മനുഷ്യന്റെ ആയുസ്സ് കുറയ്ക്കാന്‍ സഹായിക്കുന്ന ജനിതക പിഴവുകള്‍, ഓരോ തലമുറ കഴിയുന്തോറും മാനവജിനോമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. തലമുറകള്‍ കഴിയുന്തോറും മനുഷ്യരുടെ ആയുസ്സ് കൂടുന്നതിന് അനുകൂലമായി പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുന്നു എന്ന് പുതിയ പഠനം 

Human Evolution
മനുഷ്യപരിണാമത്തിന്റെ ആവേഗം തന്മാത്രാതലത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ഗവേഷകര്‍ 

 

ചാള്‍സ് ഡാര്‍വിനും അദ്ദേഹത്തെക്കാള്‍ 14 വയസ്സ് കുറവുള്ള ആല്‍ഫ്രഡ് റസ്സല്‍ വാലസും ചേര്‍ന്ന് 1858 ജൂലായ് ഒന്നിന് ലണ്ടനിലെ ലിനിയന്‍ സൊസൈറ്റിയില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇരുവരുടെയും അസാന്നിധ്യത്തില്‍ ചെറിയൊരു സംഘം ശ്രോതാക്കളുടെ മുന്നില്‍ മൂന്നാമതൊരാള്‍ അത് വായിക്കുകയായിരുന്നു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും സമുന്നതമായ ആശയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആയിരുന്നു പ്രബന്ധത്തിന്റെ ഉള്ളടക്കം. 

അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പക്ഷേ, ആ പ്രബന്ധത്തിന് കഴിഞ്ഞില്ല. പ്രബന്ധത്തിലെ ആശയം വിപുലീകരിച്ച് 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥം ഡാര്‍വിന്‍ അതിന് അടുത്ത വര്‍ഷം, 1859ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കഥ മാറി. ശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി ആ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം. ആ ഗ്രന്ഥമുയര്‍ത്തിയ വിവാദവും, ഗ്രന്ഥത്തിന്റെ വില്‍പ്പനയും ഒന്നര നൂറ്റാണ്ടിന് ശേഷം ഇപ്പോഴും അവസാനിച്ചിട്ടില്ല! 

ജീവലോകത്തിന്റെ അടിസ്ഥാന ചാലകശക്തിയായി  'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഡാര്‍വിന്‍ തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. സസ്യങ്ങളായാലും ജന്തുക്കളായാലും, എല്ലാ ജീവരൂപങ്ങള്‍ക്കും കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സംരക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് 'പ്രകൃതിനിര്‍ധാരണ'ത്തിന്റെ (natural selection) അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും ചേരുന്നവയ്ക്കാണ് അതിജീവനശേഷിയുണ്ടാവുക.

ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ ദീര്‍ഘകാലം കൊണ്ട് അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഈ സിദ്ധാന്തം അനുസരിച്ച് ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജിവരൂപങ്ങളിലെത്തും. സൂക്ഷ്മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം. 

Darwin
ചാള്‍സ് ഡാര്‍വിന്‍

 

ഡാര്‍വിന്റെയും വാലസിന്റെയും സിദ്ധാന്തം അവതരിപ്പിക്കപ്പെടും വരെ ജീവലോകമെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതമായിരുന്നു. മനുഷ്യേതരശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായി പ്രകൃതിയെ കരുതിയിരുന്നു. എന്നാല്‍, പരിണാമ സിദ്ധാന്തത്തിന്റെ അവതരണത്തോടെ, ജീവലോകത്തിന്റെ നിലനില്‍പ്പിനും പരിണാമത്തിനും അത്തരം ഒരു ശക്തിയുടെയും ആവശ്യമില്ല എന്നുവന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നത് പ്രകൃതിയുടെ തന്നെ നിയമങ്ങളാണെന്നു ആ സിദ്ധാന്തം വ്യക്തമാക്കി. 

