സാന്‍ഫ്രാന്‍സിസ്‌കോ: പ്രശസ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടേയുമൊക്കെ അക്കൗണ്ടുകള്‍ക്ക് ആധികാരികത നല്‍കുന്നതിനായുള്ള ബ്ലൂടിക്  വെരിഫിക്കേഷന്‍ ട്വിറ്റര്‍ നിര്‍ത്തിവെച്ചു. ആഗസ്റ്റില്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്വിലില്‍ നടന്ന 'വൈറ്റ് നാഷണലിസ്റ്റ് യുണൈറ്റ് ദി റൈറ്റ്' റാലിയുടെ സംഘാടകന്‍ ജേസന്‍ കെസ്ലറുടെ ട്വിറ്റര്‍ അക്കൗണ്ടിന് വെരിഫൈഡ് ബാഡ്ജ് നല്‍കിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വെരിഫിക്കേഷന്‍ പ്രക്രിയ നിര്‍ത്തിവെക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്. 

വെളുത്ത വര്‍ഗക്കാര്‍ക്ക് അനുകൂലമായ തീര്‍ത്തും വര്‍ഗീയ സ്വഭാവമുള്ള റാലി യുവതിയുടെ മരണത്തിനിടയാക്കിയിരുന്നു.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് വെരിഫിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും അംഗീകാരമായും പ്രാധാന്യം നല്‍കുന്നതിന്റെ അടയാളമായും വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.

ഈ ആശയകുഴപ്പം തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും  അതിനാല്‍ എല്ലാ പൊതു വെരിഫിക്കേഷന്‍ നടപടപടികളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ട്വിറ്റര്‍ അറിയിച്ചു.

വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നീലനിറത്തിലുള്ള ടിക് മാര്‍ക്ക് നല്‍കിവരാറുണ്ട്. പൊതുരംഗത്ത് അറിയപ്പെടുന്ന ആളായതിനാല്‍ തന്നെ ജേസന്‍ കെസ്ലറുടെ അക്കൗണ്ടിനും വെരിഫൈഡ് ബാഡ്ജ് നല്‍കിയിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. നേരത്തെ ജൂലിയന്‍ അസാഞ്ചെയുടെ അക്കൗണ്ടിന്റെ വെരിഫിക്കേഷനും ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു.