ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതെടുത്ത ചിത്രങ്ങളില്‍ ഒന്ന് ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ചിത്രങ്ങളില്‍ ഒന്നില്‍ ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതൊരു സ്ത്രീയുടെ പ്രതിമയാണോ അതോ നമ്മള്‍ അയച്ച റോവറിനെ നിരീക്ഷിക്കുന്ന ജീവനുള്ള സ്ത്രീ തന്നെയോ എന്നത് നമുക്കറിയില്ല. ഒരുപക്ഷെ ചൊവ്വയിലെ തന്നെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ നിന്നും ചൊവ്വാപര്യവേഷണത്തിനു വന്നവരില്‍ ഒരാളോ ആയിരിക്കാം!

ഈ സംഭവത്തിനു മുമ്പ് 1976 ല്‍ ചൊവ്വയുടെ ഫോട്ടോകള്‍ എടുത്ത നാസയുടെ വൈക്കിംഗ് 1 ചൊവ്വയില്‍ ഒരു മനുഷ്യന്റെതിന് സമാനമായ ജീവിയുടെ തല മണ്ണില്‍ പുതഞ്ഞു കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഇയാള്‍ ചൊവ്വയില്‍ വന്നു മരണമടഞ്ഞ ഒരു അന്യഗ്രഹജീവിയായിരിക്കുമോ? ഒരുപക്ഷെ ഇയാളെ തേടിയായിരിക്കുമോ ആ സ്ത്രീ ചൊവ്വയില്‍ വന്നത്? എന്തായാലും അധികം വിവരങ്ങള്‍ നമുക്കറിയില്ല. 

ഒരുപക്ഷേ, നാസ ഈ അതിരഹസ്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതാണോ? 

ഇത് വായിച്ചു ആകാംഷാഭരിതരാകുകയോന്നും വേണ്ട. ഇതൊക്കെ വെറുതെ. ചൊവ്വയില്‍ കണ്ട ചില പാറക്കഷണങ്ങളുടെ ആകൃതി മനുഷ്യമുഖം പോലെ അല്ലെങ്കില്‍ സ്ത്രീയെപോലെ തോന്നിക്കുന്നു എന്നുമാത്രം. ബാക്കിയൊക്കെ എന്റെ ഭാവന. 

ചൊവ്വയില്‍ മാത്രമല്ല, ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നോക്കിയാലും അവിടെ ഏതെക്കയോ ജീവികളുടെ രൂപങ്ങള്‍ കാണാന്‍ കഴിയും. വെറുതെ മേഘങ്ങളെ നോക്കിയാല്‍ പോലും ചിലപ്പോള്‍ മേഘങ്ങളുടെ ആകൃതി ചില ജീവികളുടെ രൂപങ്ങളായി നമുക്ക് കാണാം. ചിലപ്പോള്‍ ഡിങ്കനടക്കമുള്ള ദൈവങ്ങളും ഇങ്ങനെ മേഘങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മേഘങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ കരിഞ്ഞ ദോശയിലും, പൊരിച്ച ബ്രെഡിലും വരെ മുഖവും സന്ദേശങ്ങളും തെളിഞ്ഞു വരാം. അല്ലെങ്കില്‍ നിങ്ങള്‍ എടുത്ത ഒരു ഫോട്ടോയില്‍ ഒരു ഭൂതം പ്രത്യക്ഷപ്പെടാം. 

Human Face on Clouds
മേഘങ്ങളില്‍ തെളിയുന്ന മുഖം

 

എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഇതാണ് ഈ ലേഖനത്തിന്റെ വിഷയം.

മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് പുറത്തുനിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചും, അത് മുന്‍പുള്ള വിവരങ്ങളുമായി ചേര്‍ത്ത് വിശകലനം ചെയ്തുമാണ്. നമ്മുടെ മസ്തിഷ്‌കം ഈ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അത് ചില ക്രമങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടെ ക്രമം എന്ന വാക്കിനു പാറ്റെണ്‍ ( pattern ) അല്ലെങ്കില്‍ വിവരങ്ങളുടെ ഒരു ശൃംഖല എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. 
അടിസ്ഥാനപരമായി ഉയര്‍ന്ന ബുദ്ധിവികാസമുള്ള ജീവികളെല്ലാം ഇങ്ങനെ ക്രമങ്ങള്‍ കണ്ടെത്തുന്നവയാണ്. അങ്ങനെയാണ് അവയുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന മസ്തിഷ്‌ക ക്ഷമതയുള്ള മനുഷ്യന്റെ കാര്യം പറയുകയേ വേണ്ട. അറിഞ്ഞും അറിയാതെയും പല ക്രമങ്ങള്‍ നമ്മുടെ മസ്തിഷ്‌കം ഉണ്ടാക്കുന്നു. ഇങ്ങനെയാണ് നമ്മുടെ മസ്തിഷ്‌കം തീരുമാനങ്ങള്‍ എടുക്കുന്നത്. ഞാന്‍ ഈ പറഞ്ഞ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതി വളരെ ലഘൂകരിച്ചതാണ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതിയല്ല ഇവിടുത്തെ വിഷയം. 

ക്രമങ്ങള്‍ കണ്ടെത്തി കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന മസ്തിഷ്‌കത്തിന്റെ സ്വഭാവംമൂലം നമ്മള്‍ ചിലപ്പോള്‍ പരസ്പരബന്ധങ്ങളില്ലത്ത കാര്യങ്ങള്‍ തമ്മില്‍ ബന്ധിക്കാന്‍ ശ്രമിക്കും. ഈ പ്രതിഭാസത്തിനു Apophenia എന്നാണ് വിളിക്കുന്നത്. 

ഉദാഹരണത്തിന് നിങ്ങളുടെ ഒരു ശുഭദിനം എടുക്കാം: ബസ് കാത്തുനിന്നപ്പോള്‍ മൊബൈലില്‍ ദിലീപിന്റെ ലേഖനം വായിച്ചു, അതിനിട്ട കമന്റില്‍ ആരോ തെറിവിളിച്ചു, വന്ന ബസ് നിര്‍ത്തിയില്ല, അടുത്ത ബസ്സില്‍വച്ച് നിങ്ങളുടെ ആ മൊബൈല്‍ ആരോ അടിച്ചുമാറ്റി, താമസിച്ചു ചെന്നതിനാല്‍ പോയ കാര്യമാണെങ്കില്‍ നടന്നതുമില്ല. തീര്‍ച്ചയായും ഈ സംഭവങ്ങളെല്ലാം തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ നിങ്ങളുടെ മസ്തിഷ്‌കം ശ്രമിക്കും. അവന്റെ ലേഖനത്തിനെന്തോ അപശകുനമില്ലേ എന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിക്കും.

ചില പ്രത്യേക ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്ത കാര്യം ഫലവത്തായി ഭവിച്ചു എന്നും, ഡിങ്കനോട് പ്രാര്‍ഥിച്ചശേഷം ചെയ്ത കാര്യം സംഭവിക്കാറുണ്ട് എന്ന് കണ്ടെത്തുമ്പോഴും, ചൂതാടുമ്പോള്‍ ചില പ്രത്യേക നമ്പരുകള്‍ നിങ്ങളുടെ ഭാഗ്യനമ്പരുകലായി വരുന്നുണ്ട് എന്ന് തോന്നുമ്പോഴും, ചിലപ്പോള്‍ ചില കാര്യങ്ങളില്‍ നിഗൂഢതകള്‍ കണ്ടെത്തുമ്പോഴും, നാം ക്രമങ്ങള്‍ തിരയുന്ന നമ്മുടെ മസ്തിഷ്‌കത്തിന്റെ സ്വഭാവത്തിന് വഴങ്ങുകയാണ് ചെയ്യുന്നത്. 

