ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം തടയുന്നതിനായി വെള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സറുകള്‍ സ്ഥാപിക്കാനൊരുങ്ങി അതിര്‍ത്തി രക്ഷാസേന. ഇരുരാജ്യങ്ങളും തമ്മിലുള്ള 1,116 കിലോമീറ്റര്‍  നദീതീര അതിര്‍ത്തി പ്രദേശത്താണ് സെന്‍സറുകള്‍ സ്ഥാപിക്കുക. 

മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ജലമാര്‍ഗ്ഗം വഴി രാജ്യത്തേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ  നിരീക്ഷിക്കുന്നതിന് റിമോട്ട് നിയന്ത്രിത അന്തര്‍ജല വാഹനങ്ങളും ബി.എസ്.എഫ് ഉപയോഗിക്കും. 

ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 2,979 കിലോമീറ്റര്‍ കരഭൂമിയും 1,116 കിലോമീറ്റര്‍ നദിപ്രദേശവുമാണ്. ബ്രഹ്മപുത്ര ഉള്‍പ്പടെ 54 നദികളാണ് ബെംഗാള്‍, അസം, മെഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ളത്. 

ഇന്‍ബില്‍റ്റ് റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് അന്തര്‍ജല സെന്‍സറുകളില്‍ ഉണ്ടാവുക. നിരീക്ഷണ പരിധിയ്ക്കുള്ളിലെ ഏത് തരത്തിലുള്ള ശബ്ദവും തിരിച്ചറിയാന്‍ ഈ സെന്‍സറുകള്‍ക്കാവും. ശേഖരിച്ച വിവരങ്ങള്‍ തത്സമയം അയക്കാനും ഉപകരണത്തിനാവും. നിശ്ചിത പ്രദേശങ്ങളില്‍ ബി.എസ്.എഫ് സെന്‍സറുകള്‍ സ്ഥാപിച്ചു വരികയാണ്.