ഴിഞ്ഞ ലേഖനത്തില്‍ (https://goo.gl/N2o1JA ) ഞാന്‍ വൈറസുകളെ എങ്ങനെ കാണുവാന്‍ കഴിയും എന്ന് എഴുതിയിരുന്നു. കാണുക എന്നതിന് മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണുക എന്നല്ല അര്‍ത്ഥം. നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വസ്തുക്കള്‍ മറ്റു ധാരാളം വിധത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും എന്നും ഞാന്‍ പറഞ്ഞിരുന്നു. ഉദാഹരണത്തിന് വൈറസുകള്‍ അടക്കമുള്ള ചെറിയ വസ്തുക്കളെ നമുക്ക് ഒരു ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്  ഉപയോഗിച്ച് കാണാന്‍ കഴിയും.

എന്നാല്‍ പനിയൊക്കെ പിടിച്ച് നിങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ഡോക്ടര്‍ നിങ്ങള്‍ക്ക് വൈറസ് പനിയാണെന്ന് എങ്ങനെയാണ് കണ്ടെത്തുന്നത്? ഡോക്ടര്‍ നിങ്ങളെ ഒരു ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ പിടിച്ചിരുത്തുന്നുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ രക്തമോ മറ്റോ ഇത്തരം മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുന്നുണ്ടോ? രണ്ടും ഇല്ല എന്നാണു ഉത്തരം. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് പോലെയുള്ള വലിയ ഉപകരണങ്ങള്‍ ഗവേഷണ ആവശ്യങ്ങള്‍ക്കാണ് പലപ്പോഴും ഉപയോഗിക്കുന്നത്. വൈറസുകളെ കണ്ടെത്താന്‍ വേറെയും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതും വെറുമൊരു ക്ലിനിക്കിലോ ലാബിലോ പരിശോധിക്കാവുന്നത്. അത്തരം ഒരു വിദ്യയാണ് ഡോക്ടര്‍ പ്രയോഗിക്കുന്നത്. മിക്കവാറും ഡോക്ടര്‍ നിങ്ങളുടെ രോഗലക്ഷണം നോക്കി വൈറസ് ആണോ എന്ന് കണ്ടെത്തും. ലക്ഷണം നോക്കി പറയുന്ന വിദ്യ അവിടെ നില്‍ക്കട്ടെ. ലാബില്‍ പരോശോധിച്ചു കണ്ടുപിടിക്കുന്ന വിദ്യ എന്താണെന്നാണ് നമുക്ക് നോക്കാം. 

വൈറസുകളെ എങ്ങനെ കണ്ടെത്തുന്നു എന്നറിയണമെങ്കില്‍ വൈറസുകള്‍ എന്താണ് എന്നറിയണം. വൈറസുകള്‍ സൂക്ഷ്മജീവികളാണ് എന്ന് പറഞ്ഞാല്‍ ഒരല്പം തെറ്റും. കാരണം വൈറസുകള്‍ക്ക് ജീവന്‍ ഉണ്ടെന്നും ഇല്ലന്നും പറയാം. ജീവന്‍ ഉള്ളവയല്ലേ ജീവികളാകൂ. ജീവന്‍ എങ്ങനെ നിര്‍വ്വചിക്കാം എന്നതിനെ ആശ്രയിച്ചിരിക്കും വൈറസുകളുടെ ജീവനും (https://www.scientificamerican.com/article/are-viruses-alive-2004/ ). ജീവന്‍ ഉള്ളവ തങ്ങളുടെ പകര്‍പ്പുകള്‍ (സന്താനങ്ങള്‍) ഉണ്ടാക്കുകയും കോശങ്ങളിലെ പ്രവര്‍ത്തനത്തിനു വേണ്ടി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും വേണം. എന്നാല്‍ വൈറസുകള്‍ ഇതൊന്നും ചെയ്യുന്നില്ല. പക്ഷെ ജീവികളെ പോലെ വൈറസുകളില്‍ ജനിതക വിവരങ്ങള്‍ അവക്കുള്ളില്‍ ഉണ്ട്. എന്തായാലും വൈറസുകളെ വെറും കണങ്ങള്‍ എന്ന് വിളിക്കുന്നത് കൊണ്ട് കുഴപ്പമില്ല. 

