പതിനൊന്ന് വര്‍ഷംമുമ്പ് ഇല്ലാതായ ഗ്രഹപദവി പ്ലൂട്ടോയ്ക്ക് തിരിച്ചുകിട്ടുമോ? ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഗ്രഹപദവിയിലേക്ക് ഉയരുമോ? 

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പത്രികയിലെ പുതിയ ഗ്രഹ നിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ അതിനുള്ള എല്ലാ സാധ്യതയുമുണ്ട്. മാത്രവുമല്ല, സൗരയൂഥത്തിലെ ഗ്രഹപട്ടികയില്‍ പുതിയതായി നൂറിലേറെ ഗോളങ്ങള്‍ ഇടംപിടിക്കുകയും ചെയ്യും!

നാസ മുന്നോട്ടുവെച്ച നിര്‍ദേശം അനുസരിച്ച് സൗരയൂഥത്തിലെ ഒരു ആകാശഗോളത്തിന് ഗ്രഹപദവി ലഭിക്കാന്‍ അത് സൂര്യനെ ചുറ്റണമെന്നില്ല. മാതൃനക്ഷത്രവുമായുള്ള ഇടപെടലല്ല ഗ്രഹപദവി നിശ്ചയിക്കാനുള്ള മാനദണ്ഡം, പകരം ഗോളങ്ങളുടെ ഭൗതികസവിശേഷതകളാണ്. 

നിലവില്‍ 'കുള്ളന്‍ ഗ്രഹ'മാണ് ( dwarf planet ) പ്ലൂട്ടോ. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ ( IAU ) അംഗീകരിച്ച പുതുക്കിയ ഗ്രഹനിര്‍വചനം അനുസരിച്ച് 2006 ഓഗസ്റ്റിലാണ് പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടമായത്. 

അന്നത്തെ നിര്‍വചനം അനുസരിച്ച് ഒരു ആകാശഗോളം ഗ്രഹമാകണമെങ്കില്‍, (1)അത് നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതാകണം, (2) അതിന് ഗോളമായി സ്ഥിതിചെയ്യാന്‍ വേണ്ട ഗുരുത്വബലത്തിന് ചേര്‍ന്ന ദ്രവ്യമാനം (പിണ്ഡം) ഉണ്ടായിരിക്കണം, (3) സമീപത്ത് മറ്റ് ആകാശഗോളങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഭ്രമണപഥത്തിനരികിലെ വസ്തുക്കളെ ഒഴിവാക്കിയിരിക്കണം. 

ഭ്രമണപഥത്തിനരികില്‍ മറ്റ് ഗോളങ്ങള്‍ കറങ്ങിത്തിരിഞ്ഞ് എത്തുന്നു എന്നതാണ് പ്ലൂട്ടോയ്ക്ക് വിനയായത്. പ്ലൂട്ടോയ്ക്ക് ഗ്രഹപദവിക്ക് അര്‍ഹതയില്ല എന്ന് ഐഎയു വിധിയെഴുതി. 

പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തു കളഞ്ഞതിനെ അംഗീകരിക്കാത്ത ജ്യോതിശാസ്ത്രജ്ഞരുണ്ട്. അതിലൊരാളാണ് നാസയിലെ അലന്‍ സ്‌റ്റേണ്‍. പ്ലൂട്ടോയിലേക്കുള്ള നാസയുടെ 'ന്യൂ ഹൊറൈസണ്‍സ് ദൗത്യ'ത്തിന്റെ മുഖ്യ ഗവേഷകനാണ് സ്‌റ്റേണ്‍ (2015 ല്‍ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി കടന്നുപോയി).  

Moon
പുതിയ ഗ്രഹനിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ ചന്ദ്രനും ഭൂമിയെപ്പോലെ ഗ്രഹപദവിയിലെത്തും

 

സ്‌റ്റേണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഗ്രഹനിര്‍വചനം തയ്യാറാക്കിയത്. താമസിയാതെ ഐഎയുവിന്റെ പരിഗണനയ്ക്ക് അതെത്തും. 

നിലവിലുള്ള ഗ്രഹനിര്‍വചനത്തിന് പകരം, ജിയോഫിസിക്കല്‍ നിര്‍വചനമാണ് സ്‌റ്റേണും സംഘവും തയ്യാറാക്കിയിട്ടുള്ളത്. അണുസംയോജനം നടക്കാത്ത, നക്ഷത്രങ്ങളെക്കാള്‍ വലുപ്പക്കുറവുള്ള ആകാശഗോളങ്ങളാണ് പുതിയ നിര്‍വചനം അനുസരിച്ച് ഗ്രഹങ്ങള്‍. ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തെ ചുറ്റുന്നവയാകണം എന്നില്ല.

ഈ നിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഗ്രഹമാകും. മാത്രമല്ല, സൗരയൂഥത്തിലെ ഉപഗ്രഹപട്ടികയില്‍പെട്ട ടൈറ്റന്‍, എന്‍സെലാഡസ്, യൂറോപ്പ, ഗാനിമീഡെ ഒക്കെ ഗ്രഹങ്ങളാകും. സ്വാഭാവികമായും പ്ലൂട്ടോയ്ക്ക് നഷ്ടപദവി തിരിച്ചുകിട്ടും. 

നിലവിലെ നിര്‍വചനത്തില്‍ ഒരു ഗോളം ഗ്രഹമാകണമെങ്കില്‍ സമീപത്ത് മറ്റ് ആകാശഗോളങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഭ്രമണപഥത്തിനരികിലെ വസ്തുക്കളെ ഒഴിവാക്കിയിരിക്കണം എന്ന നിബന്ധനയെ സ്‌റ്റേണും സംഘവും അംഗീകരിക്കുന്നില്ല. കിയ്പ്പര്‍ ബല്‍റ്റിലുള്ള ഭൂമിയുടെ അത്രയുള്ള ഗോളങ്ങള്‍ക്ക് പോലും ഭ്രമണപഥത്തിനരികില്‍ മറ്റ് വസ്തുക്കളുണ്ട്. എന്നുവെച്ചാല്‍, അത്തരം ഗോളങ്ങള്‍ പോലും ഗ്രഹമാകില്ല. ഇത് യുക്തിസഹമല്ലെന്നാണ് ഗവേഷകരുടെ വാദം. 

ഏതായാലും നിലവിലെ ഗ്രഹനിര്‍വചനം പുതുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ഐഎയു ആണ്. ഐഎയു അംഗീകരിക്കും വരെ ഇപ്പോഴത്തെ സ്ഥിതി തന്നെയാകും തുടരുക.

നാസയുടെ പുതിയ ഗ്രഹനിര്‍വചനം ഇവിടെ വായിക്കാം.

(കടപ്പാട്: Science Alert )