സൂര്യനും സൂര്യന്റെ ഗുരുത്വാകര്‍ഷണത്തില്‍ ഭ്രമണം ചെയ്യുന്ന എട്ടു ഗ്രഹങ്ങളും മാത്രമല്ല സൗരയൂഥം. പ്ലൂട്ടോ പോലുള്ള കുള്ളന്‍ ഗ്രഹങ്ങളും, അസ്‌ട്രോയ്ഡുകള്‍ (ക്ഷുദ്രഗ്രഹങ്ങള്‍) എന്നു വിളിക്കുന്ന ഗോളാകൃതിയില്ലാത്ത വലിയ പാറകളും, ധൂമകേതുകളും എല്ലാമുണ്ട് സൗരയൂഥത്തില്‍. ഏതാണ്ട് ഒരു പ്രകാശവര്‍ഷം വരെ അകലെയുള്ള വസ്തുക്കളെ പിടിച്ചുനിര്‍ത്താന്‍ സൂര്യന് കഴിവുണ്ട്. ഇവയെല്ലാം വ്യത്യസ്തങ്ങളായ ദീര്‍ഘവൃത്ത ഭ്രമണപഥങ്ങളില്‍ സൂര്യനെ ചുറ്റുന്നു. 

ഇതുവരെ ദീര്‍ഘവൃത്ത ഭ്രമണപഥത്തിലല്ലാതെ സഞ്ചരിക്കുന്ന ഒരു വസ്തുവിനെയും സൗരയൂഥത്തില്‍ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഒരു ക്ഷുദ്രഗ്രഹം ഹൈപ്പര്‍ബോള (hyperbola) പഥത്തില്‍ സൂര്യനെ കടന്നുപോകുന്നത് കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഇക്കാര്യം നിരീക്ഷിച്ചത്. 

ദീര്‍ഘവൃത്തം പോലെ അടഞ്ഞ രേഖയല്ല ഹൈപ്പര്‍ബോള. അതുകൊണ്ടു തന്നെ ഹൈപ്പര്‍ബോള പഥത്തില്‍ സഞ്ചരിക്കുന്ന ഒന്നും സൗരയൂഥത്തില്‍ സ്ഥിരമായി നില്‍ക്കില്ല. എവിടെ നിന്നോ വന്ന് സൂര്യന്റെ ഗുരുത്വാകര്‍ഷണത്താല്‍ ദിശ മാറ്റപ്പെട്ടു തിരികെ അനന്തതയിലേക്ക് മറയുന്ന ഒന്നാകണം ഈ ക്ഷുദ്രഗ്രഹം. സൗരയൂഥത്തില്‍ ഒരു താല്‍ക്കാലിക അഥിതി മാത്രമാണിത്. 

2017 ഒക്ടോബര്‍ 19 ന് റോബര്‍ട്ട് വെറിക് (Robert Weryk) എന്ന ശാസ്ത്രജ്ഞനാണ് ഈ അതിഥിയെ കണ്ടെത്തിയത്. അന്നത് ഭൂമിയില്‍ നിന്ന് 3.2 കോടി കിലോമീറ്റര്‍ അകലെയായിരുന്നു. ഇതു നമുക്ക് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 85 മടങ്ങ് വരും. 

ഒരു 'കോസ്മിക് പെന്‍സിലി'ന്റെ (cosmic pencil) ആകൃതിയാണ് പുതിയ ക്ഷുദ്രഗ്രഹത്തിന്. വെറും 200 മീറ്റര്‍ നീളവും അതിന്റെ പത്തിലൊന്ന് വീതിയുമുള്ള ഒരു പാറയാണ് ഇതെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അതിനെ നിരീക്ഷിക്കുന്നത്, പത്തു കിലോമീറ്റര്‍ അകലെ പറക്കുന്ന കൊതുകിനെ കാണാന്‍ ശ്രമിക്കുന്നത് പോലെയാണ്!

ശാന്തസമുദ്ര ദ്വീപായ ഹവായിയിലെ 'പാന്‍സ്റ്റാര്‍' (Pan-STARRS Telescope) എന്ന ശക്തിയേറിയ ദൂരദര്‍ശിനി ഉപയോഗിച്ചാണ് പുതിയ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. ഈ അതിഥിക്ക് 'ഉമുവാമ്മുവ' (1I/'Oumuamua) എന്നാണു പേരിട്ടത്. ഹവായിയന്‍ ഭാഷയില്‍ ഇതിന് 'ദൂതന്‍' എന്നാണര്‍ത്ഥം. 1I പദവി ആദ്യ നക്ഷത്രാന്തര വസ്തു (First Interstellar Object) എന്നതിനെ സൂചിപ്പിക്കുന്നു.