വൈറസുകള്‍ വളരെ ലളിതമായ കോശങ്ങള്‍ക്ക് ഉദാഹരണമാണ്. ഒരു കോശസ്തരവും അതിനു മുകളില്‍ ചിലതരം പ്രോട്ടീനുകളും, കൂടാതെ കോശത്തിനുള്ളില്‍ DNA അല്ലെങ്കില്‍ RNA, പിന്നെ വേറെ കുറച്ചു പ്രോട്ടീനുകളും അടങ്ങിയതാണ് വൈറസ്. ഒരു സാധാരണ കോശത്തെയോ അല്ലെങ്കില്‍ ബാക്റ്റീരിയയെയോ പോലെ സങ്കീര്‍ണ്ണമല്ല വൈറസ്. DNA അല്ലെങ്കില്‍ RNA ആണ് വൈറസുകളിലെ ജനിതകവസ്തു. ഇതില്‍ RNA ഉള്ള വൈറസുകളെയാണ് നാം റിട്രോവൈറസുകള്‍ എന്ന് വിളിക്കുന്നത്.

ജീവനില്ലാത്ത വെറും കണങ്ങള്‍ എങ്ങനെയാണ് നമ്മുടെ ശരീരത്തില്‍ കയറിക്കൂടുന്നത് എന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. വൈറസുകള്‍ക്ക് ഒരു ജീവിയില്‍ നിന്ന് മറ്റൊരു ജീവിയില്‍ എത്താന്‍ എന്തെങ്കിലും മാധ്യമം വേണം. ഉദാഹരണത്തിന് രണ്ടു ജീവികളുടെ ശരീരത്തില്‍ നിന്നുള്ള ദ്രവങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം വേണം. ഉദാഹരണത്തിന് ജലദോഷം ഒരു വൈറസ് ബാധയാണ്. ഒരാള്‍ തുമ്മുമ്പോള്‍ അല്ലെങ്കില്‍ അടുത്ത് നിന്ന് സംസാരിക്കുമ്പോള്‍ തെറിക്കുന്ന ദ്രവങ്ങളില്‍ കൂടി വൈറസുകള്‍ മറ്റൊരാളുടെ ശരീരത്തില്‍ കയറിപ്പറ്റും. ഇതുകൊണ്ടാണ് നിങ്ങള്‍ക്ക് ജലദോഷവും അതുപോലെ വൈറസ് പനികളും പെട്ടന്ന് പിടിപെടുന്നത്.

എന്നാല്‍ എല്ലാ വൈറസുകളും ഒരേ രീതിയിലല്ല പടരുന്നത്. ഉദാഹരണത്തിന് ഹുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) വെറുതെ അടുത്ത് നിന്ന് സംസാരിച്ചാലൊന്നും പകരില്ല. അതിനു രണ്ട് ആളുകളുടെ രക്തം തമ്മില്‍ അല്ലെങ്കില്‍ മറ്റു ശരീരദ്രവങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം വേണം. അങ്ങനെ അല്ലായിരുന്നെങ്കില്‍ HIV ഇല്ലാത്ത മനുഷ്യരേ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.  

ശരീരത്തില്‍ എത്തിയാല്‍ വൈറസുകള്‍ പെരുകാന്‍ തുടങ്ങും. വൈറസുകള്‍ക്ക് സ്വയം വിഭജിച്ചു (പ്രത്യുല്‍പ്പാദനം നടത്തി) പുതിയ വൈറസുകളെ ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞു. അപ്പോള്‍ എങ്ങനെയായിരിക്കും വൈറസുകള്‍ പെരുകുന്നത്? 

