തൃശ്ശൂര്‍: ആക്രമണങ്ങളും മൊബൈല്‍ വഴിയുള്ള ശല്യപ്പെടുത്തലും കുട്ടികളെ തട്ടിക്കൊണ്ടുപോകലും തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ബി.ജെ.പി. രംഗത്ത്.

 െഎ.എന്‍.എ. എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇത് പുറത്തിറക്കിയത്. 'സേഫ് യു' എന്നാണ് ആപ്ലിക്കേഷന്റെ പേര്. അപകടകരമായ സാഹചര്യം വന്നാല്‍ മൊബൈല്‍ ഫോണിന്റെ കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി. അഞ്ചു കിലോമീറ്ററിനുള്ളില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണുകളിലേക്കും വിവരം തത്സമയം എത്തും. 

കുട്ടികളെ കാണാതായാല്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ ആപ്പ് ഉള്ള എല്ലാ ഫോണിലും വിവരം അറിയിക്കാന്‍ കഴിയും. ഫോണില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ വിളിച്ച വ്യക്തിയുടെ നമ്പര്‍ ആരുടെയെല്ലാം ഫോണ്‍ ബുക്കില്‍ ഉണ്ടോ അവര്‍ക്കെല്ലാം ആ വ്യക്തി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ബി.ജെ.പി. പ്രവര്‍ത്തകര്‍ വീടുകളിലെത്തി ഈ സൗജന്യ ആപ്ലിക്കേഷന്‍ എല്ലാ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും കൈമാറും. 

പദ്ധതിയുടെ ഉദ്ഘാടനം ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നു. ആപ്ലിക്കേഷന്‍ ലോഗോ പ്രകാശനം ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നിര്‍വഹിച്ചു. സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, സുരേഷ്, ഉണ്ണികൃഷ്ണന്‍, പി.എസ്. ശ്രീരാമന്‍, ഷാജുമോന്‍ വട്ടേക്കാട്, കെ.പി. ജോര്‍ജ്ജ്, അനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.