1970ല്‍ സാംബിയ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മേരി ജുക്കുണ്ട എന്ന സന്യാസിനി നാസയിലെ മാര്‍ഷല്‍ സ്‌പെയ്സ് സെന്ററിന്റെ അസോഷ്യേറ്റ് സയന്‍സ് ഡയറക്ടര്‍ ഡോ. ഏണസ്റ്റ് സ്റ്റ്യൂളിംഗറിന് ഒരു കത്തെഴുതി. ഭൂമിയില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ പട്ടിണികൊണ്ട് മരിക്കുമ്പോള്‍ ബഹിരാകാശദൗത്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന ചോദ്യമായിരുന്നു കത്തിന്റെ കാതല്‍. 

കത്തിന്റെ ഉള്ളടക്കത്തേയും അതുയര്‍ത്തുന്ന ആശങ്കകളേയും ഗൗരവമായി പരിഗണിച്ചുകൊണ്ടു തന്നെ ഡോ.സ്റ്റ്യൂളിംഗര്‍ സിസ്റ്റര്‍ ജുക്കുണ്ടയ്ക്ക് വിശദമായൊരു മറുപടിയെഴുതി.

ബഹിരാകാശപദ്ധതികള്‍ ഭാവിയില്‍ നല്‍കിയേക്കാവുന്ന നേട്ടങ്ങളേയും സാധ്യതകളേയും ആരേയും ബോധ്യപ്പെടുത്തുന്നതും, ഇന്നത്തെ സാഹചര്യത്തില്‍ നോക്കുമ്പോള്‍ അത്തരം ചെലവഴിക്കലിനെ സാധൂകരിക്കുന്നതുമാണ് നാലരപതിറ്റാണ്ടു മുമ്പ് അദ്ദേഹമെഴുതിയ മറുപടി.

ഒരു അമൂല്യ ചിത്രം

1968ലെ ക്രിസ്മസ് രാവില്‍ അപ്പോളോ 8 പേടകം ആദ്യമായി ചന്ദ്രനെ വലംവെയ്ക്കുന്ന വേളയില്‍ ദൗത്യത്തിലെ ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റായിരുന്ന വില്യം ആന്‍ഡേഴ്സ് എടുത്ത ഭൂമിയുടെ ചിത്രവും സ്റ്റ്യൂളിംഗര്‍ കത്തിനൊപ്പം അയച്ചിരുന്നു. കത്തിന്റെയൊടുക്കം അദ്ദേഹം ഇങ്ങനെയെഴുതി -

'ഇതുവരെയുള്ള ബഹിരാകാശ പദ്ധതികളുടെ വിസ്മയകരമായ അനവധി ഫലങ്ങളില്‍ ഒരുപക്ഷേ, ഈ ചിത്രമായിരിക്കും ഏറ്റവും പ്രധാനപ്പെട്ടത്. അനന്തമായ ശൂന്യതയില്‍ വിലമതിക്കാനാവാത്ത ഒരു സുന്ദരദ്വീപാണ് ഭൂമി എന്ന തിരിച്ചറിവ് നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. നമ്മുടെ ഭൂമി യഥാര്‍ത്ഥത്തില്‍ എത്ര പരിമിതമാണ് എന്ന് അധികമാരും ഇതിനു മുമ്പ് തിരിച്ചറിഞ്ഞിരുന്നില്ല. അതിന്റെ പാരിസ്ഥിതിക സംതുലനത്തെ അസ്ഥിപ്പെടുത്തുന്നത് എത്രമാത്രം വിനാശകാരമാണെന്നും!

