സാധാരണ കാഴ്ചാനുഭവം എന്നതില്‍നിന്ന് ചാനലുകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ ആക്ഷന്‍ ക്യാമറ നിര്‍മാതാക്കളായ ഗോപ്രോ വെര്‍ച്വല്‍ റിയാലിറ്റി ചാനലുമായാണ് എത്തുന്നത്. 

കാഴ്ചയും കേള്‍വിയും മാത്രമല്ല സമ്പൂര്‍ണമായ പ്രതീതിയാഥാര്‍ത്ഥ്യാനുഭവം നല്‍കുന്ന ഒരു ചാനലാണ് ഗോ പ്രോ അവതരിപ്പിക്കുന്നത്. 360 ഡിഗ്രി വീഡിയോ നല്‍കുന്ന ചാനലില്‍ പ്രേക്ഷകന്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരിക്കില്ല, പങ്കാളികള്‍ക്കൂടിയായിരിക്കും. 

2015 മെയ് മാസത്തില്‍ ഗോ പ്രോയുടെ സിഇഒ നിക് വുഡ്മാനാണ് പുതിയ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ ആരംഭിക്കുന്ന കാര്യം പുറത്തുവിട്ടത്. വെര്‍ച്വല്‍ റിയാലിറ്റി വീഡിയോകള്‍ക്കായി ഗോ പ്രോ 2015ല്‍ ആരംഭിച്ച 'കളര്‍ ഐസ്' എന്ന സൈറ്റിന്റെ തന്നെ പുതിയ രൂപമാണ് ഒമ്നി എന്ന് പേരിട്ടിരിക്കുന്ന ചാനല്‍. 

ആറ് ഗോ പ്രോ ഹീറോ 4 ബ്ലാക്ക് ക്യാമറകള്‍ ചേരുന്ന ഒരു സംവിധാനം ഉപയോഗിച്ചാണ് 360 ഡിഗ്രി കാഴ്ചാകോണുകളിലുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നത്. വയര്‍ലസ്സ് സ്ട്രീമിംഗ് സംവിധാനവും ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും ആപ്ലിക്കേഷനും അടങ്ങിയ സംവിധാനമായാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാകുക.

ഗോ പ്രോയും മോട്ടോ ജിപിയും ചേര്‍ന്ന സംയുക്തസംരംഭമായാണ് ചാനല്‍ യാഥാര്‍ത്ഥ്യമാവുന്നത്. കായിക മത്സരങ്ങള്‍ അടക്കമുള്ളവ സമീപഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റി ചാനലിലൂടെ ലഭ്യമായേക്കും.