സോഷ്യല്‍ മീഡിയ വഴി വ്യാജശാസ്ത്രം പ്രചരിപ്പിച്ച് ചുളുവില്‍ പ്രശസ്തി നേടാനും ധനം സമ്പാദിക്കാനും ശ്രമിക്കുന്ന സ്ഥാപിത താത്പര്യക്കാരെ 'സംശയവ്യാപാരികള്‍' എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. യഥാര്‍ഥ ശാസ്ത്രവസ്തുതകള്‍ കൊണ്ടുവേണം ഇത്തരക്കാര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍

Flat Earth
പരന്ന ഭൂമി - ഭൂമിയുടെ ആകൃതി ഇതാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്

 

ഫെയ്‌സ്ബുക്കിലെ മലയാളികളെ സംബന്ധിച്ച് ഏറെ ആകാംക്ഷയും കൗതുകവും സൃഷ്ടിച്ച ഒരു പോസ്റ്റ് കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെടുകയുണ്ടായി. ഭൂമിയെക്കുറിച്ചുള്ള ഒരു 'ആധികാരിക' പഠനമായിരുന്നു അത്. ഭൂമി ഉരുണ്ടിരിക്കുന്നു എന്നു പറയുന്നത് ശുദ്ധമണ്ടത്തരമാണെന്ന് പഠനത്തില്‍ പ്രഖ്യാപിച്ചു. ദോശക്കല്ലിലെ ഓംലെറ്റിന്റെ ആകൃതിയാണ് ഭൂമിക്ക്. ഭൂമിയുടെ വക്കത്തെത്തുന്നവര്‍ താഴേക്ക് വീഴാത്തതിന് കാരണം അവിടെയുള്ള മഞ്ഞുമതിലാണ്. ശാസ്ത്രകാരന്‍മാര്‍ ഇത്രകാലവും നമ്മളെ വിഡ്ഢികളാക്കുകയായിരുന്നു-പോസ്റ്റുടമ വിലപിച്ചു!

'ഫ്‌ളാറ്റ് എര്‍ത്ത് സൊസൈറ്റി' പോലുള്ള സംഘടനകള്‍ പാശ്ചാത്യനാടുകളില്‍ പ്രചാരത്തിലുള്ള കാര്യം നമുക്കറിയാം. എന്നാല്‍, കേരളത്തിലൊരാള്‍ ഒരു സോഷ്യല്‍ മീഡിയ ഫോറത്തില്‍ ഇത്ര 'ആധികാരികമായി' പരന്ന ഭൂമിയെക്കുറിച്ചെഴുതിയത് പലരെയും അമ്പരപ്പിച്ചു. കുറെ ട്രോളുകള്‍ക്കും തമാശകള്‍ക്കും ഇടനല്‍കിയതല്ലാതെ അധികമാരും അത് ഗൗരവമായി എടുത്തില്ല.

ഇത്തരം ഉഡായിപ്പ് ശാസ്ത്രപോസ്റ്റുകളെ ആളുകള്‍ തമാശയായി തള്ളാറാണ് പതിവെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് തോന്നാം. എന്നാല്‍ വാസ്തവം അതല്ല. വ്യാജശാസ്ത്രപോസ്റ്റുകള്‍ ഒട്ടേറെപ്പേരെ വഴിതെറ്റിക്കാറുണ്ടെന്നതാണ് സത്യം, പ്രത്യേകിച്ചും ആരോഗ്യ-വൈദ്യശാസ്ത്രരംഗവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍. 

