ലണ്ടന്‍: ജോലി തേടി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്ക് ഒരു ഏഴ് വയസുക്ലാരിയുടെ കത്ത്. ഒരിക്കലും ഒരു മറുപടി പ്രതീക്ഷിച്ചല്ല ബ്രിട്ടീഷുകാരിയായ ക്ലെയോ ബ്രിഡ്ജ് വാട്ടര്‍ എന്ന പെണ്‍കുട്ടി ആ കത്തയച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അവളെ തേടി ഗൂഗിള്‍ സി.ഇ.ഒയുടെ മറുപടി എത്തിയപ്പോള്‍ അവള്‍ക്ക് അതൊരു അത്ഭുതമായി. നന്നായി പഠിച്ച് മിടുക്കിയായി വീണ്ടും അപേക്ഷിക്കൂ പരിഗണിക്കാം എന്നായിരുന്നു പിച്ചൈയുടെ കത്തിന്റെ കാതല്‍. ഏതായാലും ക്ലെയോയുടെ കത്തും അതിന്റെ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ക്ലെയോയെ പ്രോത്സാഹിപ്പിച്ചും പ്രചോദനം നല്‍കികൊണ്ടുമായിരുന്നു മറുപടി കത്ത്. സ്വപ്നങ്ങള്‍ പൂവണിയാന്‍ കഠിനാധ്വാനം ചെയ്യാന്‍ പറഞ്ഞ പിച്ചെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗൂഗിളിലേക്ക് അപേക്ഷ അയയ്ക്കാനും ക്ലെയോയോട് ആവശ്യപ്പെട്ടു

 

letter
ക്ലെയോ എഴുതിയ കത്ത്  Photo Credit: Business Insider

ഗൂഗിള്‍ ബോസ് എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സ്വന്തം കൈപ്പടയിലാണ് ക്ലെയോ കത്തെഴുതിയത്. ഗൂഗിളില്‍ ജോലിചെയ്യുന്നതിനെക്കുറിച്ച് അച്ഛനോട് ക്ലെയോ സംശയങ്ങള്‍ ചോദിച്ചിരുന്നു. മകളുടെ താല്‍പര്യങ്ങള്‍ മനസിലാക്കിയ പിതാവ് തന്നെയാണ് ക്ലെയോയ്ക്ക് കത്തെഴുതാന്‍  പ്രചോദനം നല്‍കിയത്.

ജോലിയ്ക്ക് അപേക്ഷ തയാറാക്കാന്‍ പിതാവ് പറഞ്ഞതോടെ ഒരു പേപ്പറെടുത്ത് ക്ലെയോ ഗുഗിള്‍ മേധാവിക്ക് നീട്ടി എഴുതി. തനിക്ക് കംമ്പ്യൂട്ടറും, ടാബ്ലെറ്റും, റോബോട്ടുകളെയും ഇഷ്ടമാണെന്നും ഗുഗിളില്‍ ജോലിചെയ്യുന്നതിന് പുറമെ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലിചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഒളിപിക്സില്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായും കത്തില്‍ പറയുന്നു.

ക്ലെയോയുടെ കത്തിനു നന്ദിപറഞ്ഞുകൊണ്ട് മറുപടി എഴുതിയ പിച്ചൈ റോബോട്ടുകളെയും കംപ്യൂട്ടറിനെയും ഇഷ്ടപ്പെടുന്നതില്‍ പ്രത്യേകം അഭിനന്ദിച്ചതോടൊപ്പം സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാന്‍ നിരന്തരം പ്രയത്നിക്കണമെന്നും, ഗുഗിളില്‍ ജോലിചെയ്യുന്നതോടൊപ്പം ഒളിപിക്സില്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തണമെന്നും ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പഠനത്തിനുശേഷം ക്ലേയോ ജോലിയ്ക്ക് അപേക്ഷ അയയ്ക്കുന്നത് താന്‍ കാത്തിരിക്കുകയാണെന്നും പിച്ചൈ എഴുതി.