കൊല്ലങ്ങൾക്കുമുമ്പ് സമർപ്പിച്ച പദ്ധതിരേഖ പൊടിതട്ടിയെടുത്തു വീണ്ടും ഒരാകാശപാത നിർമിക്കണമെന്ന ആർക്കിടെക്ട്‌ എൻ.എ. സലീമിന്റെ ‘കുരുക്കഴിക്കാം പറക്കാം’ എന്ന ലേഖനം വായിച്ചു.   അങ്ങനെ വേണമോ വേണ്ടയോ എന്ന് ഈ വരുന്ന ഫെബ്രുവരി 28 കൂടി കഴിഞ്ഞിട്ട് ബന്ധപ്പെട്ടവർ തീരുമാനിക്കട്ടെ.  ആധുനിക ലോകഗതാഗതത്തിന്റെ ഒരു പരീക്ഷണമത്സര പ്രദർശനം അന്ന് ഡൽഹിയിൽ നടക്കും. വാഷിങ്‌ടണിലും ലണ്ടനിലും അത്തരം ഒരുമത്സരപ്രദർശനം ഡൽഹിയിലേതു കഴിഞ്ഞേ നടക്കൂ. ഹൈപ്പർ ലൂപ്പ് വൺ എന്ന കമ്പനിയാണ് ഈ മത്സരപ്രദർശനം സംഘടിപ്പിക്കുന്നത്.  കേവലം അരമണിക്കൂർകൊണ്ട്‌ കാസർകോട്ടു നിന്ന്‌ തിരുവനന്തപുരത്തെത്താൻ കഴിയുന്നതാണ് ഹൈപ്പർ ലൂപ്പ് ട്രാൻസ്പോർട്ടേഷൻ പദ്ധതി.  

ടെസ്‌ല, സ്പേസ് എക്സ്  തുടങ്ങിയ കമ്പനികളുടെ ഉടമയായ എലോൺ മസ്കിന്റെ തലയിൽ ഉദിച്ച ആശയമാണ് ഹൈപ്പർ ലൂപ്പ്. രണ്ടോ മൂന്നോ ഇന്ത്യക്കാരടക്കം കുറേ  സ്വപ്നജീവികളുടെ കേവലം അഞ്ചുവർഷത്തെ അധ്വാനത്തിന്റെയും ചിന്തകളുടെ രാകിമിനുക്കലുകളുടെയും ചരിത്രമേ ഹൈപ്പർലൂപ്പിനുള്ളൂ. പക്ഷേ, കേന്ദ്രസർക്കാരും ഇന്ത്യൻ റെയിൽവേയും പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.  രാജ്യത്തെവിടെയെങ്കിലും പദ്ധതി ആരംഭിക്കാൻ സർക്കാർ നീതി ആയോഗിനോടു ആവശ്യപ്പെട്ടുകഴിഞ്ഞു. റോഡ്,  ട്രെയിൻ, കപ്പൽ, വിമാനം എന്നിവയ്ക്കൊടുവിൽ ഗതാഗതത്തിന്റെ അഞ്ചാംതലമുറ എന്നാണു എലോൺ മസ്ക് ഹൈപ്പർ ലൂപ്പിനെ വിശേഷിപ്പിക്കുന്നത്. കേവലം രണ്ടോ മൂന്നോ വർഷങ്ങൾക്കകം ലോകത്താദ്യമായി നടപ്പാക്കാൻ  പോകുന്ന ഒരു സാങ്കേതികവിദ്യ നമ്മൾ സ്വീകരിക്കണോ  അതോ പഴയ ആശയങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കണോ എന്ന് നമ്മൾ ചിന്തിക്കണം.

ഹൈപ്പർ ലൂപ്പ് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത്, അത് ഇന്നത്തെ െറയിൽപ്പാളത്തിനു മുകളിലോ അതോ ദേശീയപാതയുടെ മുകളിലോ,  ഏതുവേണം എന്നൊക്കെ തീരുമാനിക്കണം.  അവിടെ കമ്പാർട്ട്‌മെന്റുകൾ അഥവാ പോഡുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വലിയ ട്യൂബുകൾ നിർമിക്കണം. വായുകടക്കാത്ത ഇത്തരം ട്യൂബിലൂടെയാണ് പോഡുകളുടെ സഞ്ചാരം.  കാന്തികശക്തികൊണ്ട്‌ പോഡുകളെ ഉയർത്തുന്നതും,  വായുരഹിത ട്യൂബുകളിൽ ഘർഷണം (Friction ) ഇല്ലാതാകുന്നതും ആണ് വേഗത്തിന്റെ അടിസ്ഥാനഘടകം. (Hyper loop  uses a  linear eletcric motor to accelarate and decelarate an eletcromagnetically levitated pod through a low pressure tube. The vehicle will glide silently for miles at speeds of upto 1000 km/hr with no turbulance) മറ്റെല്ലാ യാത്രാമാർഗങ്ങളും പരമ്പരാഗത ഇന്ധനം ഉപയോഗിക്കുമ്പോൾ ഹൈപ്പർ ലൂപ്പ് പ്രധാനമായും സോളാർ വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്.  

