മനുഷ്യരും സ്രാവും പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പിരിഞ്ഞത്  44 കോടി വര്‍ഷം മുമ്പാണെന്ന് പുതിയ പഠനം. ജര്‍മനിയില്‍ നിന്ന് കണ്ടെടുത്ത പ്രാചീന സ്രാവിന്റെ ഫോസിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്

shark and human
മനുഷ്യനും സ്രാവും-44 കോടി വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ രണ്ട് വര്‍ഗ്ഗങ്ങള്‍. ചിത്രം കടപ്പാട്: Pixabay, 5arah

 

മീന്‍മാര്‍ക്കറ്റില്‍ നല്ല സ്രാവ് കണ്ടാല്‍ ഒരു കിലോ വാങ്ങി വീട്ടിലെത്തിച്ച് മുളകിട്ടോ ഫ്രൈ ആക്കിയോ സ്വാദോടെ തട്ടുക എന്നതില്‍ കവിഞ്ഞൊരു ബന്ധം, നമ്മളും സ്രാവും തമ്മിലുണ്ടെന്ന് അധികമാരും കരുതാറില്ല. എന്നാല്‍, ജര്‍മനിയില്‍ നിന്ന് കണ്ടെടുത്ത സ്രാവ് ഫോസില്‍ ഈ കഥയ്‌ക്കൊരു ട്വിസ്റ്റ് വരുത്തിയിരിക്കുന്നു. 44 കോടി വര്‍ഷംമുമ്പ് സ്രാവിനും മനുഷ്യനും ഒരു പൊതുപൂര്‍വ്വിക ജീവി ഉണ്ടായിരുന്നു എന്നതാണ് പുതിയ ട്വിറ്റ്! ആ പൊതുപൂര്‍വ്വികനില്‍ നിന്ന് പരിണാമവഴിയില്‍ വേര്‍പെട്ട ശാഖകളാണ് ആധുനിക സ്രാവുകളിലും, മനുഷ്യനുള്‍പ്പെട്ട സസ്തനികളിലും എത്തി നില്‍ക്കുന്നത്!

അപ്പോള്‍ കാര്യം പിടികിട്ടിയില്ലേ. കോടിക്കണക്കിന് വര്‍ഷം മുമ്പ് മനുഷ്യനെ സംബന്ധിച്ച് സ്രാവ് വെറും സ്രാവായിരുന്നില്ല, 'സ്രാവ് ബ്രോ' ആയിരുന്നു!

ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്, ജര്‍മനിയിലെ റൈന്‍ നദീതടത്തില്‍ ബെര്‍ഗിഷ് ഗ്ലാഡ്ബാക് (Bergisch Gladbach) പട്ടണത്തിന് സമീപത്തു നിന്ന് കണ്ടെത്തുകയും 2001ല്‍ വിശദീകരിക്കുകയും ചെയ്ത പ്രാചീന സ്രാവിന്റെ അവശിഷ്ടങ്ങളാണ്. 38.5 കോടി വര്‍ഷം പഴക്കമുള്ള ഫോസിലാണത്. കണ്ടെടുത്ത സ്ഥലത്തിന്റെ പേരാണ് ആ പ്രാചീന മത്സ്യത്തിന് നല്‍കിയത്-'ഗ്ലാഡ്ബാകസ് അഡെന്റാറ്റസ്' (Gladbachus adentatus). 

ഭൗമചരിത്രത്തില്‍ 41.6 കോടി മുതല്‍ 35.8 കോടി വര്‍ഷം മുമ്പ് വരെയുള്ള കാലഘട്ടത്തിന് 'ഡിവോണിയന്‍ യുഗം' (Devonian period) എന്നാണ് പേര്. നാലുകാലുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കരയില്‍ പാര്‍പ്പുറപ്പിച്ചു തുടങ്ങിയ സമയമാണത്. ഡിവോണിയന്‍ യുഗത്തില്‍ ജീവിച്ചിരുന്ന സ്രാവ് വര്‍ഗ്ഗമായ 'ഗ്ലാഡ്ബാകസി'ന്റെ ഫോസില്‍ ഉന്നത റിസല്യൂഷനില്‍ കമ്പ്യൂട്ടര്‍ ടോമോഗ്രാഫി (സി.ടി) സ്‌കാന്‍ നടത്തി, ത്രിമാനഘടന സൃഷ്ടിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഷിക്കാഗോ സര്‍വകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞന്‍ മൈക്കല്‍ കോറ്റ്‌സും (Michael Coates) സംഘവും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് 'റോയല്‍ സൊസൈറ്റി ബി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 

fossilized shark, Ancient shark, Gladbachus adentatus
ജര്‍മനിയില്‍ നിന്ന് കിട്ടിയ സ്രാവ് ഫോസില്‍. കടപ്പാട്: Jason Smith/UChicago