വൈറസുകളുടെ പുറത്ത് ചില പ്രോട്ടീനുകള്‍ ഉണ്ടെന്നു പറഞ്ഞല്ലോ. ഈ പ്രോട്ടീനുകള്‍ ഒരു ജീവിയുടെ കോശത്തിന് പുറത്തുള്ള പ്രോട്ടീനുകളുമായി ബന്ധിപ്പിച്ച് വൈറസ് കോശത്തിനുള്ളില്‍ കയറിപ്പറ്റും.  ഇങ്ങനെ കോശത്തിനുള്ളില്‍ എത്തിപ്പെട്ടാല്‍ വൈറസുകള്‍ അവയുടെ DNA അല്ലെങ്കില്‍ RNA കോശത്തിന്റെ ഉള്ളില്‍ നല്‍കും. നമ്മുടെ ശരീരത്തിലെ പാവം കോശങ്ങള്‍ ഇത് സ്വന്തം DNA ആണെന്ന് തെറ്റിദ്ധരിക്കും. വൈറസ് RNA ആണ് കൊടുക്കുന്നതെങ്കില്‍ ഇതിനെ DNA ആക്കിമാറ്റാനുള്ള പ്രോട്ടീനുകളും അവയില്‍ ഉണ്ടാകും. കോശത്തെ തെറ്റിധരിപ്പിക്കുന്ന ചില പ്രോട്ടീനുകളും വൈറസുകള്‍ പ്രയോഗിക്കും. 

ഇതോടെ നമ്മുടെ കോശങ്ങള്‍ വൈറസുകള്‍ കൊണ്ടുവന്ന DNA അല്ലങ്കില്‍ RNAയിലെ ജീനുകള്‍ അനുസരിച്ചുള്ള പ്രോട്ടീനുകള്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഈ പ്രോട്ടീനുകള്‍ ചേര്‍ന്ന് പുതിയ വൈറസുകള്‍ ഉണ്ടാകും. ചുരുക്കി പറഞ്ഞാല്‍ സ്വന്തം പകര്‍പ്പുകള്‍ ഉണ്ടാക്കാനുള്ള അത്യാവശ്യം സാധനങ്ങളും, ഉണ്ടാക്കാനുള്ള പാചകക്രമവും ആയി കോശത്തില്‍ നുഴഞ്ഞുകയറി പാവം കോശത്തെ തെറ്റിദ്ധരിപ്പിച്ച് കാര്യം നടത്തുന്ന പരിപാടിയാണ് വൈറസുകള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് വൈറസുകള്‍ പെരുകുന്നത്. ഇതോടെ ആ കോശത്തിന്റെ കഥ കഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പക്ഷെ നമ്മുടെ ശരീരം വെറുതെ നോക്കിയിരിക്കില്ല. അന്യവസ്തുക്കള്‍ (വൈറസുകള്‍) കടന്നുകൂടിയത് ശരീരത്തിലെ പ്രതിരോധസംവിധാനം കണ്ടെത്തും. വൈറസുകള്‍ക്ക് എതിരെ അവ യുദ്ധം തുടങ്ങും. ഇതിനുവേണ്ടി ശരീരം പ്രതിദ്രവ്യങ്ങള്‍ ( antibodies ) ഉണ്ടാക്കാന്‍ തുടങ്ങും. ഈ പ്രതിദ്രവ്യങ്ങള്‍ക്ക് പ്രത്യേക ആകൃതി ഉണ്ടാകും. ഈ പ്രത്യേക ആകൃതിയുള്ള പ്രതിദ്രവ്യങ്ങള്‍ എന്ന പ്രോട്ടീനുകള്‍ വൈറസുകളുടെ പുറത്തെ പ്രോട്ടീനുകളുമായി കൃത്യമായി ബന്ധിക്കപ്പെടുകയും അങ്ങനെ വൈറസുകളെ നിര്‍വ്വീര്യം ആക്കുകയും ചെയ്യുന്നു. പക്ഷെ ഇതിന് കുറച്ചുദിവസങ്ങള്‍ എടുക്കും. ഉദാഹരണത്തിന് ജലദോഷം വന്ന് രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നിങ്ങളുടെ വിഷമതകള്‍ കുറഞ്ഞുവരാറില്ലേ. ശരീരം അപ്പോഴേക്കും വൈറസുകള്‍ക്കെതിരേ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്നതാണ് ഇതിനു കാരണം.