ഓപ്പൺ സോഴ്‌സ് മാതൃകയിലാണ്  സാങ്കേതികവിദ്യയുടെ വികസനം എലോൺ മസ്ക്  സാധ്യമാക്കുന്നത്.  ആർക്കും പകർത്തിയെടുത്തു നടപ്പാക്കാൻ സ്വാതന്ത്ര്യമുള്ള ഈ പദ്ധതിയുടെ വക്താക്കളായി ഹൈപ്പർ ലൂപ്പ് വൺ, ഹൈപ്പർ ലൂപ്പ്  ട്രാൻസ്പോർട്ടേഷൻ ടെക്‌നോളജീസ്,  കാനഡയിലെ ട്രാൻസ്‌ പോഡ് തുടങ്ങിയ കമ്പനികൾ രംഗത്തുണ്ട്. 12 മിനിറ്റുകൊണ്ടു (നിലവിൽ രണ്ട് മണിക്കൂർ) ദുബായ് അബുദാബി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ നടപ്പാക്കാൻ ദുബായ് റോഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റിയും (RTA) ഹൈപ്പർ ലൂപ്പ് വൺ എന്ന കമ്പനിയുമായി ധാരണയായി.  ഇന്ത്യൻ സർക്കാരുമായി കൂടുതൽ മുന്നോട്ടുപോയിരിക്കുന്നത് ഹൈപ്പർ ലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്‌നോളജീസ് ആണ്.  ഇവർ നടത്തിയ  രണ്ടാംഘട്ട അന്തർദേശീയ മത്സരത്തിൽ 17 രാജ്യങ്ങളിലെ 35 റൂട്ടുകൾ പദ്ധതി നടപ്പാക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ 11 എണ്ണം അമേരിക്കയിലും അഞ്ചെണ്ണം ഇന്ത്യയിലും നാലെണ്ണം യു.കെ.യിലുമാണ്. ഇതിൽ ഇരുപതോളം നിർദേശങ്ങൾക്ക് അതത് രാജ്യങ്ങളിലെ സംസ്ഥാന ഫെഡറൽ സർക്കാരുകളുടെ പിന്തുണയുമുണ്ട്.  സിഡ്‌നി-മെൽബൺ,  ഷാങ്ഹായ്-ഗാങ്ഷു,  ലണ്ടൻ-എഡിൻബർഗ്,  മിയാമി-ഒർലാൻഡോ നഗരങ്ങളുടെ പട്ടികയിൽ ബാംഗ്ലൂർ-തിരുവനന്തപുരം റൂട്ടും പരിഗണിക്കപ്പെടുമ്പോൾ നാട്ടുകാരായ നമ്മൾ അതിനെ അവഗണിക്കുന്നതു ശരിയാണോ? ആധുനികയുഗത്തിൽ ലോകത്തോടൊപ്പം സഞ്ചരിക്കാൻ നമ്മുടെ നാട്ടുകാർക്കും ഈ തലമുറയ്ക്കും ലഭിക്കുന്ന അവസരത്തെ ഉപയോഗപ്പെടുത്താൻ കേരളസർക്കാർ മുൻകൈയെടുക്കേണ്ടതാണ്. 

പരമാവധി 300 കിലോമീറ്റർ വേഗത്തിലോടാവുന്ന അതിവേഗ(!) െറയിൽപ്പാതയ്ക്കുവേണ്ടി 1.18 ലക്ഷം കോടി രൂപ ചെലവഴിക്കേണ്ടതുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം. ഹൈപ്പർലൂപ്പിന്റെ നിർമാണച്ചെലവിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല.  560 കിലോമീറ്റർ ദൂരമുള്ള ലോസ് ഏഞ്ചൽസ്  സാൻ ഫ്രാൻസിസ്കോ പദ്ധതി ചെലവ് 50,000 കോടി രൂപ വരുമെന്ന വിവരമുള്ളപ്പോൾ നമ്മുടെ കേന്ദ്ര സർക്കാർ കിലോമീറ്ററിന് 270 കോടി രൂപ എന്ന നിരക്കിലാണ് കണക്കുകൾ കൂട്ടുന്നത്. ചരക്കും  യാത്രക്കാരെയും ഒരുമിച്ചുകൊണ്ടുപോകാവുന്ന ഹൈപ്പർലൂപ്പിന്‌ യാത്രക്കാർക്ക് മാത്രമുള്ളവയെക്കാൾ ചെലവ് കുറഞ്ഞിരിക്കും എന്ന പ്രത്യേകതയുണ്ട്.  ഇത് സംബന്ധിച്ച് കാര്യങ്ങൾക്കു കൂടുതൽ വ്യക്തതവരാൻ മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിക്കുന്നതിലൂടെ കഴിഞ്ഞേക്കും.  

ചരക്കുനീക്കത്തിന് ഹൈപ്പർ ലൂപ്പ് സ്വീകാര്യമാണെന്നു കരുതുന്ന റെയിൽവേയുമായി കേരളം അടിയന്തരമായി ചർച്ചകൾ ആരംഭിക്കണം. അഴീക്കൽ, വല്ലാർപാടം,  വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ഹൈപ്പർ ലൂപ്പിനുവേണ്ടി പരിഗണിക്കുന്ന ബാംഗ്ലൂർ-തിരുവനന്തപുരം പാതയിൽ കൂട്ടിച്ചേർക്കണം.  

മൂലധനനിക്ഷേപം ഒരുപക്ഷേ, ഈ പദ്ധതിക്ക് കൂടുതലായിരിക്കും. എന്നാൽ, സൗജന്യ ഇന്ധനത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ആവർത്തനച്ചെലവുകൾ കുറഞ്ഞിരിക്കും എന്നതിനുപുറമേ കാർബൺ ക്രെഡിറ്റ് ഇനത്തിൽ നേട്ടം കൈവരിക്കാനും കഴിയും.  അതിനെക്കാളൊക്കെയുള്ള നേട്ടം,  ലോക ശാസ്ത്രത്തോടൊപ്പമാണ് നമ്മുടെനാടുമെന്ന ചിന്ത പുതിയതലമുറയെ ആവേശഭരിതരാക്കും  അത് പുതിയവിതാനങ്ങളിലേക്ക്‌ അവരെയും നാടിനെയും എടുത്തുയർത്തും.