Girl on Mars
നാസയുടെ സ്പിരിറ്റ് റോവര്‍ 2007 ല്‍ പകര്‍ത്തിയ ചൊവ്വാപ്രതലത്തിന്റെ ദൃശ്യം. അവിടെ ഒരു സ്ത്രീയുടെ രൂപം കണ്ടതായി വാര്‍ത്ത പരന്നു. വൃത്തിലുള്ള പാറയുടെ ആകൃതിയാണ് സ്ത്രീരൂപമായി തെറ്റിദ്ധരിച്ചത്. ചിത്രം കടപ്പാട്: NASA/JPL-Caltech/Cornell Universtiy

 

ചിലപ്പോള്‍ നാം കണ്ടെത്തുന്ന ക്രമങ്ങള്‍ ശരിയാകാം. എന്നാല്‍ ഭൂരിപക്ഷം കാര്യങ്ങളിലും യാതൊരു ക്രമവുമില്ലെങ്കിലും നാം ക്രമങ്ങള്‍ കണ്ടെത്താറുണ്ട് എന്നതാണ് സത്യം. പല വിവരങ്ങള്‍ കൂട്ടിവച്ച് മസ്തിഷ്‌കത്തിന് കഥകള്‍ മെനയാം. വിവാദങ്ങളും നിഗൂഢതകളും ഉണ്ടാക്കാം. ഉദാഹരണത്തിന് ചൊവ്വയില്‍ കണ്ട മനുഷ്യമുഖമുള്ള കല്ലുകള്‍ വച്ച് ഞാന്‍ മെനഞ്ഞ കഥപോലെ. 

ഇങ്ങനെ ക്രമങ്ങള്‍ കണ്ടെത്തുന്ന മസ്തിഷ്‌കത്തിന്റെ സ്വഭാവത്തിന്റെ ചെറിയൊരു പതിപ്പാണ് ക്രമരഹിതമായ ആകൃതികളില്‍ മുഖമോ, ജീവികളുടെ ആകൃതികളോ കണ്ടെത്തുന്നത്.  സത്യത്തില്‍ എല്ലാം നമ്മുടെ തോന്നല്‍ മാത്രമാണ്. ഈ തോന്നലിന്  പരാഡോലിയ (pareidolia) എന്നാണ് വിളിക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ ഈ സ്വഭാവം കാരണം നാം കാണുന്ന ചില ആകൃതികള്‍ മുഖം പോലെയോ ഏതെങ്കിലും ജീവികള്‍ പോലെയോ തോന്നിപ്പിക്കും. 

മുഖം തിരിച്ചറിയാനുള്ള ഒരു കഴിവ് നമ്മുടെ മസ്തിഷ്‌കത്തിനുണ്ട്. ഉദാഹരണത്തിന് ചാറ്റിങ്ങില്‍ ഉപയോഗിക്കുന്ന സ്‌മൈലി എടുക്കുക. ഇത് ഒരു വലിയ വൃത്തവും അതില്‍ രണ്ടു ചെറിയ വൃത്തവും ഒരു ചന്ദ്രക്കലയും ചേര്‍ന്നതാണ്. എന്നാല്‍ ഇത് നിങ്ങള്‍ ചിരിക്കുന്ന മുഖമായി ആണല്ലോ തിരിച്ചറിയുന്നത്. എന്ത് വികലമായ ആകൃതികളിലും ഒരു ജീവിയോ അതോ മുഖമോ ഒളിച്ചിരിപ്പുണ്ടോ എന്ന് നിങ്ങളുടെ മസ്തിഷ്‌കം ഉടന്‍ കണ്ടുപിടിക്കും. ഈ കാരണം കൊണ്ടാണ് ചൊവ്വയില്‍ കണ്ട കല്ലിന് മനുഷ്യന്റെ മുഖമായി നമുക്ക് തോന്നിയത്. 

