സൂപ്പര്‍നോവ സംബന്ധിച്ച  ലോകത്തെ ഏറ്റവും പഴയ രേഖപ്പെടുത്തലാകാം ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയതെന്ന് ഗവേഷകര്‍ 

olsest sky chart, supernova, rock art
കശ്മീരില്‍ നിന്ന് കണ്ടെത്തിയ ശിലാചിത്രം. കടപ്പാട്: IGNCA

 

ശ്മീരിലെ ബുര്‍സഹമ മേഖലയില്‍ ഒരു മതിലിന്റെ ഭാഗമായ കല്ലില്‍ കാണപ്പെട്ട പ്രാചീന ചിത്രം ആശയക്കുഴപ്പമുളവാക്കുന്നതായിരുന്നു. ആ ശിലാചിത്രത്തില്‍ വേട്ടക്കാര്‍ക്കും വേട്ടമൃഗങ്ങക്കും ഒപ്പം ആകാശത്ത് തിളക്കമേറിയ രണ്ട് ഗോളങ്ങളും കാണപ്പെടുന്നു എന്നതാണ് പ്രശ്‌നമായത്. അവ സൂര്യനും ചന്ദ്രനും ആയിരിക്കാമെന്ന് സംശയിച്ചെങ്കിലും, അതിന് യുക്തിഭദ്രമായ വിശദീകരണം സാധ്യമായില്ല. 

ആ ശിലാചിത്രത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച ഇന്ത്യന്‍ ഗവേഷകര്‍ എത്തിയിരിക്കുന്ന പുതിയ നിഗമനം ഇതാണ്: കശ്മീരിലെ ആ പ്രാചീനചിത്രത്തിലെ ആകാശഗോളങ്ങളിലൊന്ന് ചന്ദ്രനും, രണ്ടാമത്തേത് 5000 വര്‍ഷം മുമ്പ് ആകാശത്ത് പ്രകാശം ചൊരിഞ്ഞ് പ്രത്യക്ഷപ്പെട്ട സൂപ്പര്‍നോവയുമാണ്! ചിത്രത്തിലെ മനുഷ്യരും മൃഗങ്ങളും ഭൂമിയിലെ സംഗതികളെയല്ല പ്രതിനിധീകരിക്കുന്നത്, ആകാശത്തെ നക്ഷത്രഗണങ്ങളെയാണ്. 

മുംബൈയില്‍ 'ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി'ലെ (TIFR) നക്ഷത്രഭൗതിക ശാസ്ത്രജ്ഞന്‍ മേയാന്‍ക് വാഹിയയും സഹപ്രവര്‍ത്തകരുമാണ് പഠനം നടത്തിയത്. 'ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഹിസ്റ്ററി ഓഫ് സയന്‍സി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, ലോകത്ത് അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമേറിയ സൂപ്പര്‍നോവ ചിത്രീകരണമാണ് ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയത്. മാത്രമല്ല, ഏറ്റവും പഴക്കമേറിയ ആകാശ മാപ്പും (sky chart) ഇതാണ്! 

തുര്‍ക്കിയില്‍ ഗൂബെക്ലി തെപി എന്ന പ്രാചീനസ്മാരകത്തിലെ ഒരു ശിലാലിഖിതം, ഏതാണ്ട് പതിമൂവായിരം വര്‍ഷംമുമ്പ് ഭൂമിയില്‍ പതിച്ച് വന്‍നാശം വിതച്ച വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള വിവരമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത് അടുത്തയിടെയാണ്. ഭൂമിയില്‍ ആയിരം വര്‍ഷം നീണ്ട ചെറുഹിമയുഗത്തിന് കാരണം ആ ധുമകേതു പതനമാകാമെന്ന സാധ്യത ഗവേഷകര്‍ സൂചിപ്പിച്ചിരുന്നു. മാത്രമല്ല, ഭൂമുഖത്തുനിന്ന് വൂളി മാമത്തുകള്‍ അപ്രത്യക്ഷമായതും, വെട്ടയാടി അലഞ്ഞുതിരിഞ്ഞ് നാടോടികളായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷി തുടങ്ങി സ്ഥിരതാമസം ആരംഭിക്കുന്നതും ആ കാലത്താണെന്ന് ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്ന കാര്യം ഈ പംക്തിയില്‍ എഴുതിയിരുന്നു (മാതൃഭൂമി നഗരം. മെയ് 9, 2017).

oldest Sky Chart, Supernova
ശിലാചിത്രത്തിലെ ആകാശ ദൃശ്യം. കടപ്പാട്: Journal of History of Science

 

ഗൂബെക്ലി തെപിയിലെ ആ പ്രാചീനരേഖപ്പെടുത്തലിനെ ഓര്‍മിപ്പിക്കുന്നതാണ് കശ്മീരിലെ ശിലാചിത്രം. ഒരു മതിലിന്റെ ഭാഗമായ ശിലയിലാണ് ആകാശദൃശ്യം രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റെവിടെയോ ഉള്ള നിര്‍മിതി പൊളിച്ചപ്പോള്‍ കിട്ടിയ കല്ല് മതിലുണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മതില്‍ നിര്‍മിച്ചത് 2100 ബി.സി.യിലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബുര്‍സഹമ മേഖലയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ വാസസ്ഥലങ്ങള്‍ ഏതാണ്ട് 4100 ബി.സി.യിലുള്ളതാണ്. ഇതുപ്രകാരം, ആ ശിലാചിത്രം വരച്ചത് 2100 ബി.സി.ക്കും 4100 ബി.സിക്കും ഇടയ്ക്കാകാം എന്ന് ഗവേഷകര്‍ നിഗമനത്തിലെത്തി. 