മാനവരാശി ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ സംബന്ധിക്കുന്ന മുന്നറിയിപ്പുകള്‍ കൂടുതല്‍ ഉച്ചത്തിലായതും ഈ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണ്. പരിസ്ഥിതി മലിനീകരണം, വിശപ്പ്, ദാരിദ്ര്യം, നഗരജീവിതം, ഭക്ഷ്യോത്പാദനം, ജലവിനിയോഗം, ജനസംഖ്യാ വിസ്‌ഫോടനം തുടങ്ങിയവയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍. ബഹിരാകാശയുഗത്തിന്റെ ബാല്യത്തില്‍തന്നെ നമ്മുടെ സ്വന്തം ഗ്രഹത്തിലേക്കുള്ള ആദ്യനോട്ടം സാധ്യമായ ഈ അവസരത്തില്‍ മനുഷ്യനെ കാത്തിരിക്കുന്ന ഭീമമായ ചുമതലകളെ നാം കാണാന്‍ തുടങ്ങിയെന്നത് ഒട്ടും യാദൃശ്ചികമല്ല. അത്തരം ചുമതലകളെ സധൈര്യം നിര്‍വ്വഹിക്കാനുള്ള സാങ്കേതികവിദ്യകളും പ്രചോദനവും ശുഭാപ്തിവിശ്വാസവും ബഹിരാകാശയുഗം പ്രദാനം ചെയ്യുന്നുണ്ട്'. 

blue earth
ഭൗമോദയം-1968 ല്‍ അപ്പോള 8 ദൗത്യത്തിലുണ്ടായിരുന്ന അസ്‌ട്രോനോട്ട് വില്യം ആന്‍ഡേഴ്‌സ് ചന്ദ്രനെ വലംവെയ്ക്കുമ്പോള്‍ പകര്‍ത്തിയ ഭൂമിയുടെ ദൃശ്യം. ചിത്രം കടപ്പാട്: NASA/SSPL

 

സ്റ്റ്യൂളിംഗര്‍ പറഞ്ഞതിനോട് നമുക്ക് വിയോജിക്കാനാവില്ല. 1957ല്‍ പിച്ചവെച്ചു തുടങ്ങിയ ബഹിരാകാശയുഗം ഇന്ന് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ഊര്‍ജസംരക്ഷണം, കാലാവസ്ഥാ പ്രവചനം എന്നു വേണ്ട ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളോടും നേരിടുന്ന വെല്ലുവിളികളോടും ക്രിയാത്മകമായി പ്രതികരിക്കാന്‍ ബഹിരാകാശ സാങ്കേതികവിദ്യകള്‍ പ്രാപ്തിനേടിയിട്ടുണ്ട്.

ബഹിരാകാശ ദൗത്യങ്ങളും പര്യവേഷണങ്ങളും ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമൊക്കെ ഒരു ഭാഗത്ത് വന്‍കുതിപ്പുണ്ടാക്കുമ്പോഴും അധികമാരേയും അലോസരപ്പെടുത്താത്തതും എന്നാല്‍ ഗൗരവതരവുമായ ഒരു മറുവശമുണ്ടതിന്. പറഞ്ഞുവരുന്നത് ബഹിരാകാശത്തെ പാഴ്‌വസ്തുക്കളെക്കുറിച്ചാണ് ( Space Debris ).

ബഹിരാകാശം പലപ്പോഴും അനാഥവും ശൂന്യവുമാണെന്ന് നാം സങ്കല്പിക്കുമ്പോഴും ഭൂമിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു നിശ്ചിതമേഖല ലക്ഷക്കണക്കിന് മനുഷ്യനിര്‍മിത പാഴ്വസ്തുക്കളും അവശിഷ്ടങ്ങളും നിറഞ്ഞതാണെന്ന് നാമറിയേണ്ടതാണ്. നാം തൊടുത്തുവിട്ട ഉപഗ്രഹങ്ങള്‍ക്കും  ഭൂമിയെ വലംവെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുമൊക്കെ ഭീഷണിയാണ് സെക്കന്‍ഡില്‍ 7-8 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചു പായുന്ന ഈ പാഴ്‌വസ്തുക്കള്‍. 

എവിടെയാണിവയുടെ ഉത്ഭവം, എങ്ങനെയാണിവ ഭൂമിയുടെ ഭ്രമണമണ്ഡലത്തില്‍ എത്തിച്ചേരുന്നത്....അല്പസമയം നമുക്കതിലേക്കൊന്ന് കണ്ണോടിക്കാം.

