സാന്‍ഫ്രാന്‍സിസ്‌കോ:  സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി തായ്‌വാന്‍ കമ്പനി എച്ച് ടിസിയുമായി 110 കോടി ഡോളറിന്റെ കരാറൊപ്പിട്ട് ഗൂഗിള്‍. ഇതോടെ എച്ച് ടിസിയുടെ എൻജിനീയർമാരും ഡിസൈനര്‍മാരും ഗൂഗിളിന്റെ ഭാഗമാവും. 2018 ആദ്യം കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

ഗൂഗിള്‍ രൂപകല്‍പന ചെയ്ത പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത് എച്ച്ടിസിയാണ്. പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക വിദഗ്ദരും എച്ച് ടിസിയുടെ ഡിസൈന്‍ ടീം അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെയാണ് ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം എച്ച്ടിസി സ്വന്തം സ്മാര്‍ട്‌ഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നത് തുടരുകയും ചെയ്യും

 

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ മേഖലയിലെ പ്രധാനികളില്‍ ഒരാളായിരുന്ന എച്ച്ടിസിയ്ക്ക് അടുത്തിടെ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഈ അവസരത്തിലാണ് ഗൂഗിളുമായുള്ള പുതിയ കരാര്‍. എച്ച്ടിസിയുടെ ഭൗതിക സ്വത്തവകാശം( intellectual property) ഉപയോഗിക്കാനുള്ള അനുവാദവും കരാര്‍ പ്രകാരം ഗൂഗിളിന് ലഭിക്കും. 

എച്ച്ടിസിയുടെ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ വിഭാഗത്തെ സ്വന്തമാക്കുന്നതിലൂടെ ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്‌ഫോണുകളുടെ നിര്‍മ്മാണം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതുവഴി വിപണിയില്‍ ശക്തരാവുകയുമാണ് ഗൂഗിളിന്റെ ലക്ഷ്യം. അതുവഴി വോയ്‌സ് ഇനേബിള്‍ഡ് അസിസ്റ്റന്റ് പോലുള്ള സോഫ്റ്റവെയര്‍ ഉത്പന്നങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാനും ഗൂഗിള്‍ ലക്ഷ്യമിടുന്നു.