 

സ്രാവുകളുടെയും മനുഷ്യരുടെയും പൊതുപൂര്‍വ്വികന്‍ 44 കോടി വര്‍ഷംമുമ്പാണ് ഭൂമിയില്‍ ജീവിച്ചിരുന്നതെന്നും, 44.3 കോടി മുതല്‍ 41.6 കോടി വര്‍ഷം വരെ നീളുന്ന 'സിലൂരിയന്‍ കാലഘട്ട' (Silurian period) ത്തിലാണ് അത് രണ്ട് കൈവഴിയായി വേര്‍പിരിഞ്ഞതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ആദ്യ ആല്‍ഗകളും പഴുതാര പോലുള്ള ആര്‍ത്രോപോഡുകളും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട കാലമാണ് സിലൂരിയന്‍. 

മനുഷ്യനും സ്രാവിനും ഒരു പൊതുപൂര്‍വികനോ എന്ന് പലര്‍ക്കും സംശയം തോന്നാം. കുരങ്ങ് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ല, അതിനാല്‍ പരിണാമ സിദ്ധന്തം തെറ്റാണെന്ന് തട്ടിവിടുന്ന കേന്ദ്രമന്ത്രിമാര്‍ പോലും നമുക്കുള്ളതിനാല്‍ പ്രത്യേകിച്ചും (കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയും മുന്‍ ഐപിഎസ് ഓഫീസറുമായ സത്യപാല്‍ സിംഗാണ് അടുത്തയിടെ ഇങ്ങനെ പറഞ്ഞത്).  എന്നാല്‍, ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും മുന്നോട്ടുവെച്ച 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' എന്ന ആശയം മനസിലാക്കിയവര്‍ക്ക്, സ്രാവിനും മനുഷ്യനും പൊതുപൂര്‍വികനുണ്ടായിരുന്നു എന്നകാര്യം അത്ര അത്ഭുതമാകാനിടയില്ല. 

Michael Coates, Gladbachus adentatus
മൈക്കല്‍ കോറ്റ്‌സ്,
സ്രാവ് ഫോസിലിനൊപ്പം.
കടപ്പാട്: UChicago 

സസ്യങ്ങളാകട്ടെ, ജന്തുക്കളാകട്ടെ-എല്ലാ ജീവരൂപങ്ങള്‍ക്കും കാലത്തിനും ഭൂപ്രകൃതിക്കും പരിസ്ഥിതികള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായവ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു, ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് ദീര്‍ഘകാലം കൊണ്ട് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജിവരൂപങ്ങളിലെത്തും. ഡാര്‍വിന്റെയും വാലസിന്റെയും സിദ്ധാന്തം പറയുന്നത് ഇങ്ങനെയാണ് (അല്ലാതെ, കുരങ്ങില്‍ നിന്നാണ് മനുഷ്യനുണ്ടായതെന്ന് ഡാര്‍വിനോ വാലസോ പറഞ്ഞിട്ടില്ല). ഇതനുസരിച്ച് സ്രാവിനും മനുഷ്യനും പൊതുപൂര്‍വികന്‍ ഉണ്ടായിരുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ വകയില്ല.  