പാഴ്‌വസ്തുക്കള്‍ വരുന്നത് 

1957 ഒക്ടോബര്‍ 4ന് സോവിയറ്റ് യൂണിയന്‍ സ്പുട്നിക് 1 വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശയുഗത്തിന് തുടക്കമിട്ടു. ബഹിരാകാശ പേടകങ്ങളുടേയും ഉപഗ്രഹങ്ങളുടേയും വലിയൊരു കുത്തൊഴുക്കിന് തന്നെ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ സാക്ഷിയായി. പക്ഷേ അതോടൊപ്പം ഉപയോഗ ശൂന്യമായ ഒട്ടനവധി വസ്തുക്കള്‍ക്ക് അലഞ്ഞുതിരിയാനുള്ള മൈതാനമായി ബഹിരാകാശം മാറി.

ബഹിരാകാശയുഗത്തിന്റെ ആരംഭത്തിനു ശേഷം 5250 ലേറെ വിക്ഷേപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവിധ ലക്ഷ്യങ്ങള്‍ക്കായി വിക്ഷേപിക്കപ്പെട്ട ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളാണവയിലേറെയും. ബഹിരാകാശം 'അതിവിശാലമാണല്ലോ' എന്ന വേരുറച്ച വിശ്വാസം മൂലം ബഹിരാകാശത്തെത്തുന്ന അവശിഷ്ടങ്ങളെ അത്ര ഗൗരവമായി കണക്കാക്കാന്‍ ആദ്യകാലങ്ങളിലൊന്നും മനുഷ്യന്‍ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്ന് ചെറുതും വലുതുമായി 7500 ടണ്‍ അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങള്‍, വിക്ഷേപണവാഹനങ്ങളുടെ അന്ത്യഘട്ടഭാഗങ്ങള്‍ ( Upper Stages ), വിക്ഷേപണ വാഹനത്തില്‍ നിന്ന് പേടകം വേര്‍പെടുമ്പോഴുള്ള അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ബാഹിരാകാശ പാഴ്‌വസ്തുക്കളായി മാറുന്നത്.

ഉപക്ഷേിക്കപ്പെട്ട ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും ഓര്‍ബിറ്റില്‍ വെച്ച് പൊട്ടിച്ചിതറാനുള്ള പ്രധാനകാരണം ടാങ്കിലോ ഫ്യുവല്‍ ലൈനിലോ ബാക്കിയാവുന്ന ഇന്ധനമോ മറ്റ് ഊര്‍ജസ്രോതസ്സുകളോ ആവാം.

നാസയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും നല്‍കുന്ന കണക്കുകള്‍ പ്രകാരം ഒരു സെന്റിമീറ്ററിനും 10 സെന്റിമീറ്ററിനുമിടയില്‍ വലുപ്പമുള്ള 7.5 ലക്ഷം പാഴ്‌വസ്തുക്കളും 10 സെന്റിമീറ്ററില്‍ കൂടിയ 21,000 അവശിഷ്ടങ്ങളും ഒരു സെന്റിമീറ്ററില്‍ താഴെയുള്ള 100 ദശലക്ഷം ചെറുവസ്തുങ്ങളും ഭൂമിയെ ചുറ്റുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 2000 കിലോമീറ്റര്‍ ഉയരത്തിനുള്ളിലാണ് ഭൂരിപക്ഷം പാഴ്‌വസ്തുക്കളുമുള്ളത്. 750-800 കിലോമീറ്റര്‍ പരിധിയിലാണ് ഇവയുടെ സാന്ദ്രത ഏറ്റവും കൂടുതല്‍. 

ഇത്രയേറെ അവശിഷ്ടങ്ങള്‍ ചുറ്റിത്തിരിയുന്നതിനിടയില്‍ ചില വിനാശകരമായ കൂട്ടിയിടികള്‍ എടുത്തുപറയേണ്ടതായിട്ടുണ്ട്. 1996 ല്‍ ഒരു ഫ്രഞ്ച് ഉപഗ്രഹം ഒരു ദശകം മുമ്പ് പൊട്ടിത്തെറിച്ച ഒരു ഫ്രഞ്ച് റോക്കറ്റിന്റെ തന്നെ അവശിഷ്ടത്തിലിടിച്ച് ചിതറിത്തെറിച്ചു. 2009 ഫെബ്രുവരി 10ന് അമേരിക്കയുടെ പ്രവര്‍ത്തന നിരതമായിരുന്ന ഇറിഡിയം കൊമേഷ്യല്‍ സാറ്റലൈറ്റ് ( Irridium Commercial Satellite ) പ്രവര്‍ത്തന കാലയളവ് കഴിഞ്ഞുപേക്ഷിക്കപ്പെട്ട കോസ്‌മോസ് എന്ന റഷ്യന്‍ ഉപഗ്രഹവുമായി കൂട്ടിയിടിച്ച് തകര്‍ന്നു. 

2007 ജനുവരി 11ന് ചൈന നടത്തിയ ആന്റി-സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം ( Anti Satellite Missile Test ) 3000 ത്തില്‍ പരം പാഴ്‌വസ്തുക്കളെയാണ് ഭൂമിയുടെ ഭ്രമണ മണ്ഡലത്തിലേയ്ക്ക് ഒറ്റയടിക്ക് തെറിപ്പിച്ചത്. 865 കിലോമീറ്റര്‍ ഉയരത്തില്‍ നീങ്ങുന്ന 750 കിലോഗ്രാം ഭാരമുള്ള FY-1C എന്ന ചൈനയുടെ പഴയ കാലാവസ്ഥാ ഉപഗ്രഹത്തെ സെക്കന്റില്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ഒരു മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതായിരുന്നു ഈ പരീക്ഷണം.

കെസ്സ്‌ലര്‍ സിന്‍ഡ്രം (Kessler Syndrome)

1978ല്‍ നാസയിലെ ശാസ്ത്രജ്ഞനായിരുന്ന ഡൊണാള്‍ഡ് ജെ.കെസ്സ്‌ലര്‍ താഴ്ന്ന ഭ്രമണപഥങ്ങളില്‍ ( Low Earth Orbits ) ഉള്ള ബഹിരാകാശ പാഴ്‌വസ്തുക്കളുടെ കൂട്ടിയിടി സാധ്യതയെ സംബന്ധിച്ച് ഒരു സിദ്ധാന്തം രൂപീകരിക്കുകയുണ്ടായി. 

അദ്ദേഹത്തിന്റെ ആശയപ്രകാരം താഴ്ന്ന ഭ്രമണപഥങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് വസ്തുക്കള്‍ കൂട്ടിയിടിക്കുമ്പോള്‍ അവ ചിതറുകയും, ചിതറിയ കഷ്ണങ്ങള്‍ ഭ്രമണപഥത്തിലെ മറ്റ് വസ്തുക്കളുമായി കൂട്ടിയിടിച്ച് അവയെ ചെറിയ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. 

Space Junk
ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍. ചിത്രം: നാസ


ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിച്ച് ഭ്രമണപഥം ചെറുകണങ്ങളാല്‍ നിറയുന്നു. ആ ഭ്രമണപഥത്തിലേക്ക് കടന്നുവരുന്ന ഒരു ഉപഗ്രഹം അപകടപ്പെടാനുള്ള സാധ്യതയും അധികമാണ്. അതുകൊണ്ട് തന്നെ ആ മേഖലയിലുള്ള സ്‌പെയ്‌സ് ആക്ടിവിറ്റി ഏതാണ്ട് അസാധ്യമായി മാറുകയും ചെയ്യും.

പിന്തുടരുന്ന കണ്ണുകള്‍

കോസ്‌മോസ്-ഇറിഡിയം കൂട്ടിയിടി ഉപഗ്രഹങ്ങള്‍ക്കിടയിലെ കൂട്ടിയിടി ഒരു യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവ് നല്‍കി. അതുകൊണ്ട് തന്നെ ബഹിരാകാശ പാഴ്‌വസ്തുക്കളെ കൃത്യമായി നിരീക്ഷിക്കാനും പട്ടികയില്‍ പെടുത്താനുമുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.

