സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സ്മാര്‍ട്ട്‌ഫോണ്‍ ആപ്പായ 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍' മുഖം മിനുക്കി 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ പേഴ്‌സണല്‍' എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഉപയോഗിക്കാവുന്നതാണ് അപ്പ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നല്ലാതെ മറ്റു സൈറ്റുകളില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.2 അല്ലെങ്കില്‍ അതിനു ശേഷമുള്ള ആന്‍ഡ്രോയിഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ ഈ പുതിയ ആപ്പ് ഉപയോഗിക്കാം. 

നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി ഉപയോഗിക്കുന്ന ലോഗിന്‍ ഐഡി, പാസ്‌വേഡ് എന്നിവ പുതിയ ആപ്പിലും ഉപയോഗിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) പോലുള്ള, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ആപ്പ് നിലവില്‍ ഉപയോഗിക്കാന്‍ കഴിയില്ല. 

ആപ്പ് ഉപയോഗിക്കാന്‍: എസ്ബിഐ ഉപഭോക്താക്കളില്‍ ഇനിയും ഇന്റര്‍നെറ്റ് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ലഭിക്കാത്തവര്‍ക്ക് 'രജിസ്റ്റര്‍' എന്ന ടാബില്‍ നിന്നും 'ന്യൂ യൂസര്‍' ടാപ് ചെയ്ത് ആപ്പില്‍ പ്രവേശിക്കാനുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും സ്വന്തമാക്കാവുന്നതാണ്. 

ഇതിനായി നിങ്ങളുടെ അക്കൗണ്ടിലെ കാര്‍ഡ് അധിഷ്ഠിത ഇടപാടുകള്‍ നടത്താന്‍ എസ്ബിഐ നല്‍കിയിട്ടുള്ള ഡെബിറ്റ് കാര്‍ഡ് സ്വന്തമായുണ്ടായിരിക്കണം. ഇങ്ങനെ ലഭിക്കുന്ന ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പില്‍ നിന്നോ മൊബൈലില്‍ നിന്നോ ബ്രൗസറിന്റെ സഹായത്താല്‍ എസ്ബിഐ സൈറ്റിലെത്തി ഇന്റര്‍നെറ്റ് ബാങ്കിങ്ങ് നടത്താനാകും.

ബാങ്കില്‍ നിന്ന് പ്രീ പ്രിന്റഡ് ഇന്റര്‍നെറ്റ് ബാങ്കിങ് കിറ്റ് ലഭിച്ച്ചിട്ടുള്ളവര്‍ക്ക് 'രജിസ്റ്റര്‍' എന്ന ടാബില്‍ നിന്നും 'എക്‌സിസ്റ്റിങ് എനിവെയര്‍ യൂസര്‍' എന്ന ലിങ്കില്‍ പ്രവേശിച്ചു വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 

State Bank Anywhere Personal

അക്കൗണ്ട് നമ്പര്‍, സിഫ് നമ്പര്‍ (CIF), ബ്രാഞ്ച് കോഡ്, ഐഎഫ്എസ് കോഡ് (IFSC) (ഇവ നാലും പാസ്സ്ബുക്കില്‍ ലഭ്യമാണ് ), ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍, ആവശ്യമായ ട്രാന്‍സാക്ഷന്‍ അധികാരങ്ങള്‍ എന്നിവ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക്ആ മൊബൈല്‍ നമ്പരില്‍ ഒരു ഒ.റ്റി.പി. ലഭിക്കും. ആ വിവരം നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ എടിഎം കാര്‍ഡിന്റെ നമ്പര്‍, വാലിഡിറ്റി, അതിലുള്ള പേര് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഡെബിറ്റ്കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അതാതു ബ്രാഞ്ചിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രത്യേകതകള്‍: ആപ്പിന്റെ പഴയ വെര്‍ഷനായ 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍' ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അപ്പ് ആദ്യകാഴ്ചയില്‍ അത്ര യൂസര്‍ഫ്രണ്ട് ലി അല്ലെന്ന് തോന്നുമെങ്കിലും പതിയെ ആ തോന്നല്‍ മാറിക്കിട്ടും. പഴയ ആപ്പില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളോടെയാണ് 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ പേഴ്‌സണല്‍' പുറത്തിറക്കിയിരിക്കുന്നത്. 

