ഫെയ്‌സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വി ഡി മൂര്‍ത്തി എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇവയില്‍ എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ തുറക്കുക പ്രയാസമാണെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഒക്ടോബര്‍ 17 ന് മുമ്പ് തീരുമാനം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നിയന്ത്രണമില്ലാതെയുള്ള ഫെയ്‌സ്ബുക്കിന്റേയും വാട്‌സ്ആപ്പിന്റെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. 

ടെലികോം സേവനദാതാക്കള്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉള്ളത് പോലെ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ഒപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സമാനമായ മറ്റ് ആപ്ലിക്കേഷനുകളും സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.