മറ്റൊരു ഉദാഹരണം തരാം. താഴെ കാണുന്ന ചിത്രം നോക്കുക. ഇതില്‍ ക്രമരഹിതമായ കറുത്ത വരകളും കുത്തുകളുമാണ്. ഇതില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? നിങ്ങളുടെ ഭാവനക്കനുസരിച്ച് (മസ്തിഷ്‌കത്തില്‍ ആദ്യമേ ഉള്ള വിവരങ്ങള്‍ക്കനുസരിച്ച്) നിങ്ങള്‍ അതില്‍ പല ആകൃതികളും കാണാം. 

pattern on barin

എന്തുകൊണ്ടാണ് ക്രമരഹിതമായ വിവരങ്ങള്‍ ചേര്‍ത്തുവച്ചു നമ്മുടെ മസ്തിഷ്‌കം കഥകള്‍ മെനയുന്നത്? എന്തുകൊണ്ടാണ് ക്രമരഹിതമായ ഒരു ചിത്രത്തിലോ വസ്തുവിലോ നാം മുഖവും ജീവികളും കണ്ടെത്തുന്നത്? മസ്തിഷ്‌കത്തിന്റെ ഈ സ്വഭാവം പരിണാമത്തിന്റെ സംഭാവനയാണ്.

ഇരുകാലികളായി പരിണമിച്ചുവന്ന മനുഷ്യനെന്ന ജീവികള്‍ക്ക് അതിജീവിക്കാനുള്ള ഏക ആശ്രയം അവന്റെ മസ്തിഷ്‌കത്തിന്റെ കഴിവായിരുന്നു. അതുകൊണ്ടുതന്നെ ശക്തിയേറിയ മസ്തിഷ്‌കം പരിണമിച്ചുവന്നു. ഇതാണ് മനുഷ്യനെ ബുദ്ധിയുള്ള ജീവികളാക്കിയത്. കാട്ടില്‍ പതുങ്ങിയിരിക്കുന്ന ഒരു രൂപം ഒരു ശത്രുജീവിയാണോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മസ്തിഷ്‌കം തീരുമാനിക്കേണ്ടത് ജീവന്റെയും മരണത്തിന്റെയും ഇടയിലുള്ള കാര്യമായിരുന്നു. അങ്ങനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന മസ്തിഷ്‌കത്തിന്റെ ഉടമകളെല്ലാം ഏതെങ്കിലും മൃഗത്തിന്റെ ഭക്ഷണമായിട്ടുണ്ടാകും. അവരുടെ ജീനുകള്‍ മനുഷ്യവര്‍ഗ്ഗത്തില്‍നിന്നും അപ്രത്യക്ഷമായി. 

കാറ്റില്‍ ചെറുതായി അനങ്ങുന്ന ഇല കണ്ടു ഒരു ശത്രുജീവിയാണോ എന്ന് തെറ്റിദ്ധരിച്ചാല്‍പോലും കുഴപ്പമില്ല. അതുകൊണ്ട് നഷ്ടമൊന്നുമില്ല. എന്നാല്‍ അത് ശരിക്കുമൊരു ജീവിയായിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും. അതുകൊണ്ട് ആകൃതികള്‍ കണ്ടു ജീവികളാണെന്ന് തെറ്റിദ്ധരിക്കുന്നതായിരുന്നു മനുഷ്യന്റെ ആയുസിന് നല്ലത്.  ഈ പ്രത്യേക സാഹചര്യമാണ് ഉള്ളിടത്തും ഇല്ലത്തയിടത്തും നമ്മുടെ മസ്തിഷ്‌കം ആകൃതികള്‍ കണ്ടെത്തുന്ന രീതിയില്‍ പരിണമിക്കാന്‍ കാരണമായത്.   

