സാൻഫ്രാൻസിസ്കോ: കമ്പനികള്‍ അവരുടെ യു ട്യൂബ് പരസ്യങ്ങള്‍ ബഹിഷ്‌കരിക്കുന്ന കാമ്പയിന്‍ വിപുലപ്പെടുത്തുന്നു. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പം തങ്ങളുടെ കമ്പനിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് വന്‍കിട കമ്പനികള്‍ യുട്യൂബിന് നല്‍കി വരുന്ന പരസ്യങ്ങള്‍ പിന്‍വലിച്ചത്.

പെപ്‌സിക്കോ, വാള്‍മാര്‍ട്ട്, സ്റ്റാര്‍ബക്കസ് എന്നിവരാണ് ഏറ്റവും ഒടുവിലായി പരസ്യങ്ങള്‍ പിന്‍വലിച്ച വന്‍കിട പരസ്യ ദാതാക്കള്‍. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാം വംശീയ വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോയ്‌ക്കൊപ്പമാണ് ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഇട്ടതെന്ന് അടുത്തിടെ വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്ത ശ്രദ്ധയിൽപെട്ട എടി ആന്റ് ടി, വെരിസോണ്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫോക്‌സ്വാഗന്‍ തുടങ്ങിയ കമ്പനികള്‍ ഏതാനും ദിവസം മുമ്പ് തങ്ങളുടെ പരസ്യങ്ങൾ യു ട്യൂബില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധമായ വീഡിയോകള്‍ക്കൊപ്പം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതില്‍ ഗൂഗിള്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും തല്‍സ്ഥിതി തുടരുകയാണ്.

ഓരോ മിനുട്ടിലും 400 മണിക്കൂര്‍ വീഡിയോകളാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണെന്നുള്ളതുകൊണ്ടാണ് ഓട്ടോ മാറ്റഡ് പ്രോഗ്രാം വഴി വീഡിയോയ്‌ക്കൊപ്പം പരസ്യം പ്രത്യക്ഷപ്പെടുന്നത്. നിലവിലെ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇത്തരത്തിലുള്ള മോശം വീഡിയോകള്‍ യുട്യൂബില്‍ നിന്ന നീക്കം ചെയ്യുകയാണ് ഗൂഗിളിനുള്ളിലെ ഏക പോംവഴി.

ഇത്തരം വംശീയ വിദ്വേഷ വിഷം ചീറ്റുന്ന വീഡിയോകള്‍ തങ്ങളുടെ മൂല്യങ്ങൾക്ക് എതിരാണെന്ന് വാള്‍മാര്‍ട്ട് തുറന്നടിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കും വരെ യുട്യൂബുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പല കമ്പനികളും.