പതിറ്റാണ്ടുകളായി പലതരം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും, ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെത്തുകയും ചെയ്ത ഒരു പോസ്റ്റ് കാണുക: 'ഡൈഹൈഡ്രജന്‍ മോണോക്‌സൈഡ് എന്ന രാസവസ്തുവിനെപറ്റി കേട്ടിട്ടുണ്ടോ? ഇത് ശ്വാസകോശത്തില്‍ എത്തിയാല്‍ മരണം വരെ സംഭവിക്കാം. ഇതിന്റെ ഖര രൂപവുമായി ശരീരം ദീര്‍ഘനേരം സമ്പര്‍ക്കത്തിലിരുന്നാല്‍ ആ ഭാഗത്ത് കേടുപാടുകള്‍ ഉണ്ടാവാം. വാതകരൂപത്തില്‍ ആണെങ്കില്‍ ശരീരത്തില്‍ പൊള്ളല്‍ ഉണ്ടാക്കാം. ആസിഡ് മഴ എന്ന പ്രതിഭാസത്തിന്റെ ഒരു പ്രധാന ഘടകമാണിത്. എന്തിന് ഇരുമ്പിനെ ദ്രവിപ്പിക്കാന്‍ പോലും ഈ രാസവസ്തുവിന് ശേഷിയുണ്ട്. ശരീരത്തില്‍ നിന്ന് മുറിച്ചുമാറ്റുന്ന കാന്‍സര്‍ മുഴകളില്‍ വരെ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്'. 

യഥാര്‍ഥത്തില്‍ ഇത് എന്താണെന്നറിയുമോ? H2O, പച്ചവെള്ളം! ഇതാലോചിക്കാതെ ഇത്ര വിനാശകാരിയായ രാസവസ്തു നിരോധിക്കണമെന്ന് ലോകത്തിന്റെ പലഭാഗത്ത് ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിന് പിന്തുണ കൊടുത്ത രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഉണ്ട്! 

Info Clinic
ഇന്‍ഫോ ക്ലിനിക് പ്രവര്‍ത്തകര്‍ ഒരു ആലോചനായോഗത്തിനിടെ. ചിത്രം കടപ്പാട്: ഡോ.ജിനേഷ് പി എസ്.

 

ശാസ്ത്രവസ്തുതകളെ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണിത്. സാധാരണക്കാര്‍ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്ന പലരും ഇതില്‍ വീഴുമെന്ന് ഇത് പടച്ചിറക്കുന്നവര്‍ക്കറിയാം. ഇത്തരം അര്‍ധശാസ്ത്ര പോസ്റ്റുകള്‍ പ്രചരിപ്പിച്ച് ചുളുവില്‍ പ്രശസ്തി നേടാനും ധനസമ്പാദനത്തിനും സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ ശ്രമിക്കുന്നു. ഇത്തരക്കാരില്‍ മിക്കവരും ഉന്നംവെയ്ക്കുന്നത് ആരോഗ്യ-ചികിത്സാരംഗത്തെയാണ്. 

ഇതെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോ.ദീപു സദാശിവന്‍ എഴുതുന്നു: 'വാക്‌സിന്‍ വിരുദ്ധത, കീമോഫോബിയ, അശാസ്ത്രീയത എന്നിങ്ങനെ പലതും ജനങ്ങളില്‍ ഭീതി ചെലുത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയും, ഇതിലൂടെ തങ്ങള്‍ക്കു കിട്ടുന്ന ജനശ്രദ്ധയും വിശ്വാസ്യതയും ഒക്കെ മറ്റു താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. 'സംശയവ്യാപാരികള്‍' ആണിവര്‍. ശരിയെന്നു പലര്‍ക്കും തോന്നുന്ന തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആണ് സ്ഥിരമായി സമൂഹത്തില്‍ വാരിവിതറുന്നത്. കുളംകലക്കി മീന്‍ പിടിക്കുന്ന രീതി!'

പൊതുജനങ്ങളില്‍ സംശയവും തെറ്റിദ്ധാരണയുമുണ്ടാക്കുന്ന അബദ്ധശാസ്ത്ര പോസ്റ്റുകളെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ഇതിന് ശ്രമിച്ചാലും ഉദ്ദേശിച്ച ഫലം കിട്ടിക്കൊള്ളണം എന്നില്ല. 'സത്യം ചെരുപ്പ് ഇടുമ്പോഴേക്കും കള്ളം മൂന്നു തവണ ലോകം വലംവെച്ച് കഴിഞ്ഞിരിക്കും' എന്ന ചൊല്ല് അന്വര്‍ഥമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാജശാസ്ത്രപോസ്റ്റുകള്‍ ആയിരക്കണക്കിന് ഷെയറും ലൈക്കുമൊക്കെ കടന്നിട്ടുണ്ടാകും, വിദഗ്ധന്റെ വിശദീകരണം ആരെങ്കിലും വായിച്ചാലായി അത്രമാത്രം!

