ടിമുടി മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് . ന്യൂസ് ഫീഡില്‍ മാധ്യമ സ്ഥാപനങ്ങളുടേയും മറ്റ് സോഷ്യല്‍ മീഡിയാ പേജുകളുടെയും ഉള്ളടക്കങ്ങളുടെ ആധിക്യമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ന്യൂസ് ഫീഡ് അല്‍ഗരിതത്തില്‍ കാര്യമായ മാറ്റങ്ങളാണ് ഫെയ്‌സ്ബുക്ക് കൊണ്ടുവരുന്നത്.

വിവിധ പേജുകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലിങ്കുകളുമാണ് നിലവില്‍ ന്യൂസ് ഫീഡുകളില്‍ അധികമായുള്ളത്. ഇത് കാരണം ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. 

എന്നാല്‍ ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യസ് ഫീഡാണ് ഇനി ഫെയ്‌സ്ബുക്കിലുണ്ടാവുക. ഇക്കാര്യം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചു. 

ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്. സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'വ്യവസായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ബ്രാന്റുകള്‍ എന്നിവയില്‍ നിന്നുള്ള പോസ്റ്റുകളുടെ ആധിക്യമാണ് ഇപ്പോഴുള്ളത്. അത് വ്യക്തിപരമായ നിമിഷങ്ങളെ തള്ളിക്കളയുന്നുവെന്ന പരാതി ഉയരുന്നുണ്ട്.'

ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമാണ് ഇത് കാര്യമായ തിരിച്ചടിയാവുക. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി  ഫെയ്‌സ്ബുക്കില്‍ അടുത്തറിയുന്നവരില്‍ നിന്നുള്ള പോസ്റ്റുകളേക്കാള്‍ പൊതുഉള്ളടക്കങ്ങളും (Public Content) വീഡിയോകളും പെരുകുകയാണ്. ഇതുവഴി പരസ്പരം ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുകയെന്ന, ഫെയ്‌സബുക്കിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്നും വ്യതിചലിക്കുകയാണുണ്ടായതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഉണ്ടാവുക. സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ആശയ വിനിമയം സാധ്യമാക്കുക എന്നതായിരിക്കും ഇതിന്റെ പ്രാഥമിക ലക്ഷ്യം. 

തുടക്കത്തില്‍ സുഹൃത്തുക്കളില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കായിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രാധാന്യം കൂടുതല്‍. എന്നാല്‍ പിന്നീട് ഒരു സുഹൃത് ശൃംഖല എന്നതില്‍ നിന്നും മാറി ഉപയോക്താവും വിവിധ താല്‍പര്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഒന്നായി ഫെയ്‌സ്ബുക്ക് മാറുകയായിരുന്നു. ഇതില്‍ നിന്നൊരു പിന്നോട്ടു പോക്കാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്.

പൊതു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് പകരം പരിചിതരായവര്‍ ഇടപെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും ഇനി ന്യൂസ് ഫീഡില്‍ പ്രാമുഖ്യം ലഭിക്കുക. 

മാധ്യമങ്ങള്‍, ബ്രാന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കും മറ്റും ന്യൂസ് ഫീഡില്‍ കാര്യമായ പരിഗണന ലഭിക്കില്ല. പകരം ക്രിയാത്മകമായ ആശയവിനിമയങ്ങള്‍ ഫെയ്‌സ്ബുക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മുന്‍കൂട്ടി റെക്കോഡ് ചെയ്യുന്ന വീഡിയോകളേക്കാള്‍ ആളുകളുടെ ഇടപെടല്‍ കൂടുതലുള്ള ലൈവ് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കും. 

വാര്‍ത്തകള്‍ പല ചര്‍ച്ചകള്‍ക്കും തുടക്കമിടുന്ന ഒന്നാണെങ്കിലും നിലവില്‍ ഉപയോക്താക്കള്‍ക്കിടയില്‍ വീഡിയോകളും, വാര്‍ത്തകളും പേജ് അപ്‌ഡേറ്റുകളും എല്ലാം അപ്രധാനമായ അനുഭവങ്ങളാണ് എന്നാണ് ഫെയ്‌സ്ബുക്കിന്റെ നിരീക്ഷണം.

Content Highlights: Facebook feed change more importance for personal interactions than news and pages