ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കും പരസ്യദാതാക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. സ്‌റ്റോറീസില്‍ 'ടൈപ്പ് മോഡ്', ' കരോസല്‍ ആഡ്‌സ്' എന്നിങ്ങനെ രണ്ട് പുതിയ സൗകര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ കളര്‍ ബാക്ക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് സ്റ്റാറ്റസ് സൗകര്യം അവതരിപ്പിച്ചപോലെയാണ് ഇന്‍സ്റ്റാഗ്രാമിലെ ടൈപ്പ് മോഡ്. ഇതുവഴി മനോഹരമായ പശ്ചാത്തലങ്ങളില്‍ വിവിധ അക്ഷര രൂപകങ്ങളുപയോഗിച്ച് മനസിലുള്ളവ ടൈപ്പ് ചെയ്ത് സ്റ്റോറീസ് ആയി പോസ്റ്റ് ചെയ്യാം.

കരോസല്‍ ആഡ്‌സ് സൗകര്യം പരസ്യ ദാതാക്കള്‍ക്ക് വേണ്ടിയുള്ളതാണ് മൂന്ന് മീഡിയാ ഫയലുകള്‍ ഉപയോഗിച്ച് സ്‌റ്റോറീസ് വഴി പരസ്യം നല്‍കാന്‍ സാധിക്കുന്ന സംവിധാനമാണിത്. നേരത്തെ ഒരു മീഡിയാ ഫയല്‍ മാത്രമായിരുന്നു പരസ്യത്തിനായി ഉപയോഗിക്കാനാവുക.

ടൈപ്പ് മോഡ് ഉപയോഗിക്കുന്നതിന് ആദ്യം ക്യാമറ ഓപ്പണ്‍ ചെയ്ത് റെക്കോഡ് ബട്ടന് താഴെയുള്ള ടൈപ്പ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. ഇതില്‍ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ടവ ടൈപ്പ് ചെയ്യുക. 

അക്ഷരങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് വിവിധ അക്ഷര രൂപങ്ങള്‍ ഉപയോഗിക്കാം. കൂടാതെ വിവിധ പശ്ചാത്തല നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലത്തില്‍ ചിത്രം ഉപയോഗിക്കാനും അക്ഷരങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും സാധിക്കും. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.