ഡെബിറ്റ് കാര്‍ഡ് ബ്‌ളോക്ക് ചെയ്യാനുള്ള സൗകര്യം, എംവിസ, എം പാസ്സ്ബുക്ക്, എസ്ബി ബഡി, ഇ ലോക്കര്‍, ലോണിന് അപേക്ഷിക്കാനുള്ള സൗകര്യം എന്നിവ  ആപ്പില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂസര്‍ ഐഡിയില്‍ സ്‌പെഷ്യല്‍ കാരക്റ്റര്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

ക്രമീകരണങ്ങള്‍: 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ പേഴ്‌സണല്‍' ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം സെറ്റിങ്‌സില്‍ എത്തിയാല്‍ നിങ്ങളുടെ അക്കൗണ്ടിന് ഒരു 'വിളിപ്പേര്' (നിക്ക് നെയിം) നല്‍കാന്‍ സൗകര്യമുണ്ട്. കൂടാതെ നിങ്ങളുടെ സൗകര്യാര്‍ത്ഥം 'ലിസ്റ്റ് വ്യൂ', 'ടൈല്‍ വ്യൂ'  എന്നിവ തിരഞ്ഞെടുക്കാന്‍ കഴിയും. ആദ്യം ലിസ്റ്റ് വ്യൂവില്‍ ആപ്പ് പരിചയപ്പെട്ട ശേഷം ടൈല്‍ വ്യൂവിലേക്ക് മാറുന്നതായിരിക്കും സൗകര്യം. 

നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ബാങ്കിങ് അനുബന്ധ സൗകര്യങ്ങള്‍ ഇവിടെ നിന്നും ഫേവറിറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം ടാബിന് കീഴിലാക്കി എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും സൗകര്യമുണ്ട്.

സൗകര്യങ്ങള്‍: ആപ്പിലെ 'മൈ അക്കൗണ്ട്‌സ്' ഐക്കണില്‍ നിന്നും ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ്‌സ്, എംപാസ്സ്ബുക്ക്, ലോണ്‍ അക്കൗണ്ട്‌സ് പരിശോധന, ഡിപ്പോസിറ്റ് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ലഭ്യമാണ്. 'ഫണ്ട് ട്രാന്‍സ്ഫര്‍' വിഭാഗത്തില്‍ ഐ.എം.പി .എസ് ഉള്‍പ്പടെയുള്ള   വിവിധ  ഫണ്ട് ട്രാന്‍സ്ഫര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.  

പുതിയ ചെക്ക് ബുക്ക് ആവശ്യപ്പെടുക, ആധാര്‍ കാര്‍ഡ് നമ്പര്‍ സീഡിംഗ്, എല്‍പിജി കണ്‍സ്യൂമര്‍ ഐഡി ലിങ്കിംഗ്,എം.എം.ഐ.ഡി. സൃഷ്ടിക്കല്‍, ടി.ഡി.എസ് അന്വേഷണങ്ങള്‍ എന്നിവ ആപ്പിലെ 'റിക്വസ്റ്റ്‌സ്' ഐക്കണില്‍ ടാപ്പ് ചെയ്താല്‍ കാണാന്‍ കഴിയും. വിവിധ ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ /ഡിടിഎച്ച് റീചാര്‍ജിംഗ് നടത്താനും ആപ്പ് ഉപയോഗിക്കാം.

ജിപിആര്‍എസ്, എഡ്ജ് എന്നീ കണക്ടിവിറ്റിയിലും പ്രവര്‍ത്തിക്കുന്ന ആപ്പ് ഇക്കഴിഞ്ഞ ജനുവരി 28 നാണ് ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ എത്തിയത്. എസ്ബിഐയുടെ 'സ്റ്റേറ്റ് ബാങ്ക് എനിവെയര്‍  പേഴ്‌സണല്‍' ആപ്പിന്റെ 5.3.1 വെര്‍ഷന്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇപ്പോഴും പഴയ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഡേറ്റ് സൗകര്യം ലഭ്യമാണ്.

ഇത് വരെ ഒരുകോടിയോളം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. https://play.google.com/store/apps/details?id=com.sbi.SBIFreedomPlus&hl=en എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ, 'sbi State Bank Anywhere Personal' എന്ന് സേര്‍ച്ച് ചെയ്‌തോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

shiyazmirza@outlook.com