വാട്‌സ്ആപ്പില്‍ മറ്റൊരാള്‍ക്ക് അയച്ചുകഴിഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള തിരിച്ചുവിളിക്കാനുള്ള സൗകര്യം വരുന്നു. ഏറെ നാളായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സൗകര്യം ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഒഎസ് ബീറ്റാ പതിപ്പില്‍ നേരത്തേ ഈ ഫീച്ചര്‍ എത്തിയിരുന്നു. വാട്‌സ്ആപ്പ് വെബിലും സൗകര്യം ലഭ്യമാക്കുമെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 

അതോടൊപ്പം ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സൗകര്യം ലഭ്യമാകുമെന്നാണ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്ന ടെക് സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വ്യക്തമാക്കുന്നുണ്ട്.

സന്ദേശം അയച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഡീലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാകും പുതുതായി വരിക. അബദ്ധത്തില്‍ ആളുമാറി അയക്കുന്ന മെസേജുകള്‍ പിന്‍വലിക്കാന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്കാകും.

ഇതിനൊപ്പം അക്ഷരങ്ങള്‍ ഇറ്റാലിക്‌സും ബോള്‍ഡുമൊക്കെ ആക്കാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.