Biosensor, Nanobiosensor, Malayalee Scientists
ഗവേഷണസംഘത്തിലെ ശ്രീകാന്ത് കെ.വി, രഞ്ജന്‍ സിംഗ്, ശിവരാമപണിക്കര്‍ ശ്രീജിത്ത്
എന്നിവര്‍. ചിത്രം കടപ്പാട്: ഡോ.എന്‍.സ്വരൂപ് 

ര്‍ബുദം പോലുള്ള രോഗങ്ങളെ അവയുടെ ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയാത്തതാണ്, ഇത്തരം രോഗങ്ങള്‍ പലപ്പോഴും മാരകമാകാന്‍ കാരണം. സിങ്കപ്പൂരില്‍ മലയാളികള്‍ ഉള്‍പ്പെട്ട ഗവേഷകസംഘം വികസിപ്പിച്ച സവിശേഷ ബയോസെന്‍സര്‍ ഈ പോരായ്മ മറികടക്കാന്‍ സഹായിച്ചേക്കും. 

തന്മാത്രകളാകട്ടെ വലിയ വസ്തുക്കളാകട്ടെ, അവയില്‍ നിന്ന് പ്രതിഫലിച്ചെത്തുന്ന പ്രകാശം ഉപയോഗിച്ച്  അവയെ നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും. എന്നാല്‍ ഈ രീതി ഉപയോഗിച്ച്  തീരെ ചെറിയ ജൈവതന്മാത്രകളെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിന് പ്രകാശ പ്രതിഫലനം ഉപയോഗിച്ചുള്ള സങ്കേതങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ഈ വെല്ലുവിളി മറികടക്കാന്‍ സഹായിക്കുന്ന പുതിയ നാനോ ബയോസെന്‍സറാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

സിങ്കപ്പൂരിലെ നാന്‍യാങ് ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകനും കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമായ ഡോ. ശ്രീകാന്ത്‌ കെ.വി, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും പത്തനംതിട്ട പ്രക്കാനം സ്വദേശിയുമായ ഡോ. ശിവരാമപണിക്കര്‍ ശ്രീജിത്ത് എന്നിവരും, നാന്‍യാങ് സര്‍വകലാശാലയിലെ പ്രൊഫസറും ബിഹാര്‍ സ്വദേശിയുമായ ഡോ. രഞ്ചന്‍ സിങും ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. 2016 ഒക്ടോബറില്‍ തുടങ്ങിയ ഗവേഷണമാണ് ഇപ്പോള്‍ ഫലംകണ്ടത്. 

Biosensor
അതിസൂക്ഷ്മ ജൈവതന്മാത്രകളെ തിരിച്ചറിയാന്‍
സഹായിക്കുന്ന പുതിയ ബയോസെന്‍സര്‍.
ചിത്രം കടപ്പാട്: ഡോ.എന്‍.സ്വരൂപ്

വളരെയേറെ നേര്‍പ്പിച്ച ലായനിയില്‍ ഒറ്റ പ്രോട്ടീന്‍ തന്മാത്രയേ അടങ്ങിയിട്ടുള്ളൂ എങ്കിലും, അതിനെ പോലും തിരിച്ചറിയാനും വേര്‍തിരിച്ചെടുക്കാനും ഈ നാനോ ബയോസെന്‍സറിന് കഴിയും. അങ്ങേയറ്റം സൂക്ഷ്മമായ ജൈവതന്മാത്രയെ ഒരു ജൈവ അരിപ്പ (biological sieve) പോലെ നാനോസെന്‍സര്‍ വേര്‍തിരിച്ചെടുക്കുന്നത് എങ്ങനെയെന്ന്, 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വിവരിക്കുന്നു. വ്യത്യസ്ത അര്‍ബുദങ്ങള്‍ തിരിച്ചറിയാന്‍ പാകത്തില്‍ ജൈവസൂചകങ്ങളുപയോഗിച്ച് ബയോസെന്‍സറിന്റെ ക്ഷമത വര്‍ധിപ്പിക്കാനാണ് ഗവേഷകരുടെ അടുത്ത ശ്രമം.

ഇത്തരം സെന്‍സറുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിലെ പ്രധാന വെല്ലുവിളി, അതിന് വളരെ ചെലവ് വരും എന്നതാണ്. എന്നാല്‍, 'നാനോഫോട്ടോണിക് തിന്‍ഫിലിം പ്ലാറ്റ്‌ഫോം' (nanophotonic thin-film platform) ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയില്‍ നാനോസെന്‍സര്‍ വികസിപ്പിക്കാന്‍ സിങ്കപ്പൂര്‍ സംഘത്തിന് കഴിഞ്ഞു. അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളെ പ്രാരംഭഘട്ടത്തില്‍ തന്നെ ചിലവ് കുറഞ്ഞ രീതിയില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന മുന്നേറ്റമാണിതെന്ന് സാരം.