സാന്‍ഫ്രാന്‍സിസ്‌കോ: സിലിക്കണ്‍ വാലിയിലെ ആസ്ഥാനത്തിന് പുറത്തേക്ക് ആയിരക്കണക്കിനാളുകളെ ഗൂഗിള്‍ ജോലിക്കെടുക്കുന്നു. ഈ വര്‍ഷം രാജ്യത്ത് അഞ്ച് ഡാറ്റാ സെന്ററുകള്‍ കൂടി ഗൂഗിള്‍ നിര്‍മ്മിക്കും.

കൊളറാഡോയും മിച്ചിഗനും ഉള്‍പ്പടെ ഒമ്പത് സ്റ്റേറ്റുകളിലും ഓഫീസുകള്‍ക്കായി നിക്ഷേപം നടത്തുമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. നിലവില്‍ അമേരിക്കയിലാകമാനം ആറ് ഡാറ്റാ സെന്ററുകളാണുള്ളത്. ഒരു ഡാറ്റാ സെന്ററില്‍ സാധാരണഗതിയില്‍ നുറോളം ജീവനക്കാരാണുണ്ടാവുക.

വലിയൊരു വ്യാപനത്തിനാണ് ഗൂഗിള്‍ പദ്ധതിയിടുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെയ്‌സ്ബുക്ക്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളും വ്യവസായം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും കൂടുതല്‍ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പദ്ധതിയിടുകയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ പ്രഖ്യാപനം.

ഗൂഗിള്‍ ആഡ്‌സില്‍ നിന്നുള്ള വരുമാനമടക്കം 2017 നാലാം പാദത്തില്‍ 3232 കോടി ഡോളറാണ് ആല്‍ഫബെറ്റ് വരുമാനമായി നേടിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 24 ശതമാനം വളര്‍ച്ചയാണിതിലൂടെ ഉണ്ടായത്.

2587 കോടി ഡോളറാണ് ഗൂഗിളില്‍ നിന്നു മാത്രമുള്ള വരുമാനം. ഗൂഗിള്‍ ക്ലൗഡ് ഹാര്‍ഡ് വെയര്‍ വ്യവസായങ്ങളില്‍ നിന്ന് 469 കോടി ഡോളറുമെത്തി.