ഉമുവാമ്മുവ ധൂമകേതു ആയിരുന്നെങ്കില്‍ അതിലെ മഞ്ഞും, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, അമോണിയ, മീഥേന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും സൂര്യന്റെ ചൂടില്‍ ബാഷ്പീകരിക്കപ്പെടുമായിരുന്നു. നമുക്കതിനെ എളുപ്പം കാണാനും സാധിച്ചേനെ. 2017 സെപ്റ്റംബര്‍ ഒന്‍പതിന് വെറും 3.8 കോടി കിലോമീറ്റര്‍ ദൂരത്തുകൂടിയാണ് അത് സൂര്യനെ കടന്നുപോയത്. ഭൂമി സൂര്യനില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ ദൂരെയാണെന്നോര്‍ക്കുക. 

ഉമുവാമ്മുവയുടെ കാന്തിമാനം ഓരോ 7.3 മണിക്കൂര്‍ കൂടുമ്പോഴും മാറിക്കൊണ്ടിരിക്കുന്നു. മറ്റ് ഖഗോളവസ്തുക്കളെ പോലെ ഉമുവാമ്മുവ ഒരു അച്ചുതണ്ടില്‍ തിരിയുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. 

Solar System, First Interstellar Object
ക്ഷുദ്രഗ്രഹം ഉമുവാമ്മുവയുടെ സൂര്യന് സമീപത്തെ ഭ്രമണപഥം. സൗരയൂഥം വിട്ട് നക്ഷത്രാന്തര ശൂന്യമേഖലയിലേക്കാണ് അതിന്റെ യാത്ര. ചിത്രം കടപ്പാട്: NASA/JPL-Caltech

 

ഇത്രകാലം ജ്യോതിശാസ്ത്രം പ്രതീക്ഷിച്ചതു സൗരയൂഥത്തിന് പുറത്തുനിന്നു വരുന്ന ഒരു ധൂമകേതുവിനെയാണ്. നക്ഷത്രങ്ങള്‍ക്ക് ചുറ്റും സൗരയൂഥത്തിലെ പോലെ ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും രൂപപ്പെടുന്നതെങ്ങനെ എന്നതിനെക്കുറിച്ചും, ഇത്തരം ഗ്രഹസംവിധാനങ്ങളുടെ പരിണാമത്തെ പറ്റിയും ഒട്ടേറെ സൈദ്ധാന്തിക പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.അലസാന്‍ഡ്രോ മോര്‍ബിടില്ലി (Dr Alessandro Morbidelli) എന്ന ഗവേഷകന്‍ പറയുന്നത് ഇങ്ങനെ: 'നക്ഷത്രത്തില്‍ നിന്ന് അകലെയാണ് ധൂമകേതുക്കള്‍ അധികവും കാണപ്പെടുന്നത്. അവിടെ നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണം കുറവായിരിക്കും. അതിനാല്‍ അവിടെനിന്ന് നക്ഷത്രത്തിന്റെ പടിയില്‍ നിന്ന് അതിവിശാലമായ നക്ഷത്രാന്തരലോകത്തേയ്ക്ക് രക്ഷപ്പെടുവാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് നക്ഷത്രങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി അലയാന്‍ ധൂമകേതുക്കള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്'.

എന്നാല്‍, ഉമുവാമ്മുവ ഒരു ധൂമകേതുവല്ല. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘത്തിലെ (International Astronomical Union - IAU) മുതിര്‍ന്ന അംഗം പ്രൊഫസര്‍ മാര്‍ക്ക് ബെയിലി (Prof. Mark Bailey) പറയുന്നു: 'ഏറെക്കാലമായി കാത്തിരുന്ന പ്രതിഭാസമാണിത്, ഒരു ജ്യോതിശാസ്ത്ര നാഴികക്കല്ല്. നക്ഷത്രാന്തര മേഖലയില്‍ ധാരാളം ധൂളീപടലങ്ങള്‍ ഉണ്ടെന്നതിന് പണ്ടേ നിരീക്ഷണങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. അത്തരം മേഖലയില്‍ അപൂര്‍വം ചില നക്ഷത്രങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ആദ്യമായാണ് അതിനൊരു നിരീക്ഷണ പിന്‍ബലം കിട്ടുന്നത്. സൗരയൂഥവും അത് സ്ഥിതിചെയ്യുന്ന ഗാലക്‌സിയും തമ്മിലുള്ള ബന്ധം ഒന്നുകൂടി ബലപ്പെട്ടിരിക്കുന്നു'. 

