ഇന്‍ഡോര്‍:  ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാര്‍. എന്നാല്‍ അതിന് ദീര്‍ഘദൃഷ്ടിയോടെയുള്ള പദ്ധതികള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള എല്ലാ ശേഷിയും നമുക്കുണ്ട്. അത്തരമൊരു നിലയത്തിനായി രാജ്യം തീരുമാനിച്ചാല്‍ പദ്ധതി നടപ്പിലാക്കാന്‍ ഐഎസ്ആർഒ തയ്യാറാണ്. തീരുമാനമെടുക്കുക, അതിനാവശ്യമായ ഫണ്ടും സമയവും അനുവദിക്കുക - അത്രമാത്രം ചെയ്താല്‍ മതി അദ്ദേഹം പറഞ്ഞു.

ഇന്‍ഡോറിലെ രാജാ രാമണ്ണ സെന്റര്‍ ഫോാര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കിരണ്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.

മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്കൊണ്ട് നേരിട്ട് ലഭിക്കുന്ന പ്രയോജനങ്ങളെന്താണ് എന്നാണ് ഇപ്പോള്‍ ഐഎസ്ആർഒ ചിന്തിക്കുന്നത്. അതിനാലാണ് ബഹിരാകാശ നിലയത്തിനായി നിക്ഷേപം നടത്തുന്നതിനേക്കുറിച്ച് രാജ്യം ഇപ്പോൾ ചിന്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ നിലയത്തിനായി ദീര്‍ഘകാലത്തെ ആലോചനകള്‍ ആവശ്യമാണെന്നും എത്രയും പെട്ടന്നാണോ അത്രയും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.