ജര്‍മനിയില്‍ നിന്ന് കണ്ടെത്തിയ സ്രാവ് ഫോസില്‍ ആധുനിക സ്‌കാനിങ് സങ്കേതങ്ങളുപയോഗിച്ച് പഠിക്കാന്‍ മൈക്കല്‍ കോറ്റ്‌സും സംഘവും തീരുമാനിച്ചതിന് പ്രധാന കാരണം, അത്രയും പൂര്‍ണതയോടെ അധികം സ്രാവ് ഫോസിലുകള്‍ കണ്ടെടുത്തിട്ടില്ല എന്നതാണ്. കാഠിന്യമേറിയ അസ്ഥികള്‍ ഇല്ലാത്തതിനാല്‍, ശല്‍ക്കങ്ങള്‍ പോലെ ചില ഭാഗങ്ങളല്ലാതെ സ്രാവ് ഫോസിലുകളില്‍ മറ്റൊന്നും അവശേഷിക്കാറില്ല. ജര്‍മനിയില്‍ നിന്ന് കിട്ടിയ രണ്ടരയടി നീളമുള്ള സ്രാവിന്റെ ഫോസില്‍ പക്ഷേ, വ്യത്യസ്തമാണ്. ബ്രിട്ടനില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍് സൂക്ഷിച്ചിട്ടുള്ള ഫോസിലില്‍, ആ പ്രാചീന മത്സ്യത്തിന്റെ താടിയെല്ലുകളും, പല്ലുകളും, തലയോട്ടിയും, ചെകിളയും, ശല്‍ക്കങ്ങളുമെല്ലാം ഏതാണ്ട് പൂര്‍ണമായി തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

Ancient shark, Gladbachus adentatus
ഫോസില്‍ ഘടന പ്രകാരം 'ഗ്ലാഡ്ബാകസ് അഡെന്റാറ്റസ്' സ്രാവിനെ ചിത്രീകരിച്ചപ്പോള്‍. ചിത്രം കടപ്പാട്: Wikimedia 

 

ഇത്രയും പൂര്‍ണരൂപത്തിലുള്ള പ്രാചീന സ്രാവ് ഫോസിലുകള്‍ വിരളമാണ്. ഫോസില്‍ സ്‌കാന്‍ചെയ്തുണ്ടാക്കിയ ത്രിമാനഘടനയുടെ സഹായത്തോടെ 'ഗ്ലാഡ്ബാകസി'ന്റെ പൂര്‍വികജീവികളുമായി ശരീരഘടനയിലുള്ള ബന്ധം മനസിലാക്കാന്‍ കോറ്റ്‌സിനും സംഘത്തിനും കഴിഞ്ഞു. അങ്ങനെയാണ്, സ്രാവിന്റെയും മനുഷ്യന്റെയും പൊതുപൂര്‍വികന്‍ ജീവിച്ചിരുന്നത് 44 കോടി വര്‍ഷം മുമ്പാണെന്ന നിഗമനത്തില്‍ അവരെത്തിയത്. 

നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളുടെ (നട്ടെല്ലികളുടെ) പരിണാമത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതാണ് ഈ പഠനം.അസ്ഥികളുള്ള മത്സ്യങ്ങളില്‍ നിന്നാണ് നട്ടെല്ലുള്ള ജീവികളുടെ പരിണാമവഴികള്‍ ആരംഭിക്കുന്നത്. ആ വംശവഴികള്‍ കറങ്ങിത്തിരിഞ്ഞ് സസ്തനികളിലേക്കും, ഒടുവില്‍ മനുഷ്യരിലേക്കും എത്തുന്നു. 

എല്ലുകളെക്കാല്‍ കൂടുതലായി തരുണാസ്ഥികള്‍ (cartilage) ആണ് സ്രാവുകളിലുള്ളത്. അതിനാല്‍ നട്ടെല്ലികളുടെ വംശവഴികളില്‍ സ്രാവ് ഒരു വേറിട്ട ശാഖയായി മാറുകയായിരുന്നു. പ്രാചീനസ്രാവുകളുടെ അധികം ഫോസിലുകള്‍ ലഭ്യമല്ലാത്തതിനാല്‍, നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളുടെ പാതയില്‍ നിന്ന് സ്രാവുകള്‍ വഴിപിരിഞ്ഞത് എപ്പോഴാണെന്ന് അറിയാത്ത സ്ഥിതിയായിരുന്നു ഇതുവരെ. ഇക്കാര്യത്തിലും കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് പുതിയ പഠനം. 

അവലംബം -

1. An early chondrichthyan and the evolutionary assembly of a shark body plan. Proceedings of the Royal Society B  
2. Study of ancient fossil complicates the shark family tree. UChicago news

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്