ഓ​രോതവണ അപ്‌ഡേറ്റ് ചെയ്യുമ്പോഴും അടിമുടി മാറുകയാണ് ജനപ്രിയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വാട്‌സാപ്പ് വീണ്ടും ചില മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. സ്റ്റാറ്റസ് അപ്‌ഡേഷനില്‍ വന്ന മാറ്റമാണ് ഇതില്‍ ശ്രദ്ധേയം. ഇന്‍സ്റ്റാഗ്രാമിലെ 'യുവര്‍ സ്റ്റോറി' മാതൃകയില്‍ 'മൈ സ്റ്റാറ്റസ്' ഫീച്ചറാണ് വാട്‌സാപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്ടാക്റ്റ് ലിസ്റ്റും പ്രൊഫൈലും നോക്കുമ്പോള്‍ മാത്രം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് എത്തിക്കാന്‍ ഈ പുതിയ ഫീച്ചറിന് സാധിക്കും. 

ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാവും

അതേസമയം ശ്രദ്ധിച്ചില്ലെങ്കില്‍ തിരിഞ്ഞുകൊത്താവുന്ന വിധത്തിലുള്ളതാണ് ഈ പുതിയ ഫീച്ചര്‍. വ്യക്തമാക്കിയാല്‍ നമ്മുടെ ഫോണില്‍ സ്‌റ്റോര്‍ ചെയ്തിട്ടുള്ള എല്ലാ കോണ്‍ടാക്റ്റുകളും വാട്‌സ്ആപ്പിലെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ സ്വമേധയാ ചേര്‍ക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ' നിരവധി അണ്‍വാണ്ടഡ് ഫ്രണ്ട്‌സും'ഇതില്‍ കടന്നു കൂടുകയും ചെയ്യും. 

Image

ചിത്രവും വീഡിയോയും ജിഫ് ഫയലുകളും പങ്കുവെക്കാവുന്ന വിധത്തിലാണ് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നും ശ്രദ്ധിക്കാതെ ഇതില്‍ നമ്മുടെ ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരിലേക്കെല്ലാം എത്തും. അതില്‍ ഒരു പക്ഷെ നമ്മള്‍ ആഗ്രഹിക്കാത്ത പലരിലേക്കും. 

പരിഹാരമുണ്ട്

എന്നാല്‍ പേടിക്കേണ്ട കാര്യമില്ല. ഈ പ്രശ്‌നത്തിനുള്ള പരിഹാരവും വാട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. നമ്മള്‍ അയക്കുന്ന സ്റ്റാറ്റസ് ആരെല്ലാം കാണണം എന്ന് നമുക്ക് തന്നെ നിശ്ചയിക്കാം. ഇതിനായി സ്റ്റാറ്റസ് വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളിലായുള്ള മെനുവില്‍ സ്റ്റാറ്റസ് പ്രൈവസി സെറ്റിങ്‌സ് കാണാം. ഇതില്‍ നിന്നും നിങ്ങളുടെ സ്റ്റാറ്റസ് ഓഡിയന്‍സിനെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.

നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇത് സഹായകമാവും. മറ്റൊന്ന് നമ്മള്‍ പങ്കുവെക്കുന്ന ഒരോ സ്റ്റാറ്റസിനും 24 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ എന്നതാണ്.