സ്വാഭാവികമായും പരിണാമ സിദ്ധാന്തം വലിയ വിവാദം സൃഷ്ടിച്ചു. ഒരു വശത്ത് ശാസ്ത്രീയമായ തെളിവുകള്‍ ഏറുമ്പോള്‍ തന്നെ, മറുവശത്ത് പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്ന വിചിത്രദൃശ്യത്തിനാണ് ലോകമിന്ന് സാക്ഷ്യംവഹിക്കുന്നത്. 

പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളിലൊന്ന് മനുഷ്യന്‍ എന്തുകൊണ്ട് ഇപ്പോള്‍ പരിണമിക്കുന്നില്ല എന്നതാണ്. ഇക്കാര്യം പരിശോധിക്കാന്‍, മനുഷ്യന് പരിണാമം സംഭവിക്കുന്നുണ്ടോ, എങ്ങനെയാണ് 'പ്രകൃതിനിര്‍ധാരണം' മനുഷ്യന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ അമേരിക്കന്‍ ഗവേഷകര്‍ അടുത്തയിടെ വിപുലമായ ഒരു പഠനം നടത്തി. മനുഷ്യനടക്കം ഏത് ജീവിയിലും ജനിതകതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് പരിണാമത്തിന്റെ അടിസ്ഥാനം. അതിനാല്‍, 215000 പേരുടെ ഡി.എന്‍.എ. പരിശോധിച്ചായിരുന്നു, ന്യൂയോര്‍ക്കില്‍ കൊളംബിയ സര്‍വകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞന്‍ ഹഖാമനേഷ് മൊസ്തഫാവിയുടെ നേതൃത്വത്തിലുള്ള പഠനം. 

Wallace
ആല്‍ഫ്രഡ് റസ്സല്‍ വാലസ്

 

ഒന്നോ രണ്ടോ തലമുറകള്‍ക്കിടെ മനുഷ്യര്‍ എങ്ങനെ പരിണമിക്കുന്നു എന്ന് നേരിട്ട് മനസിലാക്കാന്‍ നടത്തിയ ആദ്യശ്രമമാണിത്. 'പ്ലോസ് ബയോജളി' ( PLoS Biology ) ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നത്, മനുഷ്യന്റെ ആയുസ്സ് കുറയ്ക്കാന്‍ കാരണമാകുന്ന ജനിതക പിഴവുകള്‍, ഓരോ തലമുറ കഴിയുന്തോറും മാനവജിനോമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നാണ്! തലമുറകള്‍ കഴിയുന്തോറും മനുഷ്യരുടെ ആയുസ്സ് കൂടാന്‍ അനുകൂലമായി പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുന്നു എന്നുസാരം. 

യു.എസിലെയും ബ്രിട്ടനിലെയും വിപുലമായ ജനിതക വിവരശേഖരമാണ് ഗവേഷകര്‍ പഠനത്തിനുപയോഗിച്ചത്. വ്യത്യസ്ത പ്രായഗ്രൂപ്പുകളില്‍ ജനിതകപിഴവുകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ തോത് ഗവേഷകര്‍ വിശകലനം ചെയ്തു. പഠനത്തിലുള്‍പ്പെട്ട ഓരോ വ്യക്തിയുടെയും ആയുര്‍ദൈര്‍ഘ്യമായി, അവര്‍ ഓരോരുത്തരുടെയും മാതാപിതാക്കള്‍ മരിച്ച പ്രായം പരിഗണിച്ചു. 'അതിജീവനത്തെ ജനിതക പിഴവുകള്‍ സ്വാധീനിക്കുന്നുവെങ്കില്‍, അതിജീവിച്ച അംഗങ്ങളുടെ പ്രായം വര്‍ധിക്കുന്നതനുസരിച്ച് ജനിതകപിഴവുകളുടെ ആവര്‍ത്തി കുറഞ്ഞു വരണം'-മൊസ്തഫാവി പറഞ്ഞു. എന്നുവെച്ചാല്‍, അപകടകാരികളായ ജനിതക പിഴവുകള്‍ ഉള്ളവര്‍ കുറഞ്ഞ പ്രായത്തില്‍ മരിക്കുന്നതിന്റെ തോത് ഏറുന്നു. അതിനാല്‍, പ്രായമേറിയ വിഭാഗത്തില്‍ ആ ജനിതക പിഴവ് വളരെ കുറഞ്ഞിരിക്കും. ഇത് സംഭവിക്കുന്നുണ്ടോ എന്നാണ് ഗവേഷകര്‍ മുഖ്യമായും പരിശോധിച്ചത്. 