Virus
വളരെ ലളിതമായ കോശങ്ങള്‍ക്ക് ഉദാഹരണമാണ് വൈറസുകള്‍. Credit: CC0 Public Domain

 

ഇതുവരെ ആശുപത്രിയിലെ ലാബില്‍ എങ്ങനെയാണ് വൈറസുകളെ കണ്ടെത്തുന്നത് എന്ന് പറഞ്ഞില്ല. പൊതുവേ വൈറസുകളെ നേരിട്ട് കണ്ടെത്തുന്നില്ല. പകരം നമ്മുടെ ശരീരം ആ വൈറസുകള്‍ക്ക് എതിരെ ഉണ്ടാക്കിയ പ്രതിദ്രവ്യമാണ് ലാബില്‍ കണ്ടെത്തുക. ഓരോ വൈറസുകള്‍ക്ക് എതിരെയും അവയെ നിര്‍വ്വീര്യം ആക്കാനുള്ള പ്രതിദ്രവ്യമാണ് ശരീരം ഉണ്ടാക്കുന്നത്. എന്നുവച്ചാല്‍ ഓരോ തരം വൈറസുകള്‍ക്ക് എതിരെയും ഓരോ തരം പ്രതിദ്രവ്യമാണ് ശരീരം ഉണ്ടാക്കുന്നത്. അപ്പോള്‍ ഏതു പ്രതിദ്രവ്യമാണ് എന്നറിഞ്ഞാല്‍ ഏത് വൈറസാണ് ശരീരത്തില്‍ കയറിക്കൂടിയത് എന്ന് മനസിലാക്കാം. 

സാധാരണയായി പ്രതിദ്രവ്യത്തെ കണ്ടെത്താനുള്ള പരിശോധനക്ക് എലിസ ( ELISA - Enzyme Linked Immunosorbent Assay ) ടെസ്റ്റ് എന്നാണ് വിളിക്കുന്നത് (https://en.wikipedia.org/wiki/ELISA). HIV പോപ്പുലര്‍ ആയതോടെ ആയിരിക്കും ആളുകള്‍ എലിസ എന്ന് കേള്‍ക്കാന്‍ തുടങ്ങിയത്. ഇത് HIV കണ്ടുപിടിക്കാന്‍ മാത്രമല്ല മറ്റു ഏതു വൈറസുകളുടെ പ്രതിദ്രവ്യം കണ്ടുപിടിക്കാനും ഉപയോഗിക്കാം. ഏതു വൈറസിനെയാണ് കണ്ടുപിടിക്കേണ്ടത് എന്നനുസരിച്ച്  എലിസ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ഘടകങ്ങളായ പ്രോട്ടീനുകളും മാറും. വൈറസുകളുടെ പ്രതിദ്രവ്യം മാത്രമല്ല മറ്റു രോഗങ്ങളുമായി  ബന്ധപ്പെട്ട ശരീരത്തിലെ ചില പ്രോട്ടീനുകളെ കണ്ടെത്താനും എലിസ ടെസ്റ്റ് ഉപയോഗിക്കാം. ഇന്ന് ഇത്തരം ടെസ്റ്റുകള്‍ വളരെ ചിലവ് കുറഞ്ഞതും വളരെ പെട്ടന്ന് നടത്താന്‍ കഴിയുന്നതുമാണ്. നിങ്ങളുടെ ഒരു തുള്ളി രക്തം ഉപയോഗിച്ച് ഈ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

