ശനിയുടെ വിചിത്ര ഉപഗ്രഹമായ അറ്റ്‌ലസിന്റെ മികച്ച ദൃശ്യം പകര്‍ത്തുന്നതില്‍ നാസയുടെ കസ്സീനി പേടകം വിജയിച്ചു. പറക്കുംതളികയുടെ ആകൃതിയുള്ള അറ്റ്‌ലസ് ( Atlas ) സൗരയൂഥത്തിലെ തന്നെ വിചിത്രാകൃതിയുള്ള ഉപഗ്രഹമാണ്. 

കസ്സീനി പേടകം 11,000 കിലോമീറ്റര്‍ അകലെ നിന്നാണ് ചിത്രം പകര്‍ത്തിയത്. 

അറ്റ്‌ലസിന്റെ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികവാര്‍ന്ന ദൃശ്യമാണ് കസ്സീനി നല്‍കിയതെന്ന് നാസ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ശനി ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാന്‍ 1997ല്‍ നാസ വിക്ഷേപിച്ച പേടകമാണ് കസ്സീനി. 2004 ല്‍ ശനിക്ക് സമീപമെത്തിയ പേടകത്തിന്റെ ദൗത്യം 2017 സെപ്റ്റംബറില്‍ ശനിയില്‍ പതിച്ച് അവസാനിക്കാനിരിക്കുകയാണ്. 

കാണുക | ശനിയില്‍ അവസാന കുതിപ്പിനൊരുങ്ങി കസ്സീനി പേടകം 

ശനിയുടെ ഉപഗ്രഹങ്ങളില്‍ വലുപ്പം കുറഞ്ഞ ഒന്നായ അറ്റ്‌ലസിന് 30 കിലോമീറ്റര്‍ വിസ്താരമേയുള്ളൂ. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ വ്യാസം 5,150 കിലോമീറ്ററാണ്. 

2017 ഏപ്രില്‍ 12 ന് കസ്സീനി പേടകം അറ്റ്‌ലസിന് അടുത്തുകൂടി പറന്നപ്പോള്‍ എടുത്ത ചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്.