ഭൂമിയുടെ ഭ്രമണമണ്ഡലത്തില്‍ ചുറ്റിത്തിരിയുന്ന സോഫ്റ്റ് ബോളിനേക്കാള്‍ വലുപ്പമുള്ള എല്ലാ വസ്തുക്കളെയും കൃത്യമായി നിരീക്ഷിക്കാനും പിന്തുടരാനുമുള്ള സംവിധാനം ഇന്ന് നാസയ്ക്കുണ്ട്. ഭൂമിയില്‍ നിന്നുള്ള റഡാര്‍ സംവിധാനമുപയോഗിച്ച് മൂന്ന് മില്ലിമീറ്റര്‍ വരെ വലുപ്പമുള്ള വസ്തുക്കളെ തിരിച്ചറിയാനാകും. ഒരു മില്ലിമീറ്ററില്‍ താഴെയുള്ള ചെറുതരികളെ കണക്കാക്കുന്നത് ഇടിച്ച വസ്തുക്കളുടെ ഉപരിതല പരിശോധനയിലൂടെയാണ്. 10 സെന്റിമീറ്ററില്‍ കൂടുതലുള്ള 21,000 പാഴ്‌വസ്തുക്കള്‍ അമേരിക്കന്‍ വ്യോമസേനയുടെ നിരീക്ഷണത്തിലാണ്.

ഉപഗ്രഹങ്ങളുടെ ശവപ്പറമ്പ് 

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ 36000 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. അതിനാല്‍ അവയെ തിരിച്ച് കൊണ്ടുവരിക ശ്രമകരമാണ്. കാലാവധി കഴിഞ്ഞാല്‍ അവയെ ഭ്രമണപഥത്തില്‍ നിന്നും മാറ്റി മറ്റൊരു മേഖലയിലേയ്ക്ക് തള്ളുന്നു. 'ഗ്രേവ്‌യാര്‍ഡ്  ഓര്‍ബിറ്റ്' ( Graveyard Orbit ) എന്നാണ് ഇപ്രകാരം നീക്കം ചെയ്യുന്ന ഭ്രമണപഥത്തിന്റെ പേര്. 

കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ നീക്കം ചെയ്ത് പുതിയവയ്ക്ക് വഴിയൊരുക്കുകയാണ് ഉദ്ദേശം. ഇത് കൃത്യമായ ഒരു ഭ്രമണപഥത്തില്‍ നിന്നും 200 കിലോമീറ്റര്‍ അപ്പുറത്തേയ്ക്ക് വീണ്ടും ഭ്രമണപഥമുയര്‍ത്തുകയാണ് ചെയ്യുക. അങ്ങനെ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഭ്രമണമേഖല മറ്റ് പാഴ്‌വസ്തുക്കളുടെ ഭീഷണിയില്‍ നിന്നും മുക്തമാക്കപ്പെടുന്നു.

പുതിയ തയ്യാറെടുപ്പുകള്‍

ബഹിരാകാശത്തെ പാഴ്‌വസ്തുക്കള്‍ ഇന്ന് ബഹിരാകാശ പ്രവര്‍ത്തനരംഗത്ത് വര്‍ധിച്ചുവരുന്ന ഭീഷണിയാണ്. ഇത് കുറച്ചുകൊണ്ടുവരാനുള്ള തന്ത്രങ്ങളും സാധ്യതകളും പ്രമുഖ സ്‌പെയ്‌സ് ഏജന്‍സികള്‍ മെനഞ്ഞു തുടങ്ങിക്കഴിഞ്ഞു. 

ഉപഗ്രഹങ്ങളുടെ ഭാരം കുറയ്ക്കുക, ചെറിയ ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ലക്ഷ്യം നേടത്തക്കവിധത്തില്‍ സാങ്കേതികവിദ്യകളെ മെച്ചപ്പെടുത്തുക, താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളെ കാലാവധി കഴിഞ്ഞാല്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ( Re entry ) സംവിധാനങ്ങള്‍ കൂടി ഉപഗ്രഹങ്ങളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ സാധ്യതകള്‍ സജീവ പരിഗണനയിലാണ്. 

ഈ മാസം (ഏപ്രില്‍ 18-21, 2017) ജര്‍മനിയിലെ യൂറോപ്യന്‍ സ്‌പെയ്‌സ് ഓപറേഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന 'യൂറോപ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ സ്‌പെയ്‌സ് ഡെബ്രി' ( European Conference on space debris ) ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും ഭീഷണി നേരിടാനുള്ള മാര്‍ഗങ്ങള്‍ ആരായാനുമായാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. 

Reference:
1. Lettersofnote.com
Why explore space? (സ്റ്റ്യൂളിംഗറിന്റെ കത്ത്-പൂര്‍ണ്ണരൂപം)
2. One small step - David Whitehouse
3. Nasa & Esa websites