ഫോട്ടോഗ്രാഫിയിൽ മെമ്മറി കാർഡുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇപ്പോൾ വിപണിയിലുള്ള മിക്ക ക്യാമറകളിലും ചിത്രങ്ങൾ സംഭരിക്കുന്നതിനായി സെക്യുർ ഡിജിറ്റൽ കാർഡ് (Secure Digital Card) എന്ന എസ്‌ഡി കാർഡുകൾ ആണ് ഉപയോഗിച്ച് വരുന്നത്. കോംപാക്ട് ഫ്ലാഷ് പോലുള്ള പരമ്പരാഗത സ്റ്റോറേജ് സംവിധാനങ്ങൾ ചില ക്യാമറകളില്‍ ഇപ്പോഴും ഉപയോഗിക്കുന്നുവെങ്കിലും ലളിതമായ രൂപകൽപനയും കൈകാര്യം ചെയ്യാനുള്ള എളുപ്പവും എസ്ഡി കാർഡുകളുടെ സ്ഥാനമുറപ്പിക്കുന്നു.

വിവിധ ബ്രാൻഡുകളുടേതായി നിരവധി എസ്‌ഡി കാർഡുകൾ വിപണിയിലുണ്ടെങ്കിലും ഏത് കാർഡ് തിരഞ്ഞെടുക്കണമെന്നത് മിക്കപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമാണ്‌. മെമ്മറി കാർഡുകൾ പരിഗണിക്കുമ്പോൾ അവയുടെ തരം, വേഗത, സംഭരണ ശേഷി, വില എന്നിവയാണ് പ്രധാനമായും കണക്കിലെടുക്കേണ്ടത്. ഉയർന്ന സംഭരണ ശേഷിയുള്ള കാർഡുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോൾ അവയുടെ ട്രാൻസ്ഫർ സ്പീഡിന്റെ കാര്യത്തിൽ നിങ്ങൾ വീട്ടുവീഴ്ച ചെയ്യേണ്ടതായി വരും. അതായത് ഉയർന്ന ട്രാൻസ്ഫർ നിരക്കും താരതമ്യേന ഉയർന്ന സംഭരണ ശേഷിയുമുള്ള കാർഡുകൾക്ക് നല്ല വില നൽകേണ്ടി വരുമെന്നർത്ഥം.

ഏതെല്ലാം തരം കാർഡുകൾ 

എസ്ഡി, മിനി എസ്‌ഡി, മൈക്രോ എസ്ഡി, സിഎഫ് (കോംപാക്ട് ഫ്‌ളാഷ്), ഐ-ഫൈ (eye-fi) എന്നീ കാർഡുകൾക്കൊപ്പം സോണിയുടെ മെമ്മറി സ്റ്റിക്ക്. മെമ്മറി സ്റ്റിക്ക് പ്രൊ, മെമ്മറി സ്റ്റിക്ക് പ്രൊ ഡ്യുവോ, മെമ്മറി സ്റ്റിക്ക് മൈക്രോ (എം 2) എന്നിവയും വിപണിയിലുണ്ടെങ്കിലും സാധാരണയായി ക്യാമറകളിൽ 32 എംഎം നീളവും, 24 എംഎം വീതിയും, 2 .1 എംഎം കനവുമുള്ള എസ്ഡി ഇനത്തിൽപ്പെട്ട വലിയ കാർഡുകളാണ് ഉപയോഗിച്ച് വരുന്നത്. അഡാപ്റ്ററിന്റെ സഹായത്തോടെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാമെങ്കിലും അത് അത്ര ഉചിതമായ രീതിയല്ല.

