കുളിമുറിയിലും കിടപ്പമുറിയിലും വെറുതെയിരിക്കുമ്പോഴുമെല്ലാം ഒരു പാട്ട് മൂളാത്തവരായി ആരുണ്ട് ?  ഇഷ്ടപ്പെട്ട പാട്ടിന്റെ കരോക്കെ തേടി നടക്കുന്നവരുമുണ്ട് നിരവധി. പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്കും പാട്ട് പാടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ് സ്മ്യൂളിന്റെ  'സിങ് കരോക്കെ' എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍. പാടിത്തിമിര്‍ക്കാന്‍ ഇഷ്ടം പോലെ കരോക്കെ ഗാനങ്ങളുണ്ട് ഈ ആപ്പില്‍. ഒപ്പം കൂടെ പാടാന്‍ ഇഷ്ടം പോലെ കൂട്ടുകാരും.

ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സിങ് കരോക്കെ  ആപ്പില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള, വിവിധ ശ്രേണികളില്‍ പെട്ട നിരവധി ഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തിന്റെ വലിയൊരു ശേഖരം തന്നെയുണ്ട്. മലയാള ഗാനങ്ങള്‍ ഉള്‍പ്പടെ. അവയില്‍ നിന്നും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് പാട്ടുപാടി റെക്കോര്‍ഡ് ചെയ്യാം.  പാടുന്നതിന്റെ വീഡിയോ അടക്കം ഓണ്‍ലൈനില്‍ പങ്കുവെക്കാം. 

ഒരു സ്മാര്‍ട്ട് ഫോണും ഹെഡ്‌സെറ്റും മാത്രമാണ് ഇതിന് ആവശ്യം. ഫേസ്ബുക്ക് ഐഡി, ഗൂഗിള്‍ അക്കൗണ്ട്, ഫോണ്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്മ്യൂളില്‍ ലോഗിന്‍ ചെയ്യാം

സോളോ ഗാനങ്ങളെ കൂടാതെ സ്മ്യൂളിലെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഡ്യുയറ്റ് പാടാനുള്ള സൗകര്യവും സ്മ്യൂള്‍ ഒരുക്കുന്നു. ഡ്യുയറ്റിന്റെ ഒരു ഭാഗം പാടി റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്താല്‍ മറുഭാഗം ആര്‍ക്ക് വേണമെങ്കിലും പാടാം. രണ്ടുപേരും പാട്ടുപാടുന്ന വീഡിയോ അല്ലെങ്കില്‍ ഓഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യും. ഇത് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്.

സിങ് കരോക്കെ, ഓട്ടോ റാപ്പ്, ഗിറ്റാര്‍, ഒക്കാര്‍ണിയ തുടങ്ങി നിരവധി മ്യൂസിക് ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുള്ള അമേരിക്കന്‍ കമ്പനിയാണ് സ്മ്യൂള്‍. ജെഫ് സ്മിത്ത് ജീ വാങ് എന്നിവര്‍ ചേര്‍ന്ന് 2008ലാണ് സ്മ്യൂള്‍ സ്ഥാപിക്കുന്നത്. 2012ലാണ് സിങ് കരോക്കെ ആപ്ലിക്കേഷന്‍ സ്മ്യൂള്‍ അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ സ്മ്യൂളില്‍ അംഗങ്ങളായുണ്ട്. സംഗീതപ്രേമികളായ ആളുകളെ ഒരു കൂടക്കീഴിലെത്തിക്കാന്‍ ഈ ആപ്പിന് സാധിക്കുന്നുണ്ട്.