സൗരയൂഥം, അതില്‍ ഭൂമിയെന്ന ഗ്രഹം. ജീവനുണ്ടെന്ന് നമുക്കിപ്പോള്‍ ഉറപ്പിച്ച് പറയാവുന്ന പ്രപഞ്ചത്തിലെ ഏകസ്ഥലം. 

സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങളില്ലേ, അവയിലും ഭൂമിയിലെ സാഹചര്യങ്ങള്‍ ഉണ്ടായിക്കൂടേ, ജീവന്‍ സാധ്യമായിക്കൂടേ-മനുഷ്യജിജ്ഞാസയുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ഈ ചിന്തയാണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ കണ്ടുപിടിക്കാന്‍ നമ്മളെ മുഖ്യമായും പ്രേരിപ്പിക്കുന്നത്. 

മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് മനുഷ്യന്റെ ആദിമജിജ്ഞാസകളിലൊന്നാണ്. ഏറെ ചിന്തകരും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ തര്‍ക്കിച്ചിട്ടുണ്ട്, സിദ്ധാന്തങ്ങളും നിഗമനങ്ങളും വന്നിട്ടുണ്ട്. 1960 കളില്‍ അമേരിക്കന്‍ ഗവേഷകനായ ഫ്രാങ്ക് ഡ്രേക്ക് ഒരു ഗണിതസമവാക്യത്തിന് തന്നെ രൂപംനല്‍കി. പ്രപഞ്ചത്തില്‍ എത്രയിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കണക്കാനുള്ള സമവാക്യം. ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തില്‍ മാത്രം ലക്ഷക്കണക്കിന് ഇടങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്!

ഓര്‍ക്കുക, പതിനായിരം കോടി മുതല്‍ നാല്പതിനായിരം കോടി വരെ നക്ഷത്രങ്ങള്‍ കണ്ടേക്കാവുന്ന ഒരു സാധാരണ ഗാലക്‌സിയാണ് ക്ഷീരപഥം. ഇതുപോലെ പതിനാലായിരം കോടിയിലേറെ ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. അപ്പോള്‍, ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളുടെ എണ്ണം അമ്പരപ്പിക്കുംവിധം വലുതാകുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ജീവനുള്ളതായി നമുക്ക് അറിവുള്ളത് ഭൂമിയില്‍ മാത്രം! 

first Exoplanet
അലക്‌സ് വോള്‍സ്റ്റാന്‍.
ചിത്രം കടപ്പാട്: പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി 

നിരാശാജനകമായ അവസ്ഥയാണിത്. ഇതിനുള്ള മറുമരുന്നാണ് സൗരയൂഥത്തിന് വെളിയില്‍ ഗ്രഹങ്ങളെ കണ്ടെത്തുക, അവയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുണ്ടോ എന്ന് പഠിക്കുക എന്നത്. ഇതിനുള്ള ശ്രമം ഏറെക്കാലമായി ശാസ്ത്രലോകം നടത്തുന്നുണ്ടെങ്കിലും, സൗരയൂഥത്തിന് പുറത്ത് ആദ്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് അധിക കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, സൗരയൂഥത്തിന് പുറത്ത് ആദ്യ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് കഴിഞ്ഞ മാസം 25 വര്‍ഷം തികഞ്ഞതേയുള്ളൂ. 

പോളണ്ടില്‍ ജനിച്ച അലക്‌സ് വോള്‍സ്റ്റാന്‍, കനേഡിയന്‍ വംശജനായ ഡെയ്ല്‍ ഫ്രെയ്ല്‍ എന്നിവര്‍ ചേര്‍ന്നാണ് സൗരയൂഥത്തിന് വെളിയില്‍ രണ്ട് ഗ്രഹങ്ങളെ ആദ്യമായി തിരിച്ചറിയുന്നത്. ആ കണ്ടുപിടുത്തത്തിന്റെ വിവരം 1992 ജനുവരി 9 ന് 'നേച്ചര്‍' ജേര്‍ണലില്‍ വന്ന പഠനറിപ്പോര്‍ട്ട് (https://goo.gl/dEROAI) വഴി ഇരുവരും ലോകത്തെ അറിയിച്ചു. ഭൂമിയില്‍ നിന്ന് 2300 പ്രകാശവര്‍ഷമകലെ ഒരു പള്‍സറിനെ (പള്‍സര്‍ എന്നാല്‍ ഭ്രമണംചെയ്യുന്ന ന്യൂട്രോണ്‍ താരം) ചുറ്റുന്ന ഗ്രഹങ്ങളായിരുന്നു അവ. ഭൂമിയെ അപേക്ഷിച്ച് നാലുമടങ്ങ് ദ്രവ്യമാനമുള്ളവ. പ്യൂര്‍ട്ടോ റിക്കോയിലെ 'അരിസിബ ഒബ്‌സര്‍വേറ്ററി' ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അവയെ തിരിച്ചറിഞ്ഞത്. 