എന്തിനാണ് പ്രതിദ്രവ്യമൊക്കെ കണ്ടുപിടിച്ച് ഇത്ര കഷ്ടപ്പെടുന്നത്, വൈറസുകളെ നേരിട്ടങ്ങ് കണ്ടുപിടിച്ചാല്‍ പോരെ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അത്തരം ടെസ്റ്റും നിലവിലുണ്ട്. പക്ഷേ പലപ്പോഴും അവ ചിലവേറിയതാണ്. അതുകൊണ്ട് പ്രതിദ്രവ്യത്തെ കണ്ടെത്താനുള്ള  ELISA ടെസ്റ്റാണ് ആദ്യം നടത്തുക. ഈ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ചിലപ്പോള്‍ വൈറസുകളെ കണ്ടെത്താനുള്ള ടെസ്റ്റും നടത്തും. ഉദാഹരണത്തിന് HIV യുടെ കാര്യത്തില്‍. ഇതിനു കാരണമുണ്ട്. വളരെ ചുരുക്കം കേസുകളില്‍ HIV യുടെ പ്രതിദ്രവ്യം ഇല്ലെങ്കിലും ഈ ടെസ്റ്റ് പോസിറ്റിവ് ആയി കാണിക്കും. ഇതിനു കാരണം മറ്റേതോ വൈറസ് സമാനമായ പ്രതിദ്രവ്യം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. പക്ഷെ ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കാവുന്ന കാര്യമാണ്.  

അവസാനമായി വൈറസുകളെക്കുറിച്ച് വേറൊരു കാര്യം കൂടി പറയാം. വൈറസുകള്‍ ഓരോ ആളുടെ ശരീരത്തിലും കോടാനുകോടിയായി പെരുകുമ്പോള്‍ അവയ്ക്ക് ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയുടെ ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരാം. ഇതിനു മ്യൂട്ടേഷന്‍ എന്ന് വിളിക്കുന്നു. അങ്ങനെ വൈറസുകളുടെ ഘടനയും സ്വഭാവവും മാറിവരുന്നു. അതുകൊണ്ടാണ് ഉദാഹരണത്തിന് ഒരിക്കല്‍ ജലദോഷം വന്നാലും വീണ്ടും വീണ്ടും നിങ്ങള്ക്ക് ജലദോഷം ഉണ്ടാകുന്നത്. അതുപോലെ മറ്റു വൈറസ് ബാധകളും. ഇതേ വിധത്തില്‍ മാറ്റങ്ങള്‍ വന്ന വൈറസുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. 

ഇങ്ങനെ വൈറസുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് അവക്കെതിരെ വാക്‌സിനുകള്‍ ഉണ്ടാക്കാന്‍ പ്രയാസമുണ്ടാക്കുന്നത്. ഉദാഹരണത്തിന് HIV വാക്‌സിന്‍. മറ്റൊരു കാരണം വൈറസുകള്‍ നമ്മുടെ കോശങ്ങള്‍ ഉപയോഗിച്ചാണ് പെരുകുന്നത് എന്നതിനാല്‍ വൈറസുകളുടെ പല ഘടകങ്ങളും കോശത്തിലേതുമായി പ്രവര്‍ത്തനത്തില്‍ സാമ്യം ഉണ്ടായിരിക്കും. ഇത് വൈറസുകളെ നശിപ്പിക്കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്നത് പ്രയാസകരമാക്കുന്നു. പല ആന്റി-വൈറസ് മരുന്നുകളും വൈറസ് പെരുകുന്ന പ്രക്രീയയുടെ ഏതെങ്കിലും ഘട്ടത്തെ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കള്‍ ആയിരിക്കും.
 
വൈറസുകള്‍ ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അവ കോശത്തില്‍ അതിന്റെ ജീനുകള്‍ കയറ്റും എന്ന് പറഞ്ഞല്ലോ. ഈ പരിപാടിയെ നിയന്ത്രിച്ച് നമുക്കാവശ്യമുള്ള ജീനുകളെ വൈറസുകളെകൊണ്ട് കോശത്തിന് കൊടുപ്പിക്കാനുള്ള ഗവേഷണങ്ങളും നടന്നുവരുന്നുണ്ട് (http://www.cell.com/molecular-therapy-family/molecular-therapy/fulltext/S1525-0016(16)30962-5). ഇത് കോശത്തിലെ ജീനുകളെ എഡിറ്റ് ചെയ്തു ഭാവിയില്‍ ജനിതക രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. ചുരുക്കത്തില്‍ വൈറസുകളെ കൊണ്ട് ദോഷം മാത്രമല്ല ഗുണവുമുണ്ട്.