Wiki leaks

അമേരിക്കന്‍ രഹസ്യ ഏജന്‍സി ആയ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് (Central Intelligence Agency -CIA) ലോകത്തെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും തുടങ്ങി സ്മാര്‍ട്ട് ടെലിവിഷനുകള്‍ വരെ ഹാക്ക് ചെയ്യാനും വിവരങ്ങള്‍ ചോര്‍ത്താനുമുള്ള സംവിധാനങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അടുത്തിടെയാണ് വിക്കിലീക്ക്‌സ് (wikileakes) പുറത്തുവിട്ടത്. വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന ടൂളുകളുടെ പ്രവര്‍ത്തനരീതി ഉള്‍പ്പെടെയാണ് വിക്കിലീക്ക്‌സ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

പരമാവധി സുരക്ഷ നല്‍കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍  (End to end encryption) ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയ പേഴ്‌സണല്‍ ആപ്പുകള്‍ പോലും സിഐഎ ഹാക്കിങ് പരിധിയില്‍ നിന്ന് മുക്തമല്ല എന്നാണ് പുറത്തുവന്നിരിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. സിഐഎ ഹാക്കിങ് ടൂളുകള്‍ക്കു ഓപ്പറേറ്റിംങ് സിസ്റ്റം  തന്നെ ഹാക്ക് ചെയ്ത് നുഴഞ്ഞുകയറാന്‍ കഴിയുന്നതിനാല്‍ സിസ്റ്റത്തിലെ ആപ്പുകളുടെ ഇന്റേണല്‍ സെക്യൂരിറ്റി സിസ്റ്റങ്ങള്‍ക്കു വിവരങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ല എന്നതാണ്  ഇതിനു കാരണം. ഇത് ഹാക്കിങ്ങിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മാല്‍വേറുകളും വൈറസുകളും ട്രോജനുകളും ഉപയോഗിച്ചും ഉപകരണങ്ങളുടെ സാങ്കേതിക സുരക്ഷാ വൈകല്യങ്ങള്‍ മുതലെടുത്തും സിഐഎയുടെ ടൂളുകള്‍ ഫോണും പേഴ്‌സണല്‍ കംപ്യൂട്ടറുകളും സെര്‍വറുകളും നെറ്റ്വര്‍ക്ക് റൂട്ടേഴ്‌സും മാത്രമല്ല വീട്ടിലെ സ്മാര്‍ട്ട് ടിവികളെ വരെ 'മയക്കിക്കെടുത്തി' വീട്ടിലെ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തുന്നുണ്ടത്രേ. സ്മാര്‍ട്ട് ടിവികളെ ഹാക്ക് ചെയ്യാനുള്ള അവരുടെ  വ്യത്യസ്തമായ ഹാക്കിങ് രീതിയെ വിളിക്കുന്ന ഓമനപ്പേരാണ് വീപ്പിങ് എയ്ഞ്ചല്‍ (Weeping Angel) അഥവാ 'കരയുന്ന മാലാഖ'.

എന്താണ് വീപ്പിങ് ഏയ്ഞ്ചല്‍

ബിബിസിയുടെ പ്രശസ്ത സയന്‍സ് ഫിക്ഷന്‍ പരമ്പരയായ  'ഡോക്ടര്‍ ഹൂ'  (Doctor Who) കാണുന്നവര്‍ക്കു കാര്യം പെട്ടെന്ന് പിടികിട്ടും. പരമ്പരയിലെ പ്രത്യേക രീതിയില്‍ ആക്രമിക്കാന്‍  കഴിവുള്ള അതിമാനുഷിക കഥാപത്രങ്ങളാണ് വീപ്പിങ് ഏയ്ഞ്ചല്‍സ് (ഏയ്ഞ്ചല്‍സ് എന്ന് കേട്ട്  തെറ്റിദ്ധരിക്കണ്ട, ദുഷ്ട കഥാപാത്രങ്ങളാണ് ഇവ).  ആരുടെയും ദൃഷ്ടിയില്‍ പെടാത്ത സമയങ്ങളില്‍ മിന്നല്‍ വേഗത്തില്‍  ചലിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇവ, ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുന്ന മാത്രയില്‍ പ്രതിമ കണക്കെ നിശ്ചലമാകും. സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് സിഐഎ ഹാക്കിങ് ടൂളിന് ഇതേ പേര് വീണത്.