എന്താണ് സെക്യുർ ഡിജിറ്റൽ

1994ൽ അവതരിപ്പിയ്ക്കപ്പെട്ട സിഎഫ് (കോംപാക്ട് ഫ്‌ളാഷ്), 1995ൽ പുറത്തിറങ്ങിയ തോഷിബയുടെ സ്മാർട്ട് മീഡിയ കാർഡ്, 1997ൽ സീമെൻസ്, സാൻഡിസ്‌ക് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായി അവതരിപ്പിക്കപ്പെട്ട മൾട്ടിമീഡിയ കാർഡ് (എംഎംസി ) എന്നിവയ്ക്ക് പിന്നാലെ 1999-2000 കാലഘട്ടത്തിൽ തോഷിബ, പാനാസോണിക്ക്, സാൻഡിസ്‌ക്, എന്നീ കമ്പനികൾ ചേർന്ന് രൂപീകരിച്ച ലാഭേച്ഛയില്ലാത്ത ഒരു സംരംഭമാണ് എസ്ഡി അസോസിയേഷൻ (SD Association-SDA).

വിവിധ കമ്പനികൾ നിർമ്മിക്കുന്ന മെമ്മറി കാർഡുകളുടെ സ്റ്റാൻഡേർഡ് ഏകീകരണവും അവയുടെ മികച്ച ഉപയോഗ രീതി ഉറപ്പു വരുത്തുകയും ചെയ്യുക എന്നത് ഇവരുടെ ലക്ഷ്യങ്ങളായിരുന്നു. ഇന്ന് ആയിരക്കണക്കിന് കമ്പനികൾ അംഗങ്ങളായിട്ടുള്ള അസോസിയേഷന്റെ മാർഗ നിർദ്ദേശാനുസരണം പുറത്തിറക്കുന്ന കാർഡുകളാണ് എസ്ഡി കാർഡുകൾ.

സംഭരണ ശേഷി

ഒരു എസ്ഡി മെമ്മറി കാർഡിനെ അതിന്റെ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ SDSC (SD), SDHC, SDXC എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിച്ചിട്ടുണ്ട്. രണ്ടു ജിബിയോ അതിൽ താഴെയോ വലിപ്പമുള്ള ഫയലുകൾ ഉൾക്കൊള്ളാൻ കഴിയുന്ന കാർഡുകളാണ് സ്റ്റാൻഡേർഡ് കപ്പാസിറ്റി എസ്ഡി കാർഡുകൾ അഥവാ SDSC. 2006ൽ പുറത്തുവന്ന ഹൈ കപ്പാസിറ്റി കാർഡുകളാണ് SDHC കാർഡുകൾ ഇവയ്ക്ക് 32 ജിബി വരെ ഡാറ്റ ഉൾകൊള്ളാൻ കഴിയും. രണ്ടു ടെറാബൈറ്റ് (ടിബി) വരെ ഉൾകൊള്ളാൻ കഴിയുന്ന കാർഡുകളാണ് എക്സറ്റൻഡഡ്‌ കപ്പാസിറ്റി അഥവാ SDXC കാർഡുകൾ. 2009 ലാണ് ഇവ അവതരിപ്പിക്കപ്പെട്ടത്.

കാർഡിന്റെ ക്ലാസ് അ‌ഥവാ വേഗത

വേഗതയുടെ അടിസ്ഥാനത്തിൽ കാർഡുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്. പ്രധാനമായും തടസമില്ലാതെയുള്ള സ്റ്റില്‍ വീഡിയോ ചിത്രീകരണത്തിന് പരിഗണിക്കേണ്ട ഒന്നാണ് കാർഡിന്റെ വേഗത അഥവാ റൈറ്റിങ് സ്പീഡ്. എസ്‌ഡി കാർഡിന്റെ വേഗത പറയുന്നത് മെഗാബൈറ്റ്സ് പെര്‍ സെക്കന്റ് എന്ന യൂണിറ്റിലാണ് (MB/s). മെമ്മറി കാർഡുകളുടെ വേഗതയെ സൂചിപ്പിക്കാനായി 'ക്ലാസ്' എന്ന വാക്കാണ് ഉപയോഗിക്കുക. ഇംഗ്ലീഷ് അക്ഷരമാലയിലെ 'C' എന്ന അക്ഷരത്തിനുള്ളിലായിട്ടാണ് സാധാരണ കാർഡിന്റെ ക്ലാസ്സ് രേഖപ്പെടുത്തിയിരിക്കുക.