മൊസ്തഫാവിയും സംഘവും 80 ലക്ഷത്തിലേറെ സാധാരണ ജനിതിക പിഴവുകള്‍ പരിശോധിച്ചു. അതില്‍, അപകടകാരികളായ രണ്ട് പിഴവുകള്‍ പ്രായംകൂടിയവരില്‍ അപൂര്‍വ്വമാണെന്ന് കണ്ടു. APOE ജീന്‍ ആണ് ഒരെണ്ണം. ഓര്‍മ നഷ്ടപ്പെടുത്തുന്ന അല്‍ഷൈമേഴ്‌സ് രോഗവുമായി ബന്ധമുള്ള ജീനാണിത്. 70 കഴിഞ്ഞ സ്ത്രീകളില്‍ ഈ ജീന്‍ വളരെ അപൂര്‍വ്വമായേ കാണപ്പെടുന്നുള്ളൂ എന്ന് പഠനത്തില്‍ കണ്ടു. പുരുഷന്മാരെ പുകവലിക്ക് അടിമയാക്കുന്നതുമായി ബന്ധപ്പെട്ട CHRNA3 ജീന്‍ ആണ് രണ്ടാമത്തേത്. മധ്യവയസ് കഴിഞ്ഞവരില്‍ ഈ ജീന്‍ കാണപ്പെടുന്നില്ല എന്നാണ് വ്യക്തമായത്. 

പരിണാമത്തിന്റെ വശത്ത് നിന്ന് നോക്കിയാല്‍, കൂടിയ പ്രായം വരെ ജീവിച്ചിരിക്കുക എന്നതല്ല, കൂടുതല്‍ സന്തതികള്‍ക്ക് ജന്മം നല്‍കുന്നതും അവരുടെ അതിജീവനവുമാണ്  പ്രധാനം. അതിന് മേല്‍സൂചിപ്പിച്ച സംഗതികള്‍ എങ്ങനെ സഹായിക്കുന്നു? മാതാപിതാക്കള്‍ കൂടിയ പ്രായം വരെ ആരോഗ്യത്തോടെ ജീവിച്ചാല്‍, അവര്‍ക്ക് സ്വന്തം കുട്ടികളെയും പേരക്കിടാങ്ങളെയും നോക്കാനും അവരുടെ അതിജീവനത്തില്‍ സഹായിക്കാനും കഴിയുന്നു. അങ്ങനെ വരുമ്പോള്‍, മേല്‍സൂചിപ്പിച്ച ജനിതകപിഴവ് ഇല്ലാത്ത വ്യക്തികള്‍ കൂടുതലായി അതിജീവിക്കാന്‍ അവസരമൊരുങ്ങുന്നു. അപകടകാരിയാകുന്ന ജനിതക പിഴവുകള്‍ പ്രായമേറുമ്പോള്‍ മാത്രമല്ല, അതിന് മുമ്പും അപകടകാരിയാകുന്നു എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്ന മറ്റൊരു സംഗതി.

ഈ ദിശയില്‍ കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും നടക്കേണ്ടതായിട്ടുണ്ട്. ഏതായാലും, ഒന്നര നൂറ്റാണ്ട് മുമ്പ് ഡാര്‍വിനും വാലസും മുന്നോട്ടുവെച്ച സിദ്ധാന്തം തന്മാത്രാതലത്തില്‍ കൂടുതല്‍ മനസിലാക്കാന്‍ ജിനോം വിവരങ്ങള്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍. 

അവലംബം - 

1. Massive genetic study shows how humans are evolving, by Bruno Martin. Nature 06 September 2017   
2. ജീവന്റെ പുസ്തകം, ജോസഫ് ആന്റണി, കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗ്‌

* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