ജൂലായ് 12 ന് അമേരിക്കയില്‍ നടക്കുന്ന 'ഇന്റര്‍നെറ്റ് വൈഡ് ഡേ ഓഫ് ആക്ഷന്‍ റ്റു സേവ് നെറ്റ് ന്യൂട്രാലിറ്റി' സമരത്തില്‍ ഫെയ്‌സ്ബുക്കും ഗൂഗിളും പങ്കെടുക്കുന്നു. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്റെ (എഫ്.സി.സി) പുതിയ നിയന്ത്രണ നടപടികള്‍ക്കെതിരെ ഫൈറ്റ് ഫോര്‍ ഫ്യൂച്ചര്‍, ഫ്രീപ്രെസ്, ഡിമാന്റ് പ്രോഗ്രസ് തുടങ്ങി ഒരു കൂട്ടം സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എഫ്.സി.സിയുടെ പുതിയ നടപടികള്‍ നിയമ നിര്‍മ്മാണ നടപടികളെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കുമെന്ന് ഇവര്‍ ആരോപിക്കുന്നു.

ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, മോസില്ല, റെഡ്ഡിറ്റ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യുണിയന്‍ എന്നിവയുടെ പിന്തുണയും സമരത്തിനുണ്ട്. ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും ഇടപെടലാണ് സമരത്തെ ശ്രദ്ധേയമാക്കുന്നത്. ഏത് രീതിയിലാണ് ഇവര്‍ സമരത്തിന് പിന്തുണ നല്‍കുക എന്ന കാര്യം വ്യക്തമല്ല. കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഇരു കമ്പനികളുടെയും ഇടപെടല്‍ എഫ്‌സിസിയ്ക്ക് വലിയ അടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

2012ല്‍ സോപ(SOPA)എന്നപേരില്‍ അറിയപ്പെട്ടിരുന്ന കോപ്പി റൈറ്റ് ബില്ലിനെതിരെ ഇതേ തീയതിയില്‍ അമേരിക്കന്‍ സാങ്കേതിക രംഗം പ്രതിഷേധ സമരത്തിനിറങ്ങിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഭരണകൂടം ഈ ബില്ല് പിന്‍വലിക്കുകയായിരുന്നു.

അമേരിക്കന്‍ കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി ഏജന്‍സിയായ എഫ്‌സിസിയുടെ തലവന്‍ ഇന്ത്യന്‍ വംശജനായ അജിത് പൈ ആണ്. 2015ല്‍ പുറത്തിറക്കിയ നെറ്റ് ന്യുട്രാലിറ്റി ഉത്തരവ് അട്ടിമറിക്കാനുള്ള അജിത്തിന്റെ പദ്ധതിയെ ചെറുക്കാനും പ്രതിഷേധത്തിനിറങ്ങിയിരിക്കുന്ന സന്നദ്ധ സംഘടനകള്‍ അമേരിക്കയിലെ ഐടി കമ്പനികളോടും മറ്റ് സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അജിത് പൈയെ ഈ സുപ്രധാന സ്ഥാനത്ത് നിയമിക്കുന്നത്. 

അതേസമയം ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്, ഫ്രീ ബേസിക്‌സ് പദ്ധതികള്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരാണെന്ന് കാണിച്ച് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്ന ഫേയ്‌സ്ബുക്ക് ഇപ്പോള്‍ നെറ്റ് ന്യൂട്രാലിറ്റി സമരത്തിനിറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.