ക്ലാസ് 2, ക്ലാസ് 4, ക്ലാസ്സ് 6, ക്ലാസ് 10 എന്നിവയാണ് പ്രധാനമായും വിപണിയില്‍ ലഭ്യമായ വിവിധ ക്ലാസ്സിലുള്ള കാർഡുകൾ. ഇതിൽ ക്ലാസിനൊപ്പമുള്ള അ‌ക്കം ആ കാര്‍ഡിന്റെ 'കുറഞ്ഞ റൈറ്റിങ് സ്പീഡിനെ' സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ക്ലാസ് 4 (C 4) കാർഡിന്റെ കുറഞ്ഞ റൈറ്റിങ് സ്പീഡ് 4 മെഗാബൈറ്റ്സ് പെര്‍ സെക്കന്റ് (MB/s) ആയിരിക്കും. സാധാരണയായി എച്ച്ഡി വീഡിയോ റിക്കോർഡിങ്ങിനു ക്ലാസ് 10 പോലെയുള്ള ഉയർന്ന ക്‌ളാസ് കാർഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ക്ലാസ് 10 അല്ല ഏറ്റവും വേഗമേറിയ എസ്‌ഡി കാർഡ്. മറ്റുചില വേഗമേറിയ സ്റ്റാൻഡേർഡുകളിലെ കാർഡുകൾ കൂടി നിലവിലുണ്ട് അവയിലൊന്നാണ് അൾട്രാ ഹൈസ്പീഡ് ബസ് (UHS) .


സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് കാർഡ് തിരഞ്ഞെടുക്കുമ്പോൾ 

ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്നുകിൽ റോ (RAW) ഫോർമാറ്റിലോ ജെപെഗ് (JPEG) ഫോർമാറ്റിലോ ആകും ചിത്രങ്ങൾ മെമ്മറി കാർഡിലേക്ക് സംഭരിക്കപ്പെടുക. ഉയർന്ന മെഗാപിക്സൽ റിസൊല്യൂഷൻ നൽകുന്ന ഡിഎസ്എൽആറുകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തുമ്പോൾ സിംഗിൾ ഷോട്ട് മോഡോ, കണ്ടിന്വസ് ഷോട്ട് മോഡോ ആണ് സാധാരണ ഉപയോഗിക്കാറുള്ളത്. റോ താരതമ്യേന ഉയർന്ന ഫയൽ സൈസ് ഉള്ള ചിത്രങ്ങൾ നൽകുമ്പോൾ JPEG എന്ന കംപ്രസ്ഡ് ഫോർമാറ്റ് ചിത്രങ്ങൾക്ക് കുറഞ്ഞ ഫയൽ സൈസ് ആയിരിക്കും ഉണ്ടാവുക . 

ഉദാഹരണത്തിന് നിങ്ങൾ ഒരു 24 മെഗാപിക്സൽ ക്യാമറ ഉപയോഗിച്ച് സിംഗിൾ ഷൂട്ട് മോഡിൽ ചിത്രങ്ങൾ പകർത്തുമ്പോൾ ഏകദേശം 12 മെഗാബൈറ്റ്‌സ്/സെക്കൻഡ് എന്ന നിരക്കിലാകും കാർഡിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുക. ഇതിനായി ഉയർന്ന ക്ലാസ്സിലുള്ള ഒരു കാർഡ് ആവശ്യമില്ല. എന്നാൽ കണ്ടിന്വസ് ഷൂട്ടിങ് മോഡിൽ (ഉദാ: സെക്കന്റിൽ അ‌ഞ്ച് ​ഫ്രെയിം നല്‍കുന്ന ഒരു ക്യാമറയില്‍) നിങ്ങൾ ഷൂട്ട് ചെയ്യു്കയാണെങ്കിൽ വളരെ ഉയർന്ന നിരക്കിലാകും കാർഡിലേക്കുള്ള ഫയല്‍ ട്രാൻസ്ഫർ. ഈ അവസരങ്ങളിൽ ക്ലാസ് 10 കാർഡുകൾ ഉപയോഗിച്ചാൽ തടസമില്ലാതെ ചിത്രങ്ങൾ പകർത്താനാകും.

അൾട്രാ ഹൈസ്പീഡ് ബസ് (UHS) 

ക്ലാസ് കൂടാതെ കാർഡിന്റെ വേഗത സൂചിപ്പിക്കുന്നതിനായി 2009 മുതൽ കാർഡിൽ റൈറ്റിങ്ങിന് ഉപയോഗിക്കുന്ന ബസുകൾ (പ്രത്യേക തരം കണക്ഷനുകൾ) അടിസ്ഥാനമാക്കി എസ്ഡി കാർഡിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്. അത്തരത്തിൽ ഉയർന്ന റൈറ്റിങ് സ്പീഡ് നൽകുന്ന ബസ് ഉപയോഗിച്ചിട്ടുള്ള എസ്ഡി കാർഡുകളാണ് അൾട്രാ ഹൈസ്പീഡ് ബസ് (UHS) കാർഡുകൾ. ഇത്തരം കാര്‍ഡുകള്‍ക്ക് പുറത്തായി ഇംഗ്ലീഷ് അക്ഷരമാലയിലെ 'യു' എന്ന അക്ഷരത്തിനുള്ളിലായി 1, 3 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കും. 

നിലവിൽ U1 , U3 എന്നീ രണ്ടു തരം കാർഡുകളാണ് ലഭ്യം . U1കാർഡുകളിൽ 10 MB/s മുതൽ 104 MB/s വരെ റൈറ്റിങ് വേഗത ലഭിക്കും. U3 കാർഡുകളിൽ 30-156 MB/s പരിധിയിൽ ​റൈറ്റിങ് വേഗതയുണ്ടാകും. 4 കെ വീഡിയോ റിക്കോർഡിങ്ങിന് U3 കാർഡുകളാണ് ഉചിതം. ഫെബ്രുവരിയിൽ പുതിയൊരു അൾട്രാ ഹൈസ്പീഡ് ബസ് (UHS) സ്റ്റാൻഡേർഡ് കൂടി നിലവിൽ വന്നിട്ടുണ്ട് ഇതിൽ 312 MB/s വരെ വേഗത ലഭിക്കും. 

വീഡിയോ സ്പീഡ് സ്റ്റാൻഡേർഡ്

2016 മുതൽ വീഡിയോ  സ്പീഡ് ക്ലാസ് എന്ന പുതിയൊരു സ്റ്റാൻഡേഡ്‌ കൂടി എസ്ഡി അസോസിയേഷൻ അവതരിപ്പിച്ചിട്ടുണ്ട്. 'വി' എന്ന അക്ഷരത്തിനോടൊപ്പം വീഡിയോ സ്പീഡ് ക്ലാസ്സ് ചേർത്തതാണ് ഉപയോഗിക്കുന്നത്. V6, V10, V30, V60, V90 എന്നീ കാർഡുകളില്‍ ചിലത് നിലവിൽ വിപണിയിലെത്തിയിട്ടുമുണ്ട്.

'V' എന്നഅക്ഷരത്തിനൊപ്പമുള്ള അക്കം ആ കാര്‍ഡിന്റെ ലഭ്യമായ കുറഞ്ഞ റൈറ്റിങ് വേഗതയെ സൂചിപ്പിക്കുന്നു അതായത് V30 എന്ന കാർഡിന് സാധ്യമായ ഏറ്റവും കുറഞ്ഞ റൈറ്റിങ് വേഗത (ഫയല്‍ കൈമാറ്റത്തിന്റെ വേഗത) 30 മെഗാബൈറ്റ്സ് പെര്‍ സെക്കന്റ് (MB/s) ആയിരിക്കും. 4കെ വീഡിയോ റിക്കോർഡിങ്ങിന് U30 കാർഡുകളാണ് തിരഞ്ഞെടുക്കേണ്ടത്. 8 കെ റിക്കോർഡിങ്ങിനു വേണ്ടി നിർമ്മിച്ചിരിക്കുന്നവയാണ് V60, V90 എന്നീ കാർഡുകൾ.