സിഐഎ ടൂളുകള്‍ വീട്ടിലെ സ്മാര്‍ട്ട്  ടിവിയെ 'ഫേക്ക് ഓഫ്' മോഡിലാക്കുന്നു. ഈ സമയത്ത് പ്രത്യക്ഷത്തില്‍ ടെലിവിഷന്‍ ഓഫാണെന്ന തോന്നുമെങ്കിലും ബാക്ക്ഗ്രൗണ്ടില്‍ ഇവ പ്രവര്‍ത്തിക്കുന്നുണ്ടാവും. മാത്രമല്ല  ടിവിയിലെ മൈക്രോഫോണ്‍ പരിസരത്തെ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുമുണ്ടാവും. വീപ്പിങ് എയ്ഞ്ചല്‍സിനെ പോലെ, വീട്ടിലെ സ്മാര്‍ട്ട് ടിവി ആരും കാണാത്ത സമയത്ത് വില്ലനായി മാറുന്നു.

'ഡോക്ടര്‍ ഹു'വിലെ വീപ്പിങ് എയ്ഞ്ചല്‍ ആക്രമണത്തിന്റെ വീഡിയോ​

 

ലോകം ചാരവലയത്തില്‍

എന്‍എസ്എ, ബ്രിട്ടന്റെ രഹസ്യ ഏജന്‍സി ആയ MI5, GCHQ പോലുള്ള ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് സിഐഎ ഈ ടൂളുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വിക്കിലീക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതായത് സിഐഎ മാത്രമല്ല, ലോകത്തെ പല രഹസ്യ ഏജന്‍സികളും രാഷ്ട്രങ്ങളും ഇന്ന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഒരോ  ചെറിയ വിവരങ്ങള്‍ പോലും സദാ ഒളിഞ്ഞു നോക്കികൊണ്ടിരിക്കുകയാണെന്നര്‍ത്ഥം. പണ്ട് ഈജിപ്തില്‍ ഫറവോ ഓരോ പ്രജകളുടെ വീട്ടിലേക്കും ചാരന്മാരെ നിയോഗിച്ച് നിരീക്ഷിച്ചിരുന്ന രീതിയ്ക്ക് സമാനമായാണ് ഇന്ന് ടെക്‌നോളജി ഉപയോഗിച്ചുള്ള ഈ ചാരപ്രവര്‍ത്തനം വിലയിരുത്തപ്പെടുന്നത്.

ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സിഐഎ ടൂളുകള്‍ക്ക് ചൂഷണം ചെയ്യാവുന്ന സുരക്ഷാ പാളിച്ചകളുള്ള സോഫ്റ്റ്‌വേറുകളും സിസ്റ്റങ്ങളുമാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അതാതു നിര്‍മാണ കമ്പനികള്‍ സുരക്ഷാ പാളിച്ചകള്‍  ഏതൊക്കെയാണെന്ന് കണ്ടത്തി മാറ്റേണ്ടത്തിന്റെ  ആവശ്യകത ഇത് വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ നിലവിലുള്ള ഏറ്റവും സുരക്ഷിതമായ വേര്‍ഷനിലേക്ക് ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുമുണ്ട്. പല സോഫ്റ്റ്‌വേറുകളിലും ഉപകരണങ്ങളിലും  നിര്‍മാതാക്കള്‍ക്ക് അറിയാത്തതായ പല സുരക്ഷാ പാളിച്ചകളും (zero-day exploits) ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ, അതിനെല്ലാം പരിമിതികളുണ്ട് എന്നത് ഈ നടപടികള്‍ എത്രത്തോളം ഫലവത്താകുമെന്ന കാര്യത്തില്‍ സംശയമുയര്‍ത്തുന്നുണ്ട്.