കയിലെ ബെയ്ന്‍ കാപ്പിറ്റല്‍ എന്ന സ്വകാര്യസ്ഥാപനത്തിനാണ് ഫ്‌ലാഷ് ഡ്രൈവുകള്‍ ഉള്‍പ്പടെയുള്ള ചിപ്പ് നിര്‍മ്മാണ യൂണിറ്റ് വിറ്റത്.1800 കോടി ഡോളറിനാണ് വില്‍പന. 

അമേരിക്കിയലെ ന്യൂക്ലിയര്‍ യൂണിറ്റുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തുന്നതിനായാണ് ഈ നീക്കം നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ വാങ്ങിയ ന്യൂക്ലിയര്‍ യൂണിറ്റിന്റെ റിയാക്ടറുകള്‍ക്കുള്ള ചിലവ് വര്‍ധിച്ചതും ആണവോര്‍ജത്തിന് ആഗോളതലത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞതുമാണ് നഷ്ടത്തിലേക്ക് നയിച്ചത്. കോടികളുടെ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു. അമേരിക്കയിലെ വ്യവസായ പങ്കാളിയായ വെസ്റ്റേണ്‍ ഡിജിറ്റലുമായുള്ള നിയമ യുദ്ധവും പുതിയ നീക്കത്തിന് കാരണമായി. 

ഫോക്‌സ്‌കോണ്‍ ഉള്‍പടെയുള്ള കമ്പനികള്‍ തോഷിബയുടെ നാന്റ് ഫ്‌ലാഷ് ചിപ്പ് നിര്‍മ്മാണ യൂണിറ്റ് വാങ്ങുന്നതിനായി രംഗത്തുണ്ടായിരുന്നു. 2800 കോടി ഡോളര്‍ വരെ ഫോക്‌സ്‌കോണ്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിദേശ കമ്പനികളായ മറ്റ് എതിരാളികളുടെ കയ്യില്‍ യൂണിറ്റ് എത്തരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്ന തോഷിബ ജാപ്പനീസ് കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ബെയ്ന്‍ കാപ്പിറ്റലിന് അതിലും കുറഞ്ഞ വിലയ്ക്ക് യൂണിറ്റ് വില്‍ക്കുകയായിരുന്നു.