കാണുന്നതില്‍ മാത്രമല്ല കേള്‍ക്കുന്നതിലും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് വശമില്ലാത്ത ഒരു ഭാഷയിലെ ഒരു പാട്ട് കേള്‍ക്കുന്നു എന്നിരിക്കട്ടെ. ശ്രദ്ധിച്ചുകേട്ടാല്‍ അതില്‍ ചില മലയാളപദങ്ങള്‍ ഇല്ലേ എന്ന് നിങ്ങള്ക്ക് തോന്നാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്ന പാട്ടിന്റെ രീതി ഇല്ലേ എന്ന് തോന്നാം. ചില റഷ്യന്‍ നാടോടി ഗാനങ്ങള്‍ പാടിയിരിക്കുന്നത് മലയാള വാക്കുകള്‍ ഉപയോഗിച്ചാണെന്ന് തോന്നിപ്പിക്കുന്ന തമാശ വീഡിയോകള്‍ ഇവിടെ (https://www.youtube.com/watch?v=zvjuT5O2GWw ) കേട്ട് നോക്കുക. 

ഷവറില്‍ കുളിക്കുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടോ എന്ന സംശയം ചിലപ്പോളെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ. വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ മസ്തിഷ്‌കം മുമ്പ് ശേഖരിച്ചു വച്ചിട്ടുള്ള സമാനമായ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമായി ബന്ധിപ്പിക്കുന്നു. 

ശബ്ദങ്ങളുടെ ക്രമങ്ങള്‍ കണ്ടെത്തുന്ന ഈ പ്രത്യേകതക്ക് പിന്നിലും ഞാന്‍ മുകളില്‍ പറഞ്ഞ കാരണമാണ്. കാട്ടില്‍ ഉണ്ടാകുന്ന ചെറിയ ശബ്ദം എന്തെങ്കിലും അപകടമാണോ എന്ന് വിശകലനം ചെയ്യേണ്ടിയിരുന്നു. എന്നുവച്ചാല്‍ ഓരോ ശബ്ദത്തിലും മുമ്പെപ്പോഴെങ്കിലും കേട്ട ഏതെങ്കിലും അപായത്തിന്റെ ധ്വനി പതിയിരുപ്പുണ്ടോയെന്ന് മസ്തിഷ്‌കത്തിന് അറിയേണ്ടതുണ്ടായിരുന്നു. ഈ കഴിവ് ഇല്ലത്തവരെല്ലാം ഏതെങ്കിലും ജീവിയുടെ ഭക്ഷണമായിട്ടുണ്ടാകും. കുറച്ചെങ്കിലും ഉള്ളവര്‍ കൂടുതല്‍കാലം ജീവിച്ചു. അങ്ങനെ ശബ്ദങ്ങളിലും ക്രമങ്ങള്‍ കണ്ടെത്തുന്നവരായി നാം പരിണമിച്ചു. 

ഇനി ഒരു പ്രധാന സംഗതി എന്താണെന്നുവച്ചാല്‍ നിങ്ങളുടെ ക്രമം തിരയുന്ന മസ്തിഷ്‌കത്തിന് എന്തെങ്കിലും ഒരു ആകൃതി കാണിച്ചുകൊടുക്കുകയാണെങ്കില്‍ പിന്നീട് അവിടെ നിങ്ങള്‍ ആ ആകൃതി കൃത്യമായി കാണും. ഉദാഹരണത്തിന് ഞാന്‍ മുകളില്‍ കാണിച്ച കറുത്ത വരകളും മറ്റുമുള്ള ആ ചിത്രത്തില്‍ എന്താണ് നോക്കെണ്ടാതെന്നു അടയാളപ്പെടുത്തി താഴെ കാണിക്കുന്നു. അതില്‍ തറയില്‍ നിന്നും എന്തോ തിന്നുന്ന ഒരു ഡാല്‍മേഷ്യന്‍ നായയാണ് ഉള്ളത്. ഇത് കണ്ട ശേഷം നിങ്ങള്‍ മുകളിലെ ചിത്രത്തില്‍ പോയി നോക്കിയാല്‍ നിങ്ങള്‍ ഈ നായയെ പെട്ടന്ന് കാണും (ഇതേപോലെ ആ റഷ്യന്‍ നാടോടി ഗാനം വെറുതെ കേട്ടാല്‍ നിങ്ങള്ക്ക് ഒന്നും തോന്നില്ല. എന്നാല്‍ ആ ട്യൂണിനനുസരിച്ചുള്ള മലയാളം വാക്കുകള്‍ പാട്ടിനൊപ്പം കണ്ടാല്‍ അത് മലയാളം പാട്ടല്ലേ എന്ന് തോന്നിപ്പോകും). 