യഥാര്‍ഥ പ്രശ്‌നം രണ്ട് ആകാശഗോളങ്ങള്‍ അടുത്തടുത്ത് ചിത്രീകരിച്ചിരുന്നതാണ്. അതേതായാലും രണ്ട് സൂര്യന്‍മാരോ രണ്ട് ചന്ദ്രന്‍മാരോ ആകാന്‍ നിവൃത്തിയില്ല. സൂര്യനും പൂര്‍ണചന്ദ്രനും ചിലപ്പോള്‍ ആകാശത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടാം. പക്ഷേ, ചിത്രത്തിലുള്ളത്ര അടുത്തടുത്ത് രണ്ടും കാണപ്പെടുക അസാധ്യം. അങ്ങനെയെങ്കില്‍ പിന്നെ ഒറ്റ വിശദീകരണത്തിനേ സാധ്യതയുള്ളൂ. ആ സമയത്ത് നമ്മുടെ സൗരയൂഥത്തില്‍ നിന്ന് ഏറെ അകലയല്ലാതെ പ്രത്യക്ഷപ്പെട്ട സൂപ്പര്‍നോവയാണ് ചിത്രത്തിലുള്ള ഒരു വസ്തു. അന്നത് ഭൂമിയില്‍ നിന്ന് വളരെ തിളക്കത്തോടെ കാണാമായിരുന്നു. 

Mayank Vahia, Tata Institute of Fundamental Research
മേയാന്‍ക് വാഹിയ.
ചിത്രം കടപ്പാട്: Biswarup Ganguly/Wikimedia 

സൂപ്പര്‍നോവ എന്നാല്‍, സൂര്യനെക്കാള്‍ നാല് മുതല്‍ എട്ട് മടങ്ങുവരെ വലിപ്പമുള്ള നക്ഷത്രങ്ങള്‍ക്ക് സംഭവിക്കുന്ന അന്ത്യമാണ്. ഇന്ധനം എരിഞ്ഞു തീരുന്ന ഘട്ടത്തില്‍ നക്ഷത്രങ്ങള്‍ അതിഭീമമായ സൂപ്പര്‍നോവ സ്‌ഫോടനങ്ങള്‍ക്ക് വിധേയമാകും. നക്ഷത്രത്തിന്റെ ബാഹ്യഅടരുകള്‍ ബ്രഹ്മാണ്ഡശക്തിയുള്ള ആ വിസ്‌ഫോടനത്തില്‍ പുറത്തേക്ക് ചിതറിത്തെറിക്കും. അകക്കാമ്പ് ഭീമമായ ഗുരുത്വബലത്താല്‍ നൊടിയിടയില്‍ ഉള്ളിലേക്ക് തകര്‍ന്നടിഞ്ഞ് ഞരുങ്ങിയമര്‍ന്ന് ന്യൂട്രോണ്‍ താരമാവും. 

ഇന്നാണെങ്കില്‍, ആകാശത്ത് കണ്ട ഈ അത്ഭുതത്തിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിലിട്ട് ലൈക്കും ഷെയറും ഉണ്ടാക്കാമായിരുന്നു. എന്നാല്‍, അക്കാലത്ത് അതിന് സാധ്യതിയില്ലല്ലോ. അന്ന് ഏതോ പ്രാചീന കലാകാരന്‍ കണ്ട ആകാശവിസ്മയം ശിലാചിത്രമായി മാറ്റി!

ശിലാചിത്രത്തിലെ ഒരു ആകാശഗോളം സൂപ്പര്‍നോവ ആണെന്ന നിഗമനം ശരിയാകണമെങ്കില്‍, ശിലാചിത്രം വരച്ച സമയത്ത് ( 2100 ബി.സി.ക്കും 4100 ബി.സിക്കും ഇടയ്ക്ക്) ഒരു സൂപ്പര്‍നോവ സ്‌ഫോടനം സംഭവിച്ചിരിക്കണം. അതറിയാനായി ഗവേഷകരുടെ അടുത്ത ശ്രമം. സൂപ്പര്‍നോവ സ്‌ഫോടനവേളയില്‍ വലിയ അളവില്‍ ഊര്‍ജം പുറത്തുവരും. അതിലൊരു പങ്ക് ദൃശ്യപ്രകാശമാകയാല്‍ അതിനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകും. ദൃശ്യപ്രകാശത്തിന്റ് അളവ് കുറയുന്നതോടെ, നമ്മുടെ കണ്ണില്‍നിന്ന് സൂപ്പര്‍നോവ മറയും. എങ്കിലും സൂപ്പര്‍നോവയില്‍ നിന്ന് അദൃശ്യമായ ഊര്‍ജകിരണങ്ങള്‍ (എക്‌സ് കിരണങ്ങള്‍) പുറത്തു വരുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് തുടരും. നാസയുടെ 'ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി' പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇത്തരം സൂപ്പര്‍നോവ അവശിഷ്ടം നിരീക്ഷിക്കാനും അവ എന്നാണ് ആകാശത്ത് ജ്വലിച്ചു നിന്നത് എന്നും കണക്കുകൂട്ടാനുമാകും. 