സൂര്യന് ചുറ്റും മാത്രമല്ല, ആകാശഗംഗയിലെ മറ്റനേകം നക്ഷത്രങ്ങള്‍ക്കും സൗരയൂഥത്തിലേത് പോലെ ഗ്രഹങ്ങള്‍ (Exoplanets) ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് (കാണുക: ഗ്രഹവേട്ടയുടെ 25 വര്‍ഷങ്ങള്‍) . ഒരു പക്ഷെ, നക്ഷത്രങ്ങളുടെ ഉല്‍പ്പത്തിയിലും പരിണാമത്തിലും ഗ്രഹങ്ങള്‍ പങ്കു വഹിക്കുന്നുണ്ടെന്നു വരെ കരുതാന്‍ കാരണങ്ങളുണ്ട്. അങ്ങിനെയെങ്കില്‍ നക്ഷത്രങ്ങളേക്കാള്‍ പല മടങ്ങു വിദൂര ഗ്രഹങ്ങള്‍ കാണും. അക്കൂട്ടത്തില്‍ ഒട്ടേറെ അസ്‌ട്രോയിഡുകളും (Exoasteroids) ധൂമകേതുക്കളും (Exocomets) ഉണ്ടായിരിക്കണം. അവയില്‍ ചിലതെങ്കിലും ഉമുവാമ്മുവ പോലെ സ്വതന്ത്രമായി അലയുന്നുണ്ടാകും. അങ്ങനെ പല സാധ്യതകളും തുറന്നുവച്ചുകൊണ്ടാണ് ഉമുവാമ്മുവ സൂര്യനില്‍ നിന്നും അകന്നുപോകുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൂര്യനെ കടന്നു പോകുമ്പോള്‍ അതിന്റെ വേഗം മണിക്കൂറില്‍ മൂന്നുലക്ഷം കിലോമീറ്ററിലധികം ആയിരുന്നു. ഇപ്പോള്‍ സൂര്യന്റെ ആകര്‍ഷണത്തിനെതിരെ കയറിപ്പോകുകയാണ് എന്നതിനാല്‍ അതിന്റെ വേഗം കുറഞ്ഞു വരികയാണ്. എങ്കിലും, സൗരയൂഥപരിധി വിട്ടുപോകുമ്പോള്‍ അതിനു മണിക്കൂറില്‍ 95,000 കിലോമീറ്റര്‍ വേഗം ഉണ്ടാകും, യാത്ര തുടരും. 

അതു കഴിഞ്ഞാല്‍ ഉമുവാമ്മുവയ്ക്ക് എന്തു സംഭവിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. നക്ഷത്രങ്ങള്‍ തമ്മില്‍ പ്രകാശവര്‍ഷങ്ങള്‍ ദൂരമുണ്ട്. ഉമുവാമ്മുവ ഇനി ഒരിക്കലും വേറൊരു നക്ഷത്രവുമായി സന്ധിച്ചില്ലെന്നും വരാം. ഇരുളില്‍, ശൂന്യതയില്‍ യുഗങ്ങളായി അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഒരു പാറ മാത്രമായി അത് അവശേഷിച്ചേക്കാം. 

എന്തായാലും ഭൂമിയില്‍ ഇനി ജ്യോതിശാസ്ത്രജ്ഞര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അടുത്ത അതിഥിയെ പ്രതീക്ഷിച്ചു രാത്രികളില്‍ ഉണര്‍ന്നിരിക്കും.

(ലേഖകര്‍: അശ്വിന്‍ ശേഖര്‍ നോര്‍വ്വെയില്‍ ഓസ്ലോ സര്‍വകലാശാലയില്‍ നക്ഷത്രഭൗതിക ശാസ്ത്രജ്ഞനാണ്; കൃഷ്ണ വാര്യര്‍ തിരുവനന്തപുരം സി-ഡാകിലെ മുന്‍ അഡീഷണല്‍ ഡയറക്ടറും)