അതേ ന്യൂട്രോണ്‍ താരത്തെ ചുറ്റുന്ന മൂന്നാമതൊരു ഗ്രഹത്തെ 1994ല്‍ വോള്‍സ്റ്റാന്‍ തിരിച്ചറിഞ്ഞു. ഇത്തവണ മെസീജ് കൊനാക്കിയെന്ന സഹപ്രവര്‍ത്തകനൊപ്പമായിരുന്നു കണ്ടെത്തല്‍.

first exoplanets
ഡെയ്ല്‍ ഫ്രെയ്ല്‍.
ചിത്രം കടപ്പാട്: നാഷണല്‍
റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി,
ന്യൂ മെക്‌സിക്കോ 

മാതൃനക്ഷത്രമായ ആ ന്യൂട്രോണ്‍ താരത്തിന്റെ ചുവടുപിടിച്ച് PSR1257+12b, PSR1257+12c, PSR1257+12d എന്നിങ്ങനെ പരിതാപകരമായ പേരുകളാണ് ആ വിദൂരഗ്രഹങ്ങള്‍ക്ക് ലഭിച്ചത്. ഇത്തിരി ഗമയുള്ള പേരൊക്കെ വരാന്‍ രണ്ടു പതിറ്റാണ്ടെടുത്തു. ഒരു പേരിടല്‍ മത്സരം തന്നെ അതിന് വേണ്ടിവന്നു. ഒടുവില്‍ 2015 ആയപ്പോള്‍ Draugr, Poltergeist, Phobetor എന്നീ പേരുകള്‍, സൗരയൂഥത്തിന് വെളിയില്‍ മനുഷ്യന്‍ തിരിച്ചറിഞ്ഞ ആദ്യ ഗ്രഹങ്ങള്‍ക്ക് ലഭിച്ചു. 

മേല്‍സൂചിപ്പിച്ച അന്യഗ്രഹങ്ങളുടെ പ്രശ്‌നം അവ നമ്മുടെ സൂര്യനെപ്പോലൊരു നക്ഷത്രത്തെ ചുറ്റുന്നവ ആയിരുന്നില്ല എന്നതാണ്. അവയുടെ മാതൃനക്ഷത്രം ഒരു പള്‍സറായിരുന്നു. സൂര്യനെപ്പോലൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അന്യഗ്രഹത്തെ കണ്ടെത്താന്‍ 1995 ഒക്ടോബര്‍ വരെ കാക്കേണ്ടി വന്നു. മൈക്കല്‍ മേയര്‍, ദിഡീര്‍ ക്വെലൊസം എന്നിവര്‍ കണ്ടെത്തിയ ആ അന്യഗ്രഹത്തിന്റെ പേര്  '51 പെഗാസി ബി' എന്നാണ്. 

First Exoplanets
ആദ്യമായി മനുഷ്യന്‍ തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങള്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ/ജെപിഎല്‍

 

കണ്ടെത്തല്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് കഥ മാറി. സാങ്കേതികവിദ്യയും നിരീക്ഷണ ഉപാധികളും പുരോഗമിച്ചു. തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. വിക്കിപീഡിയ പ്രകാരം 3560 ഗ്രഹങ്ങളെ സൗരയൂഥത്തിന് വെളിയില്‍ ഇതുവരെ മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 2331 എണ്ണവും 2009 മാര്‍ച്ചില്‍ നാസ വിക്ഷേപിച്ച കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സംഭാവനയാണ്! ഭൂമിയുടെ അത്ര വലുപ്പമുള്ള 'കെപ്ലാര്‍-20എഫ്' എന്നത് പോലുള്ളവയും അതില്‍ ഉള്‍പ്പെടുന്നു. കെപ്ലര്‍ ശരിക്കുമൊരു ഗ്രഹവേട്ട തന്നെ നടത്തി എന്നര്‍ഥം. 

വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ തിരിച്ചറിയുക, അത്തരം ഗ്രഹങ്ങളില്‍ ജീവന്റെ മുദ്രയുണ്ടോ എന്ന് പരിശോധിക്കുക-ഇതായിരുന്നു കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ ദൗത്യം. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സഞ്ചരിക്കുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കണക്കാക്കി ഗ്രഹസാന്നിധ്യം മനസിലാക്കുന്ന 'സംതരണ രീതി'യാണ് കെപ്ലറുപയോഗിച്ച് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ ഗവേഷകര്‍ അവലംബിച്ച മാര്‍ഗ്ഗം. 

Kepler Mission
2331 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച കെപ്ലാര്‍ ടെലിസ്‌കോപ്പ്. ചിത്രം കടപ്പാട്: നാസ

 

ഈ മേഖലയില്‍ അതിശയകരമായ ഒരു കണ്ടെത്തല്‍ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയത് 2016 ലാണ്. സൂര്യന് തൊട്ടയല്‍പക്കത്തുള്ള പ്രോക്‌സിമ സെന്റൗറി നക്ഷത്രത്തെ ചുറ്റുന്ന ഭൂമിയെപ്പോലൊരു ഗ്രഹം ഉണ്ടെന്നതായിരുന്നു ആ കണ്ടെത്തല്‍. ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ഗ്രഹത്തിന് 'പ്രോക്‌സിമ ബി' എന്നാണ് പേരിട്ടിരിക്കുന്നത്. സൂര്യനില്‍നിന്ന് വെറും 4.2 പ്രകാശവര്‍ഷമകലെയാണ് അതിന്റെ സ്ഥാനം. 

'വിദൂര നക്ഷത്രങ്ങളില്‍ ഗ്രഹസംവിധാനങ്ങള്‍ സാധാരണമാണ് എന്ന പ്രവചനം ശരിവെയ്ക്കുന്ന സൂചനകളാണ് തുടക്കം മുതല്‍ ലഭിച്ചത്. വളരെ വൈവിധ്യമേറിയ ഘടനകളുള്ള ഗ്രഹസംവിധാനങ്ങള്‍ ഉണ്ടാകാം. സൗരയൂഥത്തെ കുറിച്ചുള്ള അറിവ് മാത്രം വെച്ച് അവയെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കാവില്ല' - ആദ്യ അന്യഗ്രഹങ്ങള്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ അലക്‌സ് വോള്‍സ്റ്റാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് സത്യമാണെന്ന് അന്യഗ്രഹങ്ങളെക്കുറിച്ച് ഇതിനകം ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. 

ഇത്രയും വായിക്കുമ്പോള്‍, 'ഹോ, വെറും 25 വര്‍ഷംകൊണ്ട് 3500 ലേറെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞോ' എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. അത്തരക്കാരുടെ അറിവിലേക്കായി പറയട്ടെ, 'അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടേയുള്ളൂ' എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍. പുതിയ ടെക്‌നോളജികള്‍ കാര്യങ്ങളുടെ ആവേഗം വര്‍ധിപ്പിക്കാന്‍ പോവുകയാണ്. നാസയുടെ പുതുതലമുറ 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' അടുത്തവര്‍ഷം വിക്ഷേപിക്കുന്നതോടെ കാര്യങ്ങള്‍ അടിമുടി മാറും. 

കഴിഞ്ഞ 25 വര്‍ഷത്തേതിലും കൂടുതല്‍ അന്യഗ്രഹങ്ങള്‍ അടുത്ത കാല്‍നൂറ്റാണ്ടുകാലം കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. അത്തരമേതെങ്കിലുമൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമെന്ന ആ പരമമായ പ്രതീക്ഷയും സഫലമായേക്കാം. ഏതായാലും നമുക്ക് കാത്തിരിക്കാം.

* 'മാതൃഭൂമി' നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്