വാഹിയയും സംഘവും ഈ റൂട്ടാണ് പിടിച്ചത്. ഒടുവില്‍ അവര്‍ 'എച്ച്ബി9' (HB9) എന്ന സൂപ്പര്‍നോവയിലെത്തി. അതിന്റെ വിസ്‌ഫോടനം 3600 ബി.സി.യില്‍ (ഏതാണ്ട് 5000 വര്‍ഷം മുമ്പ്) ഭൂമിയില്‍ ദൃശ്യമായിരുന്നു. തിളക്കമുള്ള ഗോളമായി അത് ആകാശത്ത് കാണാമായിരുന്നു. ഭൂമിയില്‍ നിന്ന് വെറും 2,600 പ്രകാശവര്‍ഷമകലെ ആയിരുന്നു അതിന്റെ സ്ഥാനം (ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം).  

Supernova
വലിയ നക്ഷത്രങ്ങള്‍ക്ക് ഇന്ധനം തീരുമ്പോള്‍ സംഭവിക്കുന്ന വിസ്‌ഫോടനത്തിന്റെ ഫലമാണ് സൂപ്പര്‍നോവ. ചിത്രം കടപ്പാട്: NASA 

 

വാഹിയയും സംഘവും ഇതുകൊണ്ട് നിര്‍ത്തിയില്ല. രണ്ട് ആകാശഗോളങ്ങളുടെ സാന്നിധ്യത്തില്‍ വേട്ടയാടുന്ന പ്രാചീന മനുഷ്യരുടേതെന്ന് കരുതിയ ചിത്രങ്ങളും അവര്‍ വിശകലനത്തിന് വിധേയമാക്കി. ചിത്രത്തിലെ മനുഷ്യരും മൃഗങ്ങളും ആകാശത്ത് കാണപ്പെടുന്ന വ്യത്യസ്ത നക്ഷത്രഗണങ്ങളുടെ ചിത്രീകരണമാകാമെന്ന നിഗമനത്തിലാണ് അവരെത്തിയത്. അതിലെ വേട്ടക്കാരന്‍ പ്രതിനിധീകരിക്കുന്നത് ഒറായന്‍ (Orian) നക്ഷത്രഗണത്തെയാണ്. അതേസമയം, കുന്തവുമേന്തി നില്‍ക്കുന്ന രൂപം മീനം രാശിയുടെ (Pisces) ഭാഗമാണെന്ന് ഗവേഷകര്‍ പറയുന്നു. ആക്രമിക്കപ്പെടുന്ന മാന്‍ ഇടവം രാശിയും (Taurus), വലതുവശത്ത് കാണുന്ന നായ ആന്‍ഡ്രോമിഡയും ആകാം.

'ഇത് ഒരു വേട്ടയുടെ ചിത്രീകരണമല്ല എന്ന് ഞങ്ങള്‍ പ്രസ്താവിക്കുന്നു. ഒരു ആകാശ മാപ്പ് (sky-map) ആണ്. ആകാശത്തെ പ്രധാന നക്ഷത്രഗണങ്ങളുടെ സ്ഥാനവും ചന്ദ്രനും സൂപ്പര്‍നോവയും ഉള്‍പ്പെട്ടത്' - വാഹിയ പറയുന്നു. 

കശ്മീര്‍ മേഖലയില്‍ നിന്ന് ഇത്തരം കൂടുതല്‍ ശിലാചിത്രങ്ങള്‍ അന്വേഷിക്കുകയാണ് വാഹിയ. പ്രാചീന മനുഷ്യര്‍ ഒരു ആകാശ മാപ്പ് വരച്ചിട്ടുണ്ടെങ്കില്‍, വേറെയും ആകാശ ചിത്രീകരണം അവര്‍ നടത്തിയിട്ടുണ്ടാകും. തങ്ങളുടെ കണ്ടെത്തല്‍ സാധൂകരിക്കാന്‍ കൂടുതല്‍ ശിലാചിത്രങ്ങള്‍ അവിടെ നിന്ന് കണ്ടെത്താമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു. 

അവലംബം -

1. Oldest sky-chart with Supernova record. Indian Journal of History of Science
2. First human record of supernova discovered in India? 5,000-year-old rock art may be oldest star chart, by Ankita Mehta. International Business Times
3. Black Holes & Time Warps (1994), by Kip S. Thorne. W.W.Norton, New York. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്