ഇത്തരം കുപ്രചരണങ്ങള്‍ക്കുള്ള മറുമരുന്ന്, സോഷ്യല്‍ മീഡിയ വഴി തന്നെ യഥാര്‍ഥ ശാസ്ത്രവസ്തുതകള്‍ പ്രചരിപ്പിക്കുക എന്നതാണ്. സമീപകാലം വരെ അങ്ങനെയൊരു നീക്കം ഫെയ്‌സ്ബുക്ക് പോലുള്ള ഫോറങ്ങളില്‍ കാര്യമയി നടന്നിരുന്നില്ല. പരിചയക്കാരായ ഡോക്ടര്‍മാര്‍ പലരോടും ഞാന്‍ ഇക്കാര്യം തിരക്കിയിട്ടുണ്ട്. 'തിരക്കാണ്, ഫെയ്‌സ്ബുക്കില്‍ എഴുതാനൊന്നും സമയമില്ല' എന്നാണ് മറുപടി.

ഇപ്പോള്‍ പക്ഷേ, സ്ഥിതിയില്‍ ഗുണപരമായ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. മലയാളികളായ ഡോക്ടര്‍മാരുടെ പുതിയ തലമുറ സോഷ്യല്‍ മീഡിയയില്‍ ഗൗരവത്തോടെ ഇടപെടാന്‍ ആരംഭിച്ചിരിക്കുന്നു. ശാസ്ത്ര ഉഡായിപ്പുകളെ ആധികാരിക ശാസ്ത്രവിവരങ്ങള്‍ കൊണ്ട് ചെറുക്കാനും പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനും അവര്‍ സോഷ്യല്‍ മീഡിയയുടെ തന്നെ സാധ്യത തേടുന്നു. 

ഇക്കാര്യത്തില്‍ ഏറ്റവും മികച്ച ഉദാഹരണമാണ് ഫെയ്‌സ്ബുക്കില്‍ അടുത്തയിടെ രൂപപ്പെട്ട 'Info Clinic' എന്ന ഗ്രൂപ്പ്. സാമൂഹ്യപ്രതിബദ്ധതയുള്ള 25 മലയാളി ഡോക്ടര്‍മാര്‍ ചേര്‍ന്ന് രൂപംനല്‍കിയിട്ടുള്ള ആ ഗ്രൂപ്പിന്റെ പേജ് ഇതിനകം ഇരുപതിനായിരത്തോളം പേര്‍ ലൈക്ക് ചെയ്തുകഴിഞ്ഞു. നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന് ഇരയാണോ?, പോളിയോ വാക്‌സിന്‍ കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതെന്തുകൊണ്ട്, കുഞ്ഞുങ്ങളെ മുകളിലേക്ക് 'എറിഞ്ഞു' കളിക്കുന്നത് ചിലപ്പോള്‍ അതെത്ര മാരകമാകാം, റുബെല്ല വാക്‌സിനെക്കുറിച്ച് പ്രചരിക്കുന്ന കപടവിവരങ്ങളുടെ സത്യാവസ്ഥ, പേവിഷബാധ പ്രതിരോധം എങ്ങനെ- എന്നിങ്ങനെ കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ആധികാരിക വിരങ്ങളാണ് ലളിതമായ ഭാഷയില്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനകം അമ്പതിലേറെ പോസ്റ്റുകള്‍ ഇന്‍ഫോ ക്ലിനിക്കില്‍ വന്നുകഴിഞ്ഞു. 

ശാസ്ത്രബോധത്തിന് തേയ്മാനം സംഭവിക്കുന്ന ഒരു സമൂഹത്തില്‍ ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിജ്ഞാബദ്ധരായ ഇത്തരം ചെറുപ്പക്കാരുടെ കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകണം. അത് ഭാവിക്കുള്ള മുതല്‍ക്കൂട്ടാണ്  (വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ജിനേഷ് പി എസ്, ഇന്‍ഫോ ക്ലിനിക് ).

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