ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ പുതിയ ചില പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ V2.17.93യിലാണ് പുതിയ മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ഇത് അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചനകള്‍. ആന്‍ഡ്രോയ്ഡ് പോലീസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വോയ്‌സ്-വീഡിയോ കോള്‍ ബട്ടണുകള്‍: വോയ്‌സ് കോളിനും വീഡിയോ കോളിനും വ്യത്യസ്ത ബട്ടണുകള്‍ കൊണ്ടുവന്നതാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം. നിലവില്‍, മുകളില്‍ വലതുഭാഗത്ത് ഒറ്റ കോള്‍ ബട്ടണാണ് ഉള്ളത്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ ഓപ്ഷനുകള്‍ പോപ്പ്-അപ്പ് ആയി വരികയാണ് ചെയ്യുക.

അറ്റാച്ച്‌മെന്റ് ബട്ടണ് സ്ഥാനമാറ്റം: വോയ്‌സ്-വീഡിയോ കോളുകള്‍ക്ക് പ്രത്യേക ബട്ടണുകള്‍ വന്നപ്പോള്‍ മുകള്‍ഭാഗത്തുണ്ടായിരുന്ന ഫയല്‍ അറ്റാച്ച്‌മെന്റിനായുള്ള ബട്ടന്റെ സ്ഥാനം മാറ്റിയിട്ടുണ്ട്. ബീറ്റാ പതിപ്പില്‍ അറ്റാച്ച്‌മെന്റ് ബട്ടണ്‍ ടെക്‌സ്റ്റ് ബാറിലാണ് നല്‍കിയിട്ടുള്ളത്.

ടെക്‌സ്റ്റിങ്ങിന് ഉപയോഗിക്കുന്ന എല്ലാ ബട്ടണുകളും ഇതോടെ ഉപയോക്താവിന് ഒരിടത്ത് ലഭ്യമാകും. ബീറ്റ പതിപ്പിലെ ഈ മാറ്റങ്ങള്‍ വാട്‌സ്ആപ്പ് നേരത്തേ ഐഫോണില്‍ നല്‍കിയിട്ടുള്ളതാണ്.

പുതിയ പതിപ്പില്‍ ടെക്‌സ്റ്റ് ബാറിന്റെ ആകൃതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ദീര്‍ഘവൃത്താകൃതിയിലാണ് പുതിയ ടെക്‌സ്റ്റ് ബാര്‍.

Watsapp Beta
Courtesy: Android Police.