ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി ഓഗ്മെന്റഡ് റിയാലിറ്റി (പ്രതീതി യാഥാര്‍ഥ്യം) സാങ്കേതിക വിദ്യയും. ഇതിനായി ഗൂഗിള്‍ തങ്ങളുടെ പുതിയ ഓഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്‌ഫോം ആയ ഗൂഗിള്‍ എആര്‍കോര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 

ഐഓഎസ് 11ാം പതിപ്പില്‍ ആപ്പിള്‍ എആര്‍കിറ്റ് എന്ന പേരില്‍ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതേ മാതൃകയിലാണ് ആന്‍ഡ്രോയിഡ് മൊബൈലുകളിലേക്കും പ്രതീതി യാഥാര്‍ത്ഥ്യ സാങ്കേതികവിദ്യ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുള്ള സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നതിനായി ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാര്‍ക്ക് എആര്‍ കോര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് (ARCore SDK) ഉപയോഗിക്കാം. 

നേരത്തെ ടാങ്കോ (Tango) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഗൂഗിള്‍ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപകരണങ്ങളില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എആര്‍കോര്‍. 

ടാങ്കോ പ്ലാറ്റ് ഫോമില്‍ എആര്‍ സാങ്കേതികവിദ്യ ഒരുക്കണമെങ്കില്‍ അതിന് പ്രത്യേകം സെന്‍സറുകളും ഹാര്‍ഡ് വെയറുകളും ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ ടാങ്കോ പ്ലാറ്റ്ഫോം ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ച ഉപകരണങ്ങളില്‍ മാത്രമേ ഓഗ്മെന്റഡ് റിയാലിറ്റി സാധ്യമാക്കാന്‍ കഴിയുമായിരുന്നുള്ളു. ഈ പരിമിതി  മറികടക്കുന്നതാണ് എആര്‍ കോര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റ്. 

ആപ്പിളിന് പിന്നാലെ ഗൂഗിളും പ്രതീതി യാഥാര്‍ഥ്യം അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയിലേക്ക് കാലെടുത്തുവെക്കുന്നത്, ലോകം സാങ്കേതിക വിദ്യയുടെ പുതിയൊരു ലോകത്തേക്ക് കാലെടുത്തുവെക്കുകയാണ് എന്നതിന്റെ സൂചനയാണ്.