Pattern on Brain

വീണ്ടും ചിത്രത്തിലേക്ക് വരാം. ഇനി നായയുടെ പിറകിലായി ഒരു കുരങ്ങിന്റെ പോലെയുള്ള മുഖമുണ്ട്. ഇനി വീണ്ടും ചിത്രം നോക്കിയാല്‍ നിങ്ങള്‍ മുന്‍പ് കാണാന്‍ വിട്ടുപോയ കുരങ്ങിന്റെ മുഖം അതില്‍ കാണും. നിങ്ങളുടെ മസ്തിഷ്‌കം അത് കണ്ടുപിടിക്കും എന്ന് എനിക്കുറപ്പുണ്ട്. കാരണം നമ്മുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് അത് ശേഖരിച്ചുവച്ച വിവരങ്ങള്‍ കൂടി കണക്കിലെടുത്താണ്. 

നായയെയോ അതുപോലെയുള്ള ജീവികളെയും ഇതുവരെ കാണാത്ത ഒരാള്‍ ഈ ചിത്രത്തില്‍ നായയെ കാണില്ല. മറിച്ചു അയാളുടെ മുന്‍അനുഭവങ്ങള്‍ക്കനുസരിച്ചുള്ള ഒരു ജീവിയെ ആയിരിക്കും കാണുക. 

ആകാശത്ത് ഡിങ്കനെ കണ്ടു എന്ന് പറയുന്നവരും, മീനിന്റെ മുകളില്‍ മാഷാ ഡിങ്കാ എന്ന എഴുത്ത് കണ്ടു എന്ന് പറയുന്നവരും യഥാര്‍ഥത്തില്‍ അവരുടെ മസ്തിഷ്‌കത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള വിവരങ്ങള്‍ക്കനുസരിച്ചുള്ള  ചില ആകൃതികളില്‍ കണ്ടെത്തുന്നു എന്ന് മാത്രം. നിങ്ങളുടെ മുന്‍വിധി ഈ ആകൃതികള്‍ കണ്ടെത്താന്‍ സഹായിക്കും. 

ഒരിക്കല്‍ നിങ്ങള്‍ ഒരു ആകൃതി കണ്ടെത്തിയാല്‍ നിങ്ങളുടെ മസ്തിഷ്‌കം അവിടെ എപ്പോഴും ആ ആകൃതി എടുത്തു കാണിക്കും. ഉദാഹരണത്തിന് ഇനി മുകളിലെ ചിത്രം നോക്കുമ്പോഴെല്ലാം നിങ്ങള്‍ ആ നായയെ വളരെ വ്യക്തമായി കാണും. നിങ്ങള്‍ ആദ്യം കാണാത്ത നായ ഇപ്പോള്‍ അവിടെ ഉണ്ടെന്ന കാര്യത്തില്‍ നിങ്ങള്ക്ക് യാതൊരു സംശയവും ഇല്ല.

എന്തായാലും, ഇനി അത്ഭുതം അത്ഭുതം എന്ന് വിളിച്ചുപറയുന്നതിന് മുമ്പ് മസ്തിഷ്‌കം പറ്റിച്ചതല്ലേ എന്നാലോചിക്കുന്നത് നന്നായിരിക്കും.

കൂടുതല്‍ അറിയാല്‍ മൈക്കല്‍ ഷെര്‍മര്‍ എഴുതിയ Why People Believe in Weird Things എന്ന ബുക്കും ബെന്‍ ഗോള്‍ഡക്കര്‍ എഴുതിയ The Bad Science എന്ന ബുക്കും വായിക്കുക 
മൈക്കല്‍ ഷെര്‍മര്‍ നല്‍കുന്ന അവതരണം ഈ വീഡിയോയില്‍ (https://www.youtube.com/watch?v=8T_jwq9ph8k ) കാണാം.