Oil Cleaning membrane
വെള്ളത്തില്‍ കലര്‍ന്ന ഓയില്‍ അംഗം നാനോ ഫൈബര്‍ ഷീറ്റുകള്‍ കൊണ്ട് നീക്കം ചെയ്യുന്നു

 

ഓയില്‍ മാലിന്യങ്ങള്‍ വെള്ളത്തില്‍ നിന്ന് ഒരു തൂവാലകൊണ്ടെന്ന വിധം നീക്കംചെയ്യാന്‍ സഹായിക്കുന്ന പരിസ്ഥതി സൗഹൃദ സങ്കേതവുമായി മലയാളി ഗവേഷകര്‍. കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) യില്‍ രസതന്ത്രവിഭാഗത്തിലെ ഗവേഷകരാണ്, ജലശുദ്ധീകരണരംഗത്ത് പുത്തന്‍ കുതിപ്പേകാവുന്ന നാനോ ഫൈബര്‍ ഷീറ്റുകള്‍ വികസിപ്പിച്ചത്. 

തേനീച്ചക്കൂട്ടില്‍ നിന്നുള്ള മെഴുകുപയോഗിച്ചാണ് ഓയില്‍ മാലിന്യങ്ങള്‍ നീക്കാനുള്ള നാനോ ഫൈബര്‍ ഷീറ്റുകള്‍ വികസിപ്പിച്ചതെന്ന് റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ 'ആര്‍എസി അഡ്വാന്‍സസ്' എന്ന അന്തര്‍ദേശീയ ഗവേഷണ ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

എന്‍ഐടിയില്‍ മെറ്റീരിയല്‍ റിസര്‍ച്ച് ലാബിലെ ഗവേഷണ വിദ്യാര്‍ഥി രശ്മി സി. ആര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എ.സുജിത് എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഗവേഷണവിദ്യാര്‍ഥികളായ സുജ പി.സുന്ദരന്‍, സഗിത പി എന്നിവരും, എംഎഎംഒ കോളേജിലെ അധ്യാപകന്‍ ജൂരൈജ് കെ യും ഗവേഷണസംഘത്തിലുണ്ട്. 

'തേനീച്ചക്കൂട്ടില്‍ നിന്നുള്ള മെഴുകും പോളികാപ്രോലാക്ടം എന്ന മണ്ണിലലിയുന്ന തരം പ്ലാസ്റ്റിക്കും തമ്മില്‍ ചേര്‍ത്ത് ഇലക്ട്രോസ്പിന്‍ എന്ന സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കുന്ന സ്തരങ്ങളാണ്' വെള്ളത്തില്‍ നിന്ന് എണ്ണ നീക്കംചെയ്യാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ അറിയിക്കുന്നു. 

 
NIT Team
ഗവേഷണ സംഘാംഗങ്ങളായ രശ്മി സി.ആര്‍, സുജ സുന്ദരന്‍, ജൂരൈജ് കെ, ഡോ.എ.സുജിത് എന്നിവര്‍

 

പ്രകൃതിജന്യമായ ഒട്ടേറെ ഹൈഡ്രോകാര്‍ബണുകള്‍ അടങ്ങിയ പദാര്‍ഥമാണ് തേനീച്ചക്കൂട്ടിലെ മെഴുക് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുതിയ വിദ്യ രൂപപ്പെടുത്തിയത്. പോളികാപ്രോലാക്ടവുമായി ഈ മെഴുക് യോജിപ്പിക്കുമ്പോള്‍ വെള്ളത്തില്‍ ഒരു തരത്തിലും നനയാത്ത വസ്തുക്കളുണ്ടാകുന്നു. 'പുതുതായി നിര്‍മിച്ച നാനോ ഫൈബര്‍ ഷീറ്റില്‍ വെള്ളം വീഴുകയാണെങ്കില്‍, അത് ചേമ്പിന്റെ ഇലയിലെന്ന വണ്ണം തെറിച്ചുപോകും', ഗവേഷകര്‍ പറയുന്നു. 'എന്നാല്‍, ഓയില്‍ തുള്ളികളെ ഇവ ആഗിരണം ചെയ്യുകയും ചെയ്യും'. വെള്ളവും എണ്ണയും കലര്‍ന്ന മിശ്രിതം ഇതിലൂടെ കടത്തിവിടുമ്പോള്‍ ഒരു അരിപ്പ പോലെ ഇത് പ്രവര്‍ത്തിക്കുന്നു. ഓയിലിനെ മാത്രം പുറത്തേക്ക് കടത്തിവിടുന്നു. 

തേനീച്ചക്കൂട്ടിലെ മെഴുകുകൊണ്ട് പരിസ്ഥിതിക്കിണങ്ങിയ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമമാണ് ഈ നാനോ സ്തരം രൂപപ്പെടുത്തുന്നതിലേക്ക് തങ്ങളെ നയിച്ചതെന്ന്, ഡോ.സുജിത് അറിയിക്കുന്നു. 'ഒരു വര്‍ഷത്തെ ഗവേഷണം വേണ്ടിവന്നു ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍'-അദ്ദേഹം പറഞ്ഞു.

Oil Cleaning membrane
തേനീച്ചക്കൂട്ടില്‍ നിന്നുള്ള മെഴുകുപയോഗിച്ചാണ് നാനോ ഫൈബര്‍ ഷീറ്റുകള്‍ ഗവേഷകര്‍ വികസിപ്പിച്ചത്

 

ഓയില്‍ മാലിന്യം നീക്കി വെള്ളം ശുദ്ധീകരിക്കാന്‍ നിലവിലുള്ള മാര്‍ഗ്ഗങ്ങളുടെ പ്രത്യേകത അവയ്‌ക്കെല്ലാം ഊര്‍ജം ഉപയോഗിക്കേണ്ടി വരുന്നു എന്നതാണ്. ചൂടാക്കി വെള്ളം നീരാവിയായി വേര്‍തിരിച്ചെടുക്കുക പോലുള്ള മാര്‍ഗങ്ങള്‍ ഉദാഹരണം. എന്നാല്‍, എന്‍ഐടി ഗവേഷകര്‍ രൂപപ്പെടുത്തിയ നാനോ സ്തരങ്ങളുടെ കാര്യത്തില്‍ ഇത്തരം ഊര്‍ജത്തിന്റെ ആവശ്യം വേണ്ടിവരുന്നില്ല. 

വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍, ഓയില്‍ മാലിന്യം നീക്കി വെള്ളം വന്‍തോതില്‍ ശുദ്ധീകരിക്കാന്‍ പുതിയ വിദ്യ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്ന്് മാത്രമല്ല, ഒരേ നാനോ ഷീറ്റ് തന്നെ പലതവണ ജലശുദ്ധീകരണത്തിന് ഉപയോഗിക്കുകയും ചെയ്യാം (ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: എന്‍ഐടി ടീം).