ബെംഗളൂരു: ഇന്ത്യയുടെ റെക്കോഡ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ബഹിരാകാശത്തു നിന്നുള്ള സെല്‍ഫി വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച പിഎസ്എല്‍വി റോക്കറ്റില്‍ ഘടിപ്പിച്ച ഹൈ റിസൊല്യൂഷന്‍ ക്യാമറകളാണ് വീഡിയോ ചിത്രീകരിച്ചത്. ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന ഉജ്ജ്വല ദൃശ്യങ്ങളാണ് പിഎസ്എല്‍വി ക്യാമറകള്‍ പകര്‍ത്തിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് ശ്രീഹരിക്കോട്ടയിലെ സ്‌പേസ് സെന്ററില്‍ നിന്ന് 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. 32 മിനിറ്റുകൊണ്ട് എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം രചിക്കുകയും ചെയ്തു. മൂന്ന് ഇന്ത്യന്‍ ഉപഗ്രങ്ങളും 101 വിദേശ നിര്‍മിത ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി വിക്ഷേപിച്ചത്.

കുതിച്ചുയര്‍ന്ന ശേഷം ഇന്ത്യയുടെ മൂന്ന് ഉപഗ്രങ്ങളാണ് പിഎസ്എല്‍വി ആദ്യം വിക്ഷേപിച്ചത്. പിന്നീട് പത്തുമിനിറ്റിനിടെയാണ് ബാക്കിയുള്ള 101 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ നാല് മുതല്‍ 10 വരെ സെക്കന്‍ഡിന്റെ ഇടവേളയിലാണ് വിക്ഷേപണം.

പിഎസ്എല്‍വി പകര്‍ത്തിയ വിക്ഷേപണ ദൃശ്യങ്ങള്‍ (കടപ്പാട്: ഐഎസ്ആര്‍ഒ വെബ്‌സൈറ്റ്)