Monday,
August 31,
2015

ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും

    |    Sep 17, 2013

സര്‍ക്കാരിന്റെ ഇരുമ്പുമറയില്‍ പെടാതെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും കിട്ടിത്തുടങ്ങി. വര്‍ഷങ്ങളായി ഈ വെബ്ബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തവരാണ് ഇറാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ .

ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തടയേണ്ടതില്ല എന്നത് ഔദ്യോഗിക തീരുമാനമാണോ എന്ന് വ്യക്തമല്ല. 2009 മുതല്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞായിരുന്നു നിരോധമേര്‍പ്പെടുത്തിയത്.

ഫെയ്‌സ്ബുക്കും ട്വിറ്ററും ലഭിക്കാന്‍ പല ഇറാന്‍കാരും ആശ്രയിച്ചിരുന്നത് 'വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്' ( VPN software ) ആയിരുന്നു. രാജ്യത്തിന് വെളിയിലുള്ള കമ്പ്യൂട്ടറുകളുമായി സ്വന്തം കമ്പ്യൂട്ടറുകളെ ഇതുവഴി ബന്ധിപ്പിക്കാനാകും. എന്നാല്‍ , അത്തരം ട്രാഫിക് തടസ്സപ്പെടുത്താനുള്ള സാങ്കേതികവിദ്യയും ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം വികസിപ്പിച്ചിരുന്നു.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ അയവു വരുത്തുമെന്ന് പുതിയ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനി പറഞ്ഞിരുന്നു. മാത്രമല്ല, മൊഹമ്മദ് ജാവേദ് സരിഫ് ഉള്‍പ്പടെയുള്ള പല ക്യാബിനറ്റ് മന്ത്രിമാരും സ്വന്തം ഫെയ്‌സ്ബുക്ക് പേജുകളും ട്വിറ്റര്‍ അക്കൗണ്ടുകളും തുറക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഫെയ്‌സ്ബുക്കും ട്വിറ്ററും തടയപ്പെട്ടിട്ടില്ല എന്ന അമ്പരപ്പിക്കുന്ന സംഗതി ഇറാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കണ്ടതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 'ഹുറേ, VPN കൂടാതെ ഞാന്‍ ഫെയ്‌സ്ബുക്കിലെത്തി'-ബിറ്റ എന്ന യൂസറിന്റെ അപ്‌ഡേറ്റ് ഇങ്ങനെയായിരുന്നു. നിമയെന്ന മറ്റൊരു യൂസര്‍ പ്രതികരിച്ചത് 'റൗഹാനി, നന്ദി' എന്നായിരുന്നു.

'സുപ്രീം കൗണ്‍സില്‍ ഫോര്‍ സൈബര്‍സ്‌പേസി'ന്റെ ഉത്തരവാദിത്വത്തില്‍പെട്ട സംഗതിയാണ് ഇറാനിലെ ഇന്റര്‍നെറ്റ് സെന്‍സറിങ്. ലക്ഷക്കണക്കിന് വെബ്ബ് പേജുകള്‍ രാജ്യത്ത് അപ്രാപ്യമാക്കുന്നതിന് പിന്നില്‍ സുപ്രീം കൗണ്‍സിലാണ്. മാത്രമല്ല, ഒരു പ്രത്യേക പോലീസ് സംഘം ചെറുനഗരങ്ങളില്‍ റോന്തുചുറ്റി വീടുകളിലെത്തി വിലക്കേര്‍പ്പെടുത്തിയ സൈറ്റുകള്‍ നോക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാറുമുണ്ട്.

കടുംപിടിത്തക്കാരായ പല ഇറാനിയന്‍ നേതാക്കളും ഫെയ്‌സ്ബുക്കിനെ ഒരു 'സിയോണിസ്റ്റ് ഉപകരണ'മെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അത്തരം വിമര്‍ശനങ്ങള്‍ അവഗണിച്ച് ഫെയ്‌സ്ബുക്കും ട്വിറ്ററും പ്രസിഡന്റ് റൗഹനി രാജ്യത്ത് ലഭ്യമാക്കി എന്നാണ് കരുതേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫയര്‍വാളില്‍ സംഭവിച്ച എന്തെങ്കിലും പിഴവായിക്കൂടേ ഇതെന്ന് സംശയിക്കുന്നവരും ഇറാനില്‍ കുറവല്ല.
TAGS:
iran  |  facebook  |  twitter  |  social